1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2011

ഉമ്മന്‍ചാണ്ടി രണ്ടാംവട്ടവും കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലെത്തുന്നു .തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുത്ത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അനുമതിയോടെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഐക്യകണ്‌ഠേനയായിരുന്നു തിരഞ്ഞെടുപ്പെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 38 എം.എല്‍.എമാരും തീരുമാനത്തെ പിന്തുണച്ചുവെന്നും ചെന്നിത്തല പറഞ്ഞു.കക്ഷി നേതാക്കള്‍ക്കൊപ്പം മുഖ്യമന്ത്രി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

ഹൈക്കമാന്‍ഡ് പ്രതിനിധികളായ മധുസൂദന്‍ മിസ്ത്രി, മൊഹ്‌സീന കിദ്വായി എന്നിവര്‍ മുഴുവന്‍ എം.എല്‍.എ.മാരോടും വെവ്വേറെ സംസാരിച്ചതിനുശേഷമാണ് ഉമ്മന്‍ചാണ്ടിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.

ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ മുഖ്യമന്ത്രിയാവുക എന്നൊരു അനിശ്ചിതത്വം കഴിഞ്ഞ ദിവസം ഉരുണ്ടുകൂടിയിരുന്നു നേരിയ ഭൂരിപക്ഷമുള്ള മന്ത്രിസഭയെ നയിക്കാന്‍ താല്‍പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചതായും മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമുണ്ടെന്ന് രമേശ് ചെന്നിത്തല അറിയിച്ചതായുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് അനിശ്ചിതത്വവും അഭ്യൂഹങ്ങളും പ്രചരിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയാവാന്‍ മത്സരിയ്ക്കില്ലെന്ന് ചെന്നിത്തല പ്രഖ്യാപിച്ചതോടെ ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനലബ്ധി ഉറപ്പായി. 1970 മുതല്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചുവരുന്ന ഉമ്മന്‍ചാണ്ടി ഇക്കുറി 33225 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

സര്‍ക്കാരിന്റെ ഭൂരിപക്ഷം വളരെ ചെറുതാണെങ്കിലും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാന്‍ അത് തടസ്സമല്ലെന്ന് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തശേഷം ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് ഭൂരിപക്ഷം ഒരു തരത്തിലും തടസ്സമാവില്ല. യുഡിഎഫില്‍ ജനങ്ങളര്‍പ്പിച്ച വിശ്വാസം മാനിച്ചുകൊണ്ട് ഒരു മനസ്സോടെ മുന്നോട്ട് പോകും.

കഴിഞ്ഞ അഞ്ചുവര്‍ഷം വികസനകാര്യത്തില്‍ കേരളത്തിന് നഷ്ടമായ അവസരം തിരിച്ചുപിടിക്കാന്‍ യുഡിഎഫിന് കഴിയും. യുഡിഎഫിന്റെ വിജയത്തിന് വേണ്ടി യത്‌നിച്ച പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ഉമ്മന്‍ ചാണ്ടി നന്ദി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.