ഐക്യ ജനാധിപത്യ മുന്നണി മേയ് 30 തിങ്കളാഴ്ച യോഗം ചേരും. സ്പീക്കര്‍ സ്ഥാനാര്‍ത്ഥി, മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ആവശ്യപ്പെടുന്ന മന്ത്രിസ്ഥാനം എന്നിവയാണ് പ്രധാനമായും ഈ യോഗത്തില്‍ തീരുമാനിയ്ക്കാനിരിയ്ക്കുന്നത്. ഘടക കക്ഷികളുടെ കടും പിടിയ്ക്ക് വഴങ്ങാതിരിയ്ക്കുക എന്നതായിരിയ്ക്കും കോണ്‍ഗ്രസ് സ്വീകരിയ്ക്കുന്ന നിലപാട്.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ഈ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും. ലീഗിന്റേയും മാണി കോണ്‍ഗ്രസിന്റേയും മന്ത്രിസ്ഥാന പ്രശ്നം പരിഹരിയ്ക്കുക മുന്നണിയ്ക്ക് അത്ര എളുപ്പമുള്ള കാര്യമായിരിയ്ക്കില്ല. ഒരു മന്ത്രിസ്ഥാനം കൂടി വേണമെന്ന ആവശ്യത്തില്‍ നിന്ന് മുസ്ലിം ലീഗ് പിന്മാറാന്‍ തയാറല്ലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഇത് പറയാതെ തന്നെ വ്യക്തമായതാണ്. ഇക്കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നില്ലെങ്കില്‍ ലീഗ് തങ്ങളുടെ അഞ്ചാമത്തെ മന്ത്രിയായി മഞ്ഞളാംകുഴി അലിയെ സ്വമേധയാ പ്രഖ്യാപിയ്ക്കില്ലായിരുന്നു. എന്നാല്‍ ഇതിന് വഴങ്ങേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നിലപാട്. നിലപാടുകള്‍ എപ്പോഴ്‍ വേണമെങ്കിലും മാറ്റാവുന്നതാണെന്ന് കൂടി ഓര്‍മ്മിയ്ക്കുക.
സ്പീക്കറുടെ തിരഞ്ഞെടുക്കുന്നത് ജൂണ്‍ രണ്ടിനാണ്. അന്ന് പ്രശ്നങ്ങള്‍ ഉണ്ടാകാതെ നോക്കേണ്ടത് കോണ്‍ഗ്രസിന്റെ ബാധ്യതയാണ്. അതുകൊണ്ട് തിങ്കളാഴ്ചയെ അതിന് കഴിഞ്ഞില്ലെങ്കില്‍ ചൊവ്വാഴ്ചയോ പ്രശ്നം പരിഹരിയ്ക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് രണ്ടാക്കിയത് മുസ്ലിം ലീഗില്‍ വന്‍ പ്രശ്നം ഉണ്ടാക്കിയിരിയ്ക്കുകയാണ്. ഇത് അവരുടെ മന്ത്രിസ്ഥാനത്തിന് വേണ്ടിയുല്ള്ള കടും പിടിത്തത്തിന് അയവ് വരുത്തിയേയ്ക്കും.
ലീഗിന് മന്ത്രിസ്ഥാനം നല്‍കിയാല്‍ തങ്ങള്‍ക്കും വേണം മന്ത്രിസ്ഥാനം എന്നാണ് മാണിയുടെ നിലപാട്. തുടക്കം മുതലേ തന്നെ സ്ഥാനത്തിന് വേണ്ടി മാണി ഇടഞ്ഞാണ് നില്‍ക്കുന്നത്. ഈ ‘ഇടയല്‍’ സ്ഥാനലഭിയ്ക്കാനുള്ള വെറും അടവ് നയം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും ഐക്യമുന്നണി നയിയ്ക്കുന്ന കോണ്‍ഗ്രസിനും നന്നായി അറിയാം.
സ്പീക്കറായി തന്നെ നിയോഗിയ്ക്കണമെന്ന വാദവുമായി പി സി ജോര്‍ജ്ജ് രംഗത്ത് എത്തിയിട്ടുണ്ട്. ഇത് ജോര്‍ജ്ജിന്റെ നേതാവ് മാണിയ്ക്കും കോണ്‍ഗ്രസിനും തലവേദനയാവും. ജോര്‍ജ്ജിനെ തൃപ്തനാക്കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ഇത് മാണിയ്ക്ക് തലവേദനയാവുമെന്ന കാര്യം പറയേണ്ടതില്ല. ഇതിനിടെ മന്ത്രി പി ജെ ജോസഫിനേതിരെ പുതിയ പരാതി വന്നിട്ടുണ്ട്. ഫോണില്‍ വിളിച്ച് തന്നോട് അശ്ലീലം പറയാന്‍ ജോസഫ് ശ്രമിച്ചെന്ന് ഒരു വനിതയാണ് പരാതി നല്‍കിയിരിയ്ക്കുന്നത്. ഇതിന് പിന്നില്‍ ജോര്‍ജ്ജാണെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ ജോസഫിനെതിരെ കേസ് കുത്തിപ്പൊക്കുക തന്റെ പണി അല്ലെന്നാണ് ജോര്‍ജ്ജ് പറയുന്നത്. എന്തായാലും ഈ വിഷയവും ഐക്യമുന്നണി യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നുകൂടായ്കയില്ല. പക്ഷേ ഇത് യോഗത്തില്‍ ആര് ഉന്നയിയ്ക്കുമെന്നതാണ് പ്രശ്നം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല