പിആര്‍ഒ (യുക്മ): കാലയവനികക്കുള്ളില്‍ മറഞ്ഞ പുനത്തില്‍ കുഞ്ഞബ്ദുള്ളയെ അനുസ്മരിച്ചു കൊണ്ട് ‘ജ്വാല’ നവംബര്‍ ലക്കം പുറത്തിറങ്ങി. വാര്‍ദ്ധക്യകാല ജീവിതത്തെ കുറിച്ച് ഒരു പക്ഷെ നമ്മില്‍ ആരും തന്നെ ചിന്തിച്ചുകാണില്ല. ചിലര്‍ക്ക് വാര്‍ദ്ധക്യം സങ്കീര്‍ണ്ണമാണ് ചിലര്‍ക്ക് സന്തോഷവും മറ്റുചിലര്‍ക്ക് തങ്ങള്‍ കൈയ്യടക്കിവെച്ചതെല്ലാം നഷ്ടപ്പെടുമെന്ന ആകുലതയും. ജീവിതം എരിഞ്ഞടങ്ങി ഉപയോഗശൂന്യമായി എന്ന് ചിന്തിക്കാതെ വാര്‍ദ്ധക്യത്തിലും സേവനപരമായ കാര്യങ്ങളില്‍ വ്യാപൃതരായി സന്തോഷകരമാക്കുവാന്‍ ഉത്‌ബോധിപ്പിക്കുയാണ് ശ്രീ റെജി നന്തിക്കാട്ട് ഈ ലക്കത്തിലെ എഡിറ്റോറിയലില്‍. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മരണമാണ് ഈ ചിന്തക്ക് ഉപോല്‍ ബലമായത്.
എഴുത്തിന്റെ വ്യാകരണമല്ല സംസാരത്തിന്റെ വ്യാകരണമാണ് തന്റെ കൃതികളില്‍ എന്ന് വ്യക്തമാക്കിയ വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുതുകളിലെ വ്യാകരണമില്ലായ്മയെപ്പറ്റിയുള്ള തര്‍ക്കത്തില്‍ തന്റെ ഭാഗം വ്യക്തമാക്കുകയാണ് ‘സ്ഥലത്തെ പ്രധാന ദിവ്യന്മാരും മണ്ടന്‍ ബഷീറും’ എന്ന ലേഖനത്തില്‍ പി. സോമനാഥന്‍. ‘ബഷീറിന് വ്യാകരണമറിയില്ല എന്ന് പറയുന്നവര്‍ സ്വന്തം അറിവില്ലായ്!മയെ മലയാളത്തിലെ ഒരു വലിയ സാഹിത്യകാരന്റെമേല്‍ ആരോപിക്കുകയാണ് ‘ എന്ന് മറയില്ലാതെ ലേഖകന്‍ പറയുന്നു.
‘എനിക്ക് ഒന്നറിയാം, ഇവിടെ കഴിയുന്ന നിങ്ങളെക്കാള്‍ ക്രൂരരും അസ്വസ്ഥരുമാണ് പുറത്തു കഴിയുന്ന ഞങ്ങള്‍. സാഹചര്യങ്ങള്‍ നിങ്ങളെ ഇവിടെയെത്തിച്ചു. ഭാഗ്യം കൊണ്ട് ഞങ്ങള്‍ പുറത്തു’. നിലക്കാത്ത കരഘോഷം. പിന്നെ ഞാന്‍ പറഞ്ഞതൊക്കെ സ്‌നേഹത്തിന്റെ വാക്കുകള്‍ ആയിരുന്നു. ജയിലിലെ ആഘോഷദിവസം തടവുകാര്‍ക്ക് മുന്നില്‍ പ്രസംഗിക്കുവാന്‍ പോയ എഴുത്തുകാരി കെ എ ബീന എഴുതിയ അനുഭവക്കുറിപ്പ് ‘മതിലിനുള്ളില്‍’
ഭാഷക്കുള്ളില്‍ പുതുഭാഷ സൃഷ്ടിച്ച ജീവിതത്തോട് സര്‍ഗ്ഗാത്മകമായ കവിതയുടെ വര്‍ത്തമാനത്തില്‍ പുതിയ ജനുസ്സായി വരവറിയിക്കുന്ന ഇ ഇടത്തിലെ ഇ കവിതകളെ പറ്റി വിശദമായി പ്രതിപാദിക്കുന്നു ‘ഇ കവിതയുടെ രുപഘടന’ എന്ന ലേഖനത്തിലൂടെ ഡോ. വി. അബ്ദുല്‍ ലത്തീഫ്.
രണ്ടാം ലോകമഹായുദ്ധകാലത്തു എഴുതപെട്ട, കമ്യുണിസ്‌റ് വ്യവസ്ഥിതിയെ കുറിച്ചുള്ള മുന്നറിയിപ്പെന്ന നിലയില്‍ മുതലാളിത്തരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ സ്‌കൂള്‍ പാഠപുസ്തക രൂപത്തിലും മറ്റും വാന്‍ പ്രചാരം കൊടുത്തിരുന്ന, ‘ആനിമല്‍ ഫാ0’ എന്ന നോവല്‍ അര നൂറ്റാണ്ടിനു ശേഷം വീണ്ടും വായിക്കുമ്പോള്‍ വായനക്കാര്‍ക്ക് അസ്വാസ്ഥതയുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു ‘ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ ആനിമേല്‍ഫാ0 വായിക്കുമ്പോള്‍’ എന്ന ലേഖനത്തിലൂടെ രാജേഷ് ആര്‍ വര്‍മ്മ.
എഴുപതുകളുടെ തുടക്കത്തില്‍ അല്പം മാത്രമെഴുതി അപ്രത്യക്ഷനായ എ രവീന്ദ്രനെപ്പറ്റി വി സി ശ്രീജന്‍ എഴുതിയ ലേഖനം ചരിത്രത്തില്‍ വരാത്ത ഒരാള്‍, ‘സ്മരണകളിലേക്ക് ഒരു മടക്ക യാത്ര’ എന്ന പക്തിയില്‍ ജോര്‍ജ് അറങ്ങാശ്ശേരില്‍ എഴുതിയ ‘സുഗന്ധം പരത്തുന്ന മെഴുകുതിരികള്‍,ഉമാ രാജീവിന്റെ കവിത ‘കുമ്പസാരം’ അജീഷ് ബേബി എഴുതിയ കഥ ‘അപ്പോള്‍ ഞാന്‍ ഇങ്ങനെ ആയിരുന്നില്ലേ’, ജ്വാല മാനേജിങ് എഡിറ്റര്‍ സജീഷ് ടോം എഴുതിയ കവിത ‘പിന്‍വിളി’ ജയേഷിന്റെ കഥ ‘മറിയാമ്മയും അവിശുദ്ധ ബന്ധങ്ങളും’ 2017 യുക്മ നാഷണല്‍ കലാമേളയുടെ ഓര്‍മ്മ പങ്കുവെച്ചുകൊണ്ട് എം ഡൊമനിക് എഴുതി കലാമേള സമാപന സമ്മേളന വേദിയില്‍ ആലപിച്ച കവിത ‘നാഷണല്‍ കലാമേള ഒരു സ്‌നേഹതീരം’ എന്നിവയാണ് ഈ ലക്കത്തിലെ മറ്റുവിഭവങ്ങള്‍.
യുക്മ സാംസ്‌കാരിക വിഭാഗം എല്ലാമാസവും പ്രസിദ്ധികരിക്കുന്ന ജ്വാല ഇ മാഗസിന് യുകെയിലെ സാഹിത്യാഭിരുചിയുള്ള വായനക്കാര്‍ക്കാരുടെ ഇടയില്‍ നല്ല പ്രചാരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടുതല്‍ കൃതികള്‍ ഉള്‍പ്പെടുത്തണം എന്നുള്ള വായനക്കാരുടെ ആവശ്യം പരമാവധി പാലിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതായി ചീഫ് എഡിറ്റര്‍ റെജി നന്തിക്കാട് അറിയിച്ചു.
ഈ ലക്കം ജ്വാല മാഗസിന്‍ വായിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല