ഫിലിപ് ജോസഫ്: ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ ക്‌ളിഫ്ടന്‍ രൂപതാ സീറോ മലബാര്‍ സമൂഹം പ്രെസ്റ്റണിലേക്ക്. ക്‌ളിഫ്ടന്‍ രൂപതയിലെ 500 വിശ്വാസികള്‍ ഞായറാഴ്ച നടക്കുന്ന മാര്‍ ജോസെഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേക തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനൊരുങ്ങുകയാണ് ബ്രിസ്റ്റള്‍, ഗ്ലോസ്‌റ്റെര്‍, ചെല്‍ട്ടന്‍ഹാം, ബാത്ത്, സാലിസ്ബറി, സ്വിണ്ടന്‍, ടോണ്ടന്‍, വെസ്‌റ്റേണ്‍ സൂപര്‍ മെര്‍, യോവില്‍ എന്നീ വി. കുര്‍ബാന സെന്ററുകള്‍ ഉള്‍പ്പെടുന്നതാണ് ക്‌ളിഫ്ടന്‍ രൂപത സീറോ മലബാര്‍ സമൂഹം. . ബ്രിസ്റ്റള്‍, ഗ്ലോസ്‌റ്റെര്‍ എന്നിവിടങ്ങളില്‍ നിന്ന് കൂടുതലായി ബസുകളിലും , മറ്റു സ്ഥലങ്ങളില്‍ നിന്ന് കാറിലുമാണ് കുട്ടികള്‍ അടക്കമുള്ള വിശ്വാസ സമൂഹം യാത്രയാകുന്നത്. ഒക്ടോബര്‍ മൂന്നാം തീയതി നിയുക്ത മെത്രാന്റെ സന്ദര്‍ശനത്തിന് ശേഷം മെത്രാഭിഷേക ദിനത്തില്‍ പങ്കു ചേരുന്നതിനു കൂടുതല്‍ ആവേശം ദൈവ ജനത്തിന് കൈവന്നിട്ടുണ്ട്. രാത്രി വൈകിയും വി. കുര്‍ബാന സെന്ററുകളില്‍ കാത്തിരുന്ന ജനത്തോട്, യാത്രകള്‍ നല്‍കിയ ക്ലേശം വകവയ്ക്കാതെ പുതിയ രൂപതയെ കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവച്ചു പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ചത് അവിസ്മരണീയമായ അനുഭവമായി. ക്‌ളിഫ്ടന്‍ രൂപതയില്‍ അജപാലന ശുശ്രൂഷക്കു നേതൃത്വം നല്‍കുന്ന ബഹു. പോള്‍ വെട്ടിക്കാട്ട്, ഫാ. സിറില്‍ ഇടമന, ഫാ. ജോയ് വയലില്‍, ഫാ. സണ്ണി പോള്‍, ഫാ. സഖറിയാസ് കാഞ്ഞൂപ്പറമ്പില്‍ എന്നിവര്‍ക്കൊപ്പം രൂപതയിലെ സീറോ മലബാര്‍ സന്യാസിനികളും വിശ്വാസി സമൂഹത്തോടൊപ്പം തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു ദൈവത്തിനു നന്ദി പറയും. പ്രെസ്റ്റന്‍, മാഞ്ചസ്റ്റര്‍ ഭാഗങ്ങളില്‍ സുഹൃത്തുക്കളോ ബന്ധുക്കളോ ഉള്ളവര്‍ ശനിയാഴ്ച തന്നെ യാത്ര തിരിക്കുകയാണ്. പ്രെസ്റ്റന്‍ ഭാഗത്തു ശനിയാഴ്ച ഹോട്ടല്‍ ബുക്ക് ചെയ്തു എത്തുന്നവരും കുറവല്ല. സീറോ മലബാര്‍ സമൂഹത്തിന്റെ യു.കെ.യിലെ ഭാവിയുടെ ആദ്യ ചുവടായ ഈ മഹാ സംഭവത്തില്‍ പങ്കുചേരുവാന്‍ വിശ്വാസികള്‍ പ്രദര്‍ശിപ്പിക്കുന്ന തീക്ഷ്ണതയും ഒരുക്കവും പുതിയ രൂപതയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ കരുത്തേകും. ക്‌ളിഫ്ടന്‍ രൂപതയിലെ മുഴുവന്‍ വിശാസികളുടെയും പ്രാര്‍ത്ഥനയും പിന്തുണയും പുതിയ രൂപതക്കും നിയുക്ത മെത്രാനും ഉറപ്പു നല്‍കുന്ന വലിയ ഒരു അവസരമായി ഈ ദിവസം മാറുമെന്നും, യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നു ചേരുന്ന ഈ കുടുംബ സംഗമത്തില്‍ പങ്കു ചേരുവാന്‍ യാത്രയാകുന്ന എല്ലാവര്‍ക്കും ദൈവാനുഗ്രഹവും പ്രാര്ഥനാശംസകളും നേരുന്നതായും രൂപതാ ചാപ്ലയിന്‍ ഫാ. പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല