കവന്‍ട്രി: കുട്ടികളില്‍ ഹൈന്ദവ വിശ്വാസം വളര്‍ത്തുന്നതിന്റെ ഭാഗമായി കവന്‍ട്രി ഹിന്ദു സമാജം ആവിഷ്‌ക്കരിച്ച ചിത്ര രചന മത്സരത്തില്‍ ആദ്യ വിജയികള്‍ ആയതു അമൃത അജികുമാറും യദു പ്രസൂദനും അഞ്ജന സജിത്തും . ഓരോ മാസവും നടത്താന്‍ ലക്ഷ്യമിടുന്ന ചിത്ര രചനയില്‍ ആദ്യ മാസത്തെ വിഷയമായി ശ്രീകൃഷ്ണന്റെ വിവിധ ഭാവങ്ങള്‍ വരയ്ക്കാന്‍ ആണ് നിര്‍ദേശിച്ചിരുന്നത് . മത്സരത്തിന് വന്‍ പ്രതികരണമാണ് ലഭ്യമായതെന്നു കോ ഓഡിനേറ്റര്‍ ദിവ്യ സുഭാഷ് അറിയിച്ചു . ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയത് ചിത്രം വരച്ചു പെയിന്റ് ചെയ്തവര്‍ ആണെന്നതും പ്രത്യേകതയായി . വരയ്ക്കാന്‍ പ്രയാസം നേരിട്ടവര്‍ ചിത്രം പ്രിന്റ് ചെയ്തു എടുത്തു കളര്‍ നല്‍കിയും മത്സരത്തില്‍ പങ്കാളികള്‍ ആയി . വിധികര്‍ത്താക്കളെ തിരഞ്ഞെടുത്ത രീതിയും പുതുമയായി . അന്‍പതോളം കാണികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ വോട്ടിനിട്ടാണ് വിജയികളെ കണ്ടെത്തിയത്.
ഒന്നാം സമ്മാനത്തിന് അര്‍ഹയായ അമൃത അജികുമാര്‍ കൃഷ്ണനും രാധയും തമ്മിലുള്ള സല്ലാപ നിമിഷങ്ങളാണ് ചിത്ര രചനയില്‍ ഉപയോഗിച്ചത് . കവന്‍ട്രി ബാ ബ്ലേക് സ്‌കൂളിലെ നാലാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ് അമൃത . ചിത്ര രചന തങ്ങളുടെ സഹായം ഇല്ലാതെയാണ് പൂര്‍ത്തിയാക്കിയതിന് മാതാപിതാക്കളായ അജിയും സ്മിതയും കൂട്ടിച്ചേര്‍ത്തു . രണ്ടാം സമ്മാനം നേടിയ യദു പ്രസൂണ്‍ ആഷ്ബി ചര്‍ച്ച ഓഫ് ഇംഗ്ലണ്ട് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് . ഉണ്ണിക്കണ്ണന്‍ വെണ്ണ മോഷണം നടത്തുന്ന രംഗമാണ് യദു ചിത്രീകരിച്ചത് . സമ്മാനം പ്രതീക്ഷിച്ചല്ല യദു ചിത്രം തയ്യാറാക്കിയതെന്ന് മാതാപിതാക്കളായ പ്രസൂണും ജെസ്‌നയും സൂചിപ്പിച്ചു . മൂന്നാം സമ്മാനം നേടിയ അഞ്ജന ബാ ബ്ലേക് കവന്‍ട്രിയിലെ വിദ്യാര്‍ത്ഥിനിയും മെയ് മാസത്തില്‍ ലണ്ടനില്‍ നടന്ന ആല്‌കെമി ഫെസ്റ്റിലെ നര്‍ത്തകിയും കൂടിയാണ് . പോസ്റ്റര്‍ മേക്കിങ്ങില്‍ കഴിവ് തെളിയിക്കുന്ന അഞ്ജന കുട്ടികള്‍ക്കുള്ള പിറന്നാള്‍ ആശംസ കാര്‍ഡുകളും തയ്യാറാക്കി ശ്രെധ നേടുന്നു . ചിത്ര രചനയില്‍ പ്രത്യേക പരിശീലനം ഇല്ലെങ്കിലും പ്രോത്സാഹനം നല്‍കുന്നുണ്ടെന്ന് മാതാപിതാക്കളായ സജിത്തും രശ്മിയും സൂചിപ്പിച്ചു .
സാധാരണ പേപ്പറില്‍ വാട്ടര്‍ കളറും ക്രയോണ്‍സും ഉപയോഗിച്ചാണ് കുട്ടികള്‍ ചിത്രങ്ങള്‍ തയാറാക്കിയത് . കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ സൂക്ഷിച്ചു വച്ചു അടുത്ത വര്‍ഷം വിഷുവിനോ ഓണത്തിനോ ഹാള്‍ എടുത്തു ചിത്ര പ്രദര്‍ശനം കൂടി സംഘടിപ്പിക്കാന്‍ ഉള്ള ഒരുക്കത്തിലാണ് കവന്‍ട്രി ഹിന്ദു സമാജം അംഗങ്ങള്‍ . നൂറിലേറെ ചിത്രങ്ങള്‍ എങ്കിലും കുട്ടികളെ കൊണ്ടു വരപ്പിക്കുകയാണ് ഉദ്ദേശം . അത്ഭുതപ്പെടുത്തുന്ന ഈ കാഴ്ച യു കെ യില്‍ തന്നെ ആദ്യമായി ഇത്തരത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി ആയി മാറും . കൂടുതല്‍ കുട്ടികള്‍ ചിത്രരചനയില്‍ താല്‍പ്പര്യം കാട്ടി മുന്നോട്ടു വരുന്നതും പുതുമ ആയി മാറുന്നു . അടുത്ത മാസത്തെ ചിത്രചനയ്ക്കു ഗണപതി ഭഗവാന്‍ ആണ് വിഷയം . ഇതിനായി ബാലഗണപതി , നര്‍ത്തന ഗണപതി , ധ്വജ ഗണപതി , സിദ്ധി ഗണപതി , വിഘ്‌ന ഗണപതി , ക്ഷിപ്ര ഗണപതി , ലക്ഷമി ഗണപതി , മഹാ ഗണപതി തുടങ്ങി 32 ഗണപതി രൂപങ്ങളും ഉപയോഗിക്കാം . കുട്ടികളുടെ ക്രിയേറ്റിവിറ്റി വളര്‍ത്തുന്നതിനും ഈശ്വര രൂപം മനസില്‍ പതിയുന്നതിനും കഴിവതും ചിത്രം വരയ്ക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഈ മത്സരത്തിന്റെ അടിസ്ഥാന ആശയം . ചിത്രത്തിന്റെ ഭംഗിയേക്കാള്‍ ആശയം അവരുടെ മനസില്‍ പതിയുന്നതിനാണ് ഈ ശ്രമം നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു .. ഒരു പ്രോത്സാഹനം എന്ന നിലയ്ക്ക് മാത്രമാണ് വിജയികളെ പ്രഖ്യാപിക്കുന്നതും സമ്മാനം നല്‍കുന്നതും . മത്സരത്തെ പോസിറ്റീവായി കാണുന്ന സമീപനം കുട്ടികളും രക്ഷിതാക്കളും ഏറ്റെടുത്തു കഴിഞ്ഞു കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക covhindu@gmail.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല