ജിന്‍സണ്‍ ജോര്‍ജ്: ഗര്‍ഷോം മീഡിയ പ്രൊഡക്ഷന്റെ ബാനറില്‍ പൂര്‍ണ്ണമായും യുകെയില്‍ ചിത്രികരിച്ച ആദ്യ സമ്പൂര്‍ണ്ണ മലയാള ചിത്രമായ ഒരു ബിലാത്തി പ്രണയത്തിന് വേണ്ടി ജാസി ഗിഫ്റ്റും ചന്ദ്രലേഖയും സുമേഷും പാടിയ ഗാനങ്ങള്‍ അടുത്ത ആഴ്ച റീലിസ് ചെയ്യും. യുകെയില്‍ ഇതിനോടകം ചിത്രികരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അവസാന ഘട്ടം എത്തിനില്‍ക്കുകയാണ്.
ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ കാനേഷ്യസ് അത്തിപ്പൊഴിയിലിന്റെ സംഗീതത്തില്‍ മലയാളത്തിന്റെ ട്രെന്റ് ഗായകന്‍ ജാസി ഗിഫ്റ്റും, നവമാധ്യമത്തിലുടെ ലോക മലയാളികളുടെ പ്രിയപ്പെട്ട ഗായികയായ ചന്ദ്രലേഖയും, യുവ ഗായകന്‍ സുമേഷും പാടിയ ഗാനങ്ങള്‍ പ്രേഷകര്‍ നെഞ്ചില്‍ ഏറ്റും എന്ന് തന്നെ പ്രതിക്ഷിക്കാം. ജാസി ഗിഫ്റ്റിന്റെ’ ക്ലാ ക്ലാ ‘എന്ന് തുടങ്ങുന്ന ഗാനത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ തന്നെ മികച്ച അഭിപ്രായം ആണ് കേള്‍ക്കുന്നത് . ജാസി ഗിഫ്റ്റിന്റെ ഏറ്റവും പുതിയ ഈ ട്രെന്റ് ഗാനം കുട്ടികളെയും യുവാക്കളെയും ആവേശം കൊള്ളിക്കും എന്ന് തീര്‍ച്ച. ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് കാനേഷ്യസ് അത്തിപുഴയും കുരിയാക്കോസ് ഉണ്ണിട്ടനും ആണ്.
ചിത്രത്തിന്റെ മറ്റൊരു സവിശേഷത ബിബിസിയില്‍ ഒരു കാലത്ത് നിറസാനിധ്യമായിരുന്ന ഇതിഹാസ ഇംഗ്ലീഷ് കോമഡി താരം സ്റ്റാന്‍ ബോഡ്മാന്റെ സാനിധ്യമാണ്. സ്റ്റാന്‍ ബോഡ്മാന്‍ ആദ്യമായി അഭിനയിക്കുന്ന ഇന്ത്യന്‍ സിനിമയാണ് ഒരു ബിലാത്തി പ്രണയം. സ്റ്റാന്‍ ബോഡ്മാനെ കൂടാതെ മറ്റ് ഇംഗ്ലീഷ് അഭിനേതാക്കളായ ലോറന്‍സ് ലര്‍ക്കിന്‍, ലുസി തുടങ്ങിയവര്‍ സിനിമയില്‍ അതിഥി താരങ്ങളായി എത്തുന്നു .
പുതുമുഖ താരം ജെറിന്‍ ജോയ് ആണ് ചിത്രത്തിലെ നായകന്‍, നായിക പുതുമുഖ താരം ലിറ്റിഷിയും ചിത്രത്തിലെ മറ്റൊരു പ്രധാന താരം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ‘അക്കര കാഴ്ചകള്‍’ എന്ന ടെലിവിഷന്‍ പാരമ്പരയിലുടെ മലയാള സിനിമയിലേക്ക് വന്ന ജോസ്‌കുട്ടി വലിയ കല്ലിങ്കലാണ്.
യുകെയില്‍ എത്തപ്പെട്ട സ്റ്റുഡന്റ്‌റ് വിസാകാരുടെ ജീവിത പശ്ചാത്തലത്തില്‍ ഉരുത്തിരിയുന്ന സിനിമ പ്രേക്ഷകര്‍ കാത്തിരിക്കുന്ന പോലെ പ്രണയവും കോമഡിയും സസ്‌പെന്‍സും ഒക്കെയുള്ള ഒരു മികച്ച എന്റര്‍റ്റെയിനര്‍ ആയിരിക്കും. ചിത്രീകരണം പുര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ചിത്രം വൈകാതെ തിയറ്ററുകളില്‍ എത്തും .
ജിന്‍സന്‍ ഇരിട്ടിയുടെ തിരക്കഥയില്‍ കനേഷ്യസ് അത്തിപ്പൊഴിയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജയ്‌സന്‍ ലോറന്‍സും പോളിഷ് ഛായാഗ്രാഹകന്‍ മാര്‍ക്കിനുമാണ്. പ്രമുഖ ടിവി ചാനലായ ഗര്‍ഷോം മിഡിയയുടെ ആദ്യ സിനിമ നിര്‍മ്മാണ ചുവട് വയ്പ്പാണ് ഒരു ബിലാത്തി പ്രണയം. സംവിധാനം, തിരക്കഥ, ഛായാഗ്രാഹണം, സംഗീതം, ഗാനരചന, അഭിനയം തുടങ്ങി സിനിമയുടെ ഒട്ടുമിക്ക മേഖലകളിലും അണിനിരക്കുന്നത് യുകെയിലെ മികച്ച കലാകാരന്‍മാര്‍ ആണ് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല