പണ്ടു പണ്ടു നമ്മുടെ രാജ്യത്ത് (കേരളത്തില്‍) ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് കെ.കരുണാകരന്‍ എന്നായിരുന്നു. കിടില തന്ത്രജ്ഞന്‍(അതോ കുടില തന്ത്രജ്ഞനോ) ആയ ആ മഹാന്‍ വളരെ സൂത്രശാലിയുമായിരുന്നു. മിത്രങ്ങള്‍ക്ക് ആശ്രിതനും ശത്രുക്കള്‍ക്കു പേടി സ്വപ്‌നവുമായിരുന്ന അദ്ദേഹത്തിനു രണ്ടു മക്കളാണുള്ളത്. ഒരാണും ഒരു പെണ്ണുമായ അവരായിരുന്നു അദ്ദേഹത്തിന്റെ വീക്ക്‌നസ്. അവര്‍ മൂലമായിരുന്നു അദ്ദേഹത്തിന്റെ കസേരകളുടെ കാലുകള്‍ പലതും നഷ്ടമായത് ഇങ്ങനെയാണെന്ന് പാവകളിക്കാര്‍ പാടി നടന്നു.
മിമിക്രിക്കാരുടെ ഇഷ്ടതാരമായിരുന്നതിനാല്‍ ഗിന്നസ്സ് ബുക്കില്‍ അദ്ദേഹത്തിനും സ്ഥാനം കിട്ടിക്കാണും. ഏറ്റവും കൂടുതല്‍ മിമിക്രിക്കാര്‍ അനുകരിച്ച താരമെന്ന നിലയില്‍. ലോകത്തില്‍ തന്നെ രാഷ്ട്രീയക്കാരോ സിനിമാ ആര്‍ട്ടിസ്‌റ്റുകളോ കാണില്ല മിമിക്രിക്കാര്‍ ഇത്രയും അനുകരിച്ച ഒരു വ്യക്തിയെ. ഈയിടെ അദ്ദേഹം നാടുനീങ്ങിയപ്പോള്‍ ഇന്‍ഡ്യാ മഹാരാജ്യത്തെ മാന്യ വ്യക്തികളെല്ലാം അന്തിമോപചാരം അര്‍പ്പിക്കാന്‍ ഓടി എത്തി. കേരളത്തില്‍ അങ്ങോളമിങ്ങോളം വഴിവക്കുകളില്‍ കാത്തുനിന്ന ലക്ഷക്കണക്കിനു ആബാലവൃദ്ധം ജനങ്ങളെ നോക്കിയാല്‍ മതി ജനപിന്തുണ മനസ്സിലാകും. മൃതശരീരം കടന്നുപോയ വഴിവക്കുകളില്‍ ഊര്‍ന്നു വിണ കണ്ണീര്‍ തുള്ളികള്‍ എത്രയെന്നു തിട്ടപ്പെടുത്താന്‍ പറ്റില്ല. ആ രാജാവിനെ സ്‌നേഹിച്ച ജനങ്ങള്‍ എത്ര കോടികളാണെന്നു കണക്കുമെടുത്തിട്ടില്ല. ഇത്രയും മഹാനായ ആ വ്യക്തിയെ തറപറ്റിച്ചതു രണ്ടേ രണ്ടു പേരാണ്. അത് മറ്റാരുമല്ല സ്വന്തം മക്കള്‍ തന്നെ.
എത്രയോ കേസുകള്‍ അദ്ദേഹത്തിന്റെ പിന്നാലെ കൂടി. രാജന്‍ കേസ്, പാമോയില്‍ കേസ്, ഭൂമി വാങ്ങിക്കൂട്ടിയതിലെ ക്രമക്കേടുകള്‍. ഇപ്പോഴും അതെല്ലാം ഏതോ കോടതിയുടെ മൂലയില്‍ ചിതലരിച്ചും അരിക്കാതെയും പൊടിപിടിച്ചു മറഞ്ഞു കിടക്കുന്നുണ്ടാകും. കേസ് അതിയാന്റെ പിന്നാലെ ഓടി നടന്നിട്ടും കരുണാകര രാജാവ് ഭരിച്ചും ഭരിപ്പിച്ചും ഇന്‍ഡ്യ ഒട്ടാകെ ഓടിനടന്നു. ആരു ഒരു ചുക്കും ചെയ്‌തില്ല. തൊണ്ണൂറു വയസ്സിന്റെ ഇളപ്പം സൂക്ഷിച്ചു ആള്‍ക്കാരെ ചിരിപ്പിച്ചു(കൂടുതലും മിമിക്രിക്കാരിലൂടെ)ഇതാ കടന്നു പോയിരിക്കുന്നു.
യാഥാര്‍ത്ഥ്യം ചികഞ്ഞു നോക്കിയാല്‍ ഇത്രയും നല്ല ഒരു ഭരണതന്ത്രശാലിയെ മഷിയിട്ടു നോക്കിയാല്‍ പോലും ഇന്ന് ഭൂമി മലയാളത്തില്‍ കണി കാണാന്‍ കിട്ടില്ല. ഈ സത്യം ശത്രുക്കള്‍ പോലും തലയും മുലയും കുലുക്കി സമ്മതിക്കും. മിത്രങ്ങളുടെ സംരക്ഷകനായി ശത്രുക്കളെ വാളില്ലാതെ അരിഞ്ഞു വീഴ്‌ത്തിയും അദ്ദേഹം നടത്തിയ ഭരണജൈത്രയാത്ര ആര്‍ക്കും മറക്കാറായിട്ടില്ല.
ഒരു കാലത്ത് ഇന്‍ഡ്യാ മഹാരാജ്യത്തിന്റെ ഭരണതാക്കോല്‍ ഈ കൈകളില്‍ ആയിരുന്നു. കേന്ദ്ര ഭരണ ചാണക്യന്‍ എന്ന പേര് ശത്രുക്കള്‍ അദ്ദേഹത്തിനു ചാര്‍ത്തിക്കൊടുത്തു. പ്രധാനമന്ത്രിപദം കൈപ്പിടി അകലത്തുനിന്നു ചിലര്‍ തട്ടിക്കളഞ്ഞു. കൂട്ടത്തില്‍ നിന്ന മിത്രങ്ങളാണെന്നു നടിച്ചവരുടെ പണിയാണിതെന്നു പിന്നാമ്പുറ സംസാരം ഉണ്ടായി. ജനാധിപത്യ ഭരണത്തില്‍ ഏതെല്ലാം ചരടുവലികളും കൂട്ടിക്കെട്ടലുകളും അഴിച്ചുമാറ്റലുകളും വേണമെന്നു രാഷ്ട്രീയഭിക്ഷാം ദേഹികള്‍ പഠിച്ചത് ഈ കരണാകരഗുരുവില്‍ നിന്നാണ്.
ഇങ്ങനെ ഇരിക്കുന്ന കാലഘട്ടത്തിലാണ് സന്താനപ്രേമം അദ്ദേഹത്തിന്റെ തലക്കുപിടിക്കുന്നത്. പ്രിയ പത്‌നി കല്ല്യാണക്കുട്ടിയമ്മയും സ്വന്തം ദൈവമായ ഗുരുവായൂരപ്പനും പറഞ്ഞതാണ് ഇത്രയും മക്കള്‍ പ്രേമം വേണ്ടേ വേണ്ടയെന്ന്. നമ്മുടെ ഈ രാജാവ് അതു ചെവിക്കൊണ്ടില്ല. സാധാരണ ഏതുകാര്യവും ഇവര്‍ രണ്ടില്‍ ആരു പറഞ്ഞാലും കേള്‍ക്കാതിരിക്കുന്നതല്ല. വിനാശകാലേ വിപരീത ബുദ്ധി.
മകന്‍ മുരളി ബുദ്ധിമാനാണെന്നു സ്വയമങ്ങ് നടിച്ചു. മകള്‍ പ്രേമജ ഇല്ലെങ്കില്‍ കേരളം നാശത്തിലേക്കു കൂപ്പുകുത്തുമെന്നും ധരിച്ചുവശായി. രണ്ടു പേരും കൂടി അണ്ടിയൊ മൂത്തത് മാവോ മൂത്തതു എന്ന തര്‍ക്കം. തമ്മിലടി അച്ഛന്റെ ഉറക്കം കെടുത്തി. തടസ്സം പിടിച്ചു പിടിച്ച് കരുണാമയനായ അച്ഛനു ഭരിക്കാനും ഭരിപ്പിക്കാനും സമയം കിട്ടാതായി. ഈ സമയം നോക്കി കൂട്ടത്തില്‍ നിന്നവര്‍ അദ്ദേഹം ചവിട്ടിനിന്ന മണ്ണ് കുറേശ്ശെ കുറേശ്ശെ മാന്തിമാറ്റി. കുനിഞ്ഞു നോക്കാന്‍ അദ്ദേഹത്തിനൊട്ടുസമയം മക്കള്‍ കൊടുത്തതുമില്ല. ഒരാള്‍ അങ്ങോട്ടു വലിക്കുമ്പോള്‍ മറ്റേയാള്‍ ഇങ്ങോട്ടു വലിക്കും. ഈ പിടിവലിയില്‍ താഴേക്ക് എങ്ങനെ നോക്കും.
കൈതിരുമ്മിയും കാലുതിരുമ്മിയും കൂടെ നിന്ന കുറേപ്പേര്‍ ഉണ്ടായിരുന്നു. അവര്‍ക്കൊന്നും കൊടുക്കാതെ എല്ലാം മക്കള്‍ക്കു വാരിക്കോരിയങ്ങ് കൊടുത്തു. പലരും പറഞ്ഞതാ കുറച്ചായാലും മതി ഞങ്ങള്‍ക്കും വീതം വച്ചുതാ എന്ന്. അപ്പോള്‍ രാജാവു പറഞ്ഞത് എന്താണെന്നോ. മക്കള്‍ക്ക് വേണ്ടാ എന്നു പറയുമ്പോള്‍ തരാമെന്ന്. അപ്പോള്‍ കൂടെ നിന്ന ചിലര്‍ തീരുമാനിച്ചു ഇങ്ങനെ വിട്ടാല്‍ പറ്റില്ല ഒരു പണി കൊടുത്തിട്ടു തന്നെ കാര്യം.
ബുദ്ധിമാനായ(ബുദ്ധികെട്ടതോ) മകന്‍ കിട്ടിയതു പോരാ പോരാ എന്നും പറഞ്ഞു ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഒന്ന് കൊടുക്കുമ്പോള്‍ ഒന്നു കൂടി വേണമെന്നു പറയും. അതും കിട്ടിക്കഴിയുമ്പോള്‍ നാലു വേണമെന്നാകും. ഇങ്ങനെ കിട്ടിയതൊന്നും തികയാതെ അച്ഛനെ ശല്യപ്പെടുത്തിക്കൊണ്ടേയിരുന്നു. പുന്നാരമോള്‍ തറയില്‍ നിന്നു ചാടി തിണ്ണയില്‍ ആയി അവിടെ നിന്നു വീണ്ടും പൊങ്ങിച്ചാടി പുരപ്പുറത്തു കയറി നിന്നായി ഭരണം.
ഇതെല്ലാം കണ്ട് ഹാലിളകിയ കൂട്ടാളികള്‍ അറിയാതെ പിറകില്‍ നിന്നു കാലില്‍ പിടിച്ചു വലിച്ചു താഴത്തിട്ടു. പാവം കല്ല്യാണിക്കുട്ടിയമ്മ ഇതൊന്നും കാണാതെയും കേള്‍ക്കാതെയും നേരത്തെ തന്നെ ഭൂമി വാസം മതിയാക്കി ഗുരുവായൂരപ്പന്റെ അടുത്തേക്ക് ചേക്കേറി. അനുസരണയുള്ള മകനായി നടിച്ചു എല്ലാം നേടി എടുത്ത മകനാണെങ്കിലോ സ്ഥാനത്തെത്തിയപ്പോള്‍ കാരണവരാരാ എന്നോടു ചോദിക്കാന്‍ ഞാന്‍ മഹാബുദ്ധിമാനാണ് എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം എന്ന ലേബല്‍ നെറ്റിയില്‍ വലിച്ചൊട്ടിക്കാനും മറന്നില്ല.
കേരളാ ജനത വെറും കഴുതകളല്ലല്ലോ. ചവിട്ടി നിന്ന മണ്ണടക്കം ഒലിച്ചു പോയപ്പോള്‍ തന്തപ്പക്ഷിക്കും മക്കള്‍ പക്ഷികള്‍ക്കും മനസ്സിലായി ഇനിയും കളിച്ചാല്‍ ശരിയാവില്ലായെന്ന്. മകന്‍ പക്ഷി പിന്നെ പറന്നു നടക്കുന്നതാണ് ജനങ്ങള്‍ കണ്ടത്‌്. ഒരു മരത്തില്‍ നിന്നു മറ്റൊരു മരത്തിലേക്ക് കോണ്‍ഗ്രസ്സു മരം (ത്രിവര്‍ണ്ണ മരം) ത്തില്‍ നിന്ന് പറന്നുപോയാല്‍ മരം ഉണങ്ങിപ്പോകുമെന്നാണ് ഈ പക്ഷി പറഞ്ഞുപിടിപ്പിച്ചിരുന്നത്. എന്നിട്ടോ ആ മരത്തില്‍ നിന്നു പക്ഷി പറന്നു പോയിട്ട് കമ്പു പോയിട്ട് ഒരു ഇല പോലും പൊഴിഞ്ഞു പോയില്ല. ഏതെല്ലാം മരത്തില്‍ ചുവന്ന മരത്തില്‍ മഞ്ഞമരത്തില്‍ അവസാനം പച്ചമരത്തിലും ചേക്കേറാന്‍ നോക്കി. പക്ഷെ ആരും ഇടം കൊടുത്തില്ല. സ്വയം ഒരു മരം നട്ടുപിടിപ്പിച്ച് അതില്‍ കയറി ഇരുന്നു നോക്കി ഇലക്ഷനാകുന്ന കാറ്റു വന്നപ്പോള്‍ ആ മരവും ചുവടെ പറിഞ്ഞു തെറിച്ചു പോയി. ഈ പക്ഷിയെ കയറ്റിയാല്‍ ദോഷമാണെന്നുകണ്ട രാഷ്ട്രിയ മരങ്ങളൊന്നും അങ്ങോട്ടടുപ്പിച്ചുമില്ല. ഇളയ പെണ്‍ പക്ഷി കരഞ്ഞും ചിരിച്ചും പറന്നു കൊണ്ടേ ഇരുന്നു. ത്രിവര്‍ണ്ണ മരത്തിന്റെ ഒരു ചെറിയ കമ്പ് എങ്കിലും ചാഞ്ഞു കിട്ടും അപ്പോള്‍ പോയി ഇരിക്കാം എന്നു സ്വയം സമാധാനിച്ചു.
മകന്‍ പക്ഷിയുടെ കരച്ചില്‍ രാത്രിയും പകലും ഇടക്കിടെ ഉയര്‍ന്നു കേള്‍ക്കാമെന്നു പരിസരവാസികള്‍ പലരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഒരു ഉണക്കക്കമ്പെങ്കിലും മതി എന്നു ചിലപ്പോള്‍ പറയാറുണ്ടത്രെ. എന്നാല്‍ ചിലരുടെ സംശയം പണ്ടു കേരളത്തില്‍ നിന്ന് ഞണ്ടിനെ അമേരിക്കയിലേയ്‌ക്കു കയറ്റി വിട്ടപോലെ ആകുമോ എന്നാണ്.
മലേഷ്യയില്‍ നിന്നും സിങ്കപ്പൂരില്‍ നിന്നും കേരളത്തില്‍ നിന്നും ജീവനുള്ള ഞണ്ടുകളെ അമേരിക്കയിലേക്കു കയറ്റി അയച്ചു. അവിടെ എത്തിയ കൂടകള്‍ പുറത്തെടുത്തുവച്ചപ്പോള്‍ മലേഷ്യയില്‍ നിന്നുള്ളതും സിങ്കപ്പൂരില്‍ നിന്നുള്ളതും നല്ലതുപോലെ നെറ്റുകള്‍ കൊണ്ട് മൂടിക്കെട്ടിയ നിലയില്‍ ആയിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നുള്ളതു മൂടി തുറന്ന നിലയിലും, പുറത്തെടുത്തുവച്ചവര്‍ അതിശയപ്പെട്ടു പോയി. കാരണം ഇത്രയും തുറന്നിരുന്നിട്ടും കൂടയില്‍ നിന്നും ഒറ്റ ഞണ്ടുപോലും നഷ്ടപ്പെട്ടിരുന്നില്ല. കയറ്റി അയച്ചവരോട് അന്വേഷിച്ചപ്പോഴല്ലോ രസം. കേരളത്തില്‍ നിന്നുള്ള ഞണ്ടുകള്‍ രക്ഷപ്പെടാനായി മുകളിലേക്കു കയറിയാല്‍ താഴെയുള്ള ഞണ്ട് അതിന്റെ കാലില്‍ പിടിച്ചു വലിക്കും. അടുത്തത് ശ്രമിച്ചാല്‍ മറ്റൊരെണ്ണം കാലില്‍ പിടിച്ചു വലിക്കും. ഇങ്ങനെ ഒരെണ്ണത്തിനും രക്ഷപ്പെടാന്‍ സാധിക്കില്ല. എല്ലാം രാഷ്ട്രീയക്കാര്‍ വളര്‍ത്തുന്ന കുളത്തില്‍ നിന്നു പിടിച്ച ഞണ്ടായിരുന്നു. അതുകൊണ്ടാണ് അതു മൂടാതെ അയച്ചതെന്നും പറഞ്ഞു.
ഇതു പോലെയാണു പല കേരള രാഷ്ട്രീയ മഹാരഥന്മാരേയും ഉപമിക്കുന്നത്. മഹാപ്രതാപശാലിയായ കരണാകര യുഗം അവസാനിച്ചു. അദ്ദേഹത്തിന്റെ കഴിവുകളുടെ സ്ഥാനത്തു പുത്രനൊ പുത്രിയൊ എന്തെങ്കിലുമാണെന്ന് ആരും വിശ്വസിക്കുന്നില്ല. ഇനിയെങ്കിലും ആ സന്താനങ്ങള്‍ക്കു നല്ല ബുദ്ധി കൊടുക്കണെ എന്നാണു കേരള ജനത(കഴുതകളല്ല)കളുടെ പ്രാര്‍ത്ഥന. ഒരു കാര്യം മക്കള്‍ ഓര്‍ക്കണം. അച്ഛന്‍ ആനപ്പുറത്ത് ഇരുന്നു എന്നു വിചാരിച്ചു മക്കള്‍ വേണ്ടാത്തിടത്ത് തഴമ്പുതപ്പി നോക്കരുത്. സ്വയം കയറാന്‍ കഴിവുണ്ടാകുമ്പോള്‍ കയറിയിട്ടു തപ്പിയാല്‍ മതി.
എന്നാണോ ഇനി ആ കുരുവിപ്പക്ഷികള്‍ക്കു ചേക്കേറാന്‍ ഒരു മരക്കൊമ്പു ലഭിക്കുന്നത്. കമ്പ് ചായ്‌ച്ചു കൊടുക്കുന്നവരോട് ഒരു അപേക്ഷ. മരം മൊത്തം സ്വന്തമാക്കാന്‍ നോക്കും. പറ്റിയില്ലെങ്കില്‍ കൊത്തി കൊത്തി മരത്തില്‍ പോടുണ്ടാക്കാന്‍ ശ്രമിയ്‌ക്കും. അതുകൊണ്ട് ശ്രദ്ധിച്ചാല്‍ നല്ലത്. മരത്തിന്റെ കളര്‍ എന്തുമായിക്കൊള്ളട്ടെ, സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല