റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ ഡെമോദെദോവോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ കറുത്ത വിധവകള്‍ എന്നറിയപ്പെടുന്ന ചെച്‌നിയന്‍ വനിതാചാവേര്‍ സംഘമാണെന്നു സൂചന. ദൃസാക്ഷികളെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കറുത്ത വസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരി കൈയിലുണ്ടായിരുന്ന പെട്ടി തുറന്നപ്പോഴാണ് വന്‍ സ്‌ഫോടനമുണ്ടായതെന്ന് ഒരാള്‍ മൊഴി നല്‍കി. ചാവേറും ഒപ്പമുണ്ടായിരുന്ന തീവ്രവാദിയും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.
വടക്കന്‍ കോക്കസസ് മേഖലയിലെ ചെചന്‍ തീവ്രവാദികളാണ് ഭീകരാക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ റഷ്യയെ നടുക്കിയ മോസ്‌കോ മെട്രോ സ്‌റ്റേഷനിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങള്‍ നടത്തിയതും രണ്ടു വനിതാചാവേറുകളായിരുന്നു.
റഷ്യന്‍ ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്‌ലാമിക തീവ്രവാദികളുടെ ഭാര്യമാരാണ് കറുത്ത വിധവകള്‍ എന്നറിയപ്പെടുന്നത്.
വിമാനത്താവള അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ആക്രമണത്തിന് ഇടയാക്കിയതെന്ന് റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് കുറ്റപ്പെടുത്തി. എന്നാല്‍ തങ്ങള്‍ക്ക് വീഴ്ചയുണ്ടായെന്ന ആരോപണം എയര്‍പോര്‍ട്ട് അധികൃതര്‍ നിഷേധിച്ചു. സുരക്ഷിതമായി വിമാനയാത്ര ചെയ്യുന്നതിനുള്ള എല്ലാ സൗകര്യങ്ങളും തങ്ങള്‍ ഒരുക്കിയിരുന്നുവെന്നും സ്‌ഫോടനമുണ്ടായതില്‍ ഖേദിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
തീവ്രവാദികള്‍ ഏഴുകിലോഗ്രാം ടിഎന്‍.ടി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്.
സ്‌ഫോടനത്തില്‍ പരിക്കേറ്റ 178 പേരില്‍ 48 പേരുടെ സ്ഥിതി ഗുരുതരമാണ്. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ ബ്രിട്ടീഷ് പൗരന്‍മാരാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല