സി. ഗ്രേസ് മേരി ചെറിയാന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഒരുക്ക ധ്യാനം അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും ബഹു. ഫാ. സോജി ഓലിക്കലിന്റെയും ബ്രദര്‍ റെജി കൊട്ടാരത്തിന്റെയും നേതൃത്വത്തില്‍ ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു. ഒക്ടോബര്‍ 28ന് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ അഭിഷേകാഗ്‌നി 2017 കണ്‍വന്‍ഷനിലേക്ക് വിശ്വാസികളെ ആത്മീയമായി ഒരുക്കുന്നതിനുള്ള ഏകദിന ഒരുക്ക ധ്യാനം ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് ജൂണ്‍ ആറാം തീയതി നടത്തപ്പെട്ടു. രാവിലെ 9.30 ന് ജപമാലയോടെ ആരംഭിച്ച ഈ ധ്യാനത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് CST എല്ലാവരെയും സ്വാഗതം ചെയ്തു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാന മധ്യേയുള്ള തന്റെ സന്ദേശത്തില്‍ ദൈവം എല്ലാവരുടെയുമുള്ളില്‍ പരിശുദ്ധാത്മാഭിഷേകത്തിനുള്ള വിത്ത് വിതച്ചിട്ടുണ്ടെന്നും അതിനെ പ്രാര്‍ത്ഥിച്ചു വളര്‍ത്തി നൂറുമേനി വിളവാക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും ഓര്‍മ്മപ്പെടുത്തി. ഇന്ന് നമുക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം നിത്യ ജീവനാണ്. പരിശുദ്ധാത്മാവിന്റെ നിറവില്‍ ഈശോയെ പോലെ ജീവിക്കുമ്പോള്‍ നമ്മളും ദൈവരാജ്യത്തിന്റെ ഭാഗമാകുമെന്നും പിതാവ് എല്ലാവരെയും ഓര്‍മ്മപ്പെടുത്തി.
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടറും സെഹിയോന്‍ യുകെയുടെ ഡയറക്ടറുമായ റവ. ഫാ. സോജി ഓലിക്കല്‍ തന്റെ വചനസന്ദേശത്തില്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയുടെ ശക്തിയെ കുറിച്ച് തെന്റെ ജീവിതാനുഭവങ്ങളിലൂടെയും വചനത്തിലൂടെയും വിവരിച്ചു കൊണ്ട് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ രൂപതയുടെ പ്രത്യേക നിയോഗങ്ങള്‍ക്കു വേണ്ടി മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ നടത്തണമെന്ന് എല്ലാവരോടും ആഹ്വാനം ചെയ്തു. പ്രശസ്ത വചന പ്രഘോഷകനായ ബ്രദര്‍ റെജി കൊട്ടാരം നമ്മുടെ ജീവിത്തത്തില്‍ വിശുദ്ധി കൂടാതെ രക്ഷയില്ലെന്നും അത് മല്‍പിടുത്തത്തില്‍ കൂടിയാണ് ലഭിക്കുന്നതെന്നും യാക്കോബ് ദൈവത്തോട് മല്ലിട്ടു വിജയിച്ചത് പോലെ എല്ലാവരും വിശുദ്ധ ജീവിതത്തിനു വേണ്ടി പാപത്തോടു മല്ലിട്ടു ജയിക്കണമെന്നും ഉത്‌ബോധിപ്പിച്ചു.
സുപ്രസിദ്ധ സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനെല്ലൂര്‍ നേതൃത്വം നല്‍കിയ ഗാന ശുശ്രൂഷ തിരുക്കര്‍മ്മങ്ങള്‍ക്ക് മാറ്റ് കൂട്ടി. ദിവ്യകാരുണ്യആരാധനക്കു ശേഷം അഭിവന്ദ്യ പിതാവ് ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ വരുന്ന എല്ലാ കുര്‍ബാന സെന്ററുകളില്‍ നിന്നും വോളന്റിയേഴ്‌സിനെ തിരഞ്ഞെടുത്തു ഒക്ടോബറിലെ അഭിഷേകാഗ്‌നി കണ്‍വന്‍ഷനു വേണ്ടിയുള്ള സംഘാടകരുടെ ഒരു കമ്മിറ്റിക്കു രൂപം നല്‍കി. ഈ കമ്മിറ്റിയിലെ അംഗങ്ങള്‍ക്ക് വേണ്ടി ജൂലൈ , സെപ്റ്റംബര്‍ മാസത്തില്‍ പ്രത്യേക ട്രെയിനിങ് പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണെന്നും പിതാവ് അറിയിച്ചു.കണ്‍വന്‍ഷന്റെ വിജയത്തിന് വേണ്ടി എല്ലാ കുര്‍ബാന സെന്ററുകളിലും മദ്ധ്യസ്ഥ പ്രാര്‍ത്ഥന തുടങ്ങണമെന്നും എല്ലാ കുടുംബങ്ങളിലും രൂപത ബൈബിള്‍ കണ്‍വന്‍ഷനു വേണ്ടിയുള്ള പ്രത്യേകളെ തയ്യാറാക്കിയ പ്രാര്‍ത്ഥന ചൊല്ലി പ്രാര്‍ത്ഥിക്കണമെന്നും പിതാവ് അഭ്യര്‍ത്ഥിച്ചു.
ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ എല്ലാ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുമെത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും റവ.ഫാ. പോള്‍ വെട്ടിക്കാട്ട് CST, റീജിയണല്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത്, റോയി സെബാസ്റ്റ്യന്‍, ജോസി മാത്യു , ഷിജോ തോമസ് ,ജോണ്‍സന്‍ പഴംപള്ളി എന്നിവര്‍ നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല