ഡ്രൈവര്‍മാരും കാര്‍ യാത്രക്കാരും ശ്രദ്ധിക്കുക. അലക്ഷ്യമായി ചപ്പുചവറുകളും ഭക്ഷണസാധനങ്ങളും വലിച്ചെറിഞ്ഞാല്‍ വന്‍പിഴ ഈടാക്കാന്‍ ലോക്കല്‍ അതോറിറ്റി അധികൃതര്‍ തീരുമാനിക്കുന്നതായാണ് റിപ്പോര്‍ട്ട്.
80 പൗണ്ടുവരെയായിരിക്കും ഇത്തരക്കാരില്‍ നിന്നും പിഴയായി ഈടാക്കുക. ലോക്കല്‍ അതോറിറ്റികള്‍ക്ക് കുടുതല്‍ അധികാരം നല്‍കുന്നതിന്റെ ഭാഗമായാണ് നീക്കം നടപ്പാക്കുക. ഇത്തരത്തില്‍ പിഴ ഈടാക്കുമെന്ന് ആദ്യം മുന്നറിയിപ്പ് നല്‍കാനും തുടര്‍ന്ന് പിഴയീടാക്കാനുമാണ് അതോറിറ്റികള്‍ക്ക് അനുമതി നല്‍കുക. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പിഴയടക്കുന്നതില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ലെന്നും അതോറിറ്റികള്‍ വ്യക്തമാക്കുന്നു.
റോഡിലൂടെ ഓടുന്ന പല കാറുകളില്‍ നിന്നും നിരവധി പാഴ്‌വസ്തുക്കളാണ് പുറത്തേക്ക് വലിച്ചെറിയുന്നത്. ഇത് വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക. 18 നും 34 വയസിനും ഇടയിലുള്ളവരാണ് പ്രധാനമായും വസ്തുക്കള്‍ കാറിനു പുറത്തേക്ക് വലിച്ചെറിയുന്നതെന്ന് ലോബി ഗ്രൂപ്പ പറഞ്ഞു. സിഗരറ്റാണ് ഏറ്റവുമധികം പുറത്തേക്ക് വലിച്ചെറിയുന്നതെന്നും തെളിഞ്ഞിട്ടുണ്ട്.
ച്യൂയിംഗ് ഗം, കുടിവെള്ളത്തിന്റെ കുപ്പികള്‍, പഴത്തോലുകള്‍, ഫാസ്റ്റ്ഫുഡ് ബോക്‌സുകള്‍ എന്നിവയെല്ലാം നിരത്തുകളെ വൃത്തിഹീനമാക്കി വലിച്ചെറിയപ്പെട്ടിട്ടുണ്ട്. നേരത്തേ കൗണ്‍സിലുകള്‍ ഇത്തരത്തിലൊരു നിര്‍ദ്ദേശം നടപ്പാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. പുതിയ നീക്കം നടപ്പാക്കാന്‍ തന്നെയാണ് അധികൃതരുടെ ശ്രമം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല