ന്യൂഡല്‍ഹി: ചിയര്‍ലീഡര്‍ സുന്ദരികള്‍ക്ക് ക്രിക്കറ്റില്‍ എന്താണ് കാര്യമെന്നും ഐ.പി.എല്ലിനുവേണ്ടി കളിക്കാരെ അടിമകളെപ്പോലെ ലേലം ചെയ്യുന്നത് എന്തു കൊണ്ടാണെന്നും പാര്‍ലമെന്ററി സമിതിക്ക് സംശയം. ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍, സെക്രട്ടറി എന്‍ . ശ്രീനിവാസന്‍, ഐ.പി.എല്‍. കമ്മീഷണര്‍ ചിരായു അമീന്‍ എന്നിവരോട് ധനകാര്യ വിഷയങ്ങള്‍ക്കുള്ള ഉപസമിതിയാണ് ഐ.പി.എല്ലിന്റെ നടത്തിപ്പു സംബന്ധിച്ച് നടത്തിയ ഹിയറിങ്ങിനിടെ ഈ സംശയം ഉന്നയിച്ചത്.
ഐ.പി.എല്‍ . ക്രിക്കറ്റിന് ഏറെ ഗുണം ചെയ്യുമെന്നും പുതിയ പ്രതിഭകളെ ആകര്‍ഷിക്കുമെന്നും പറഞ്ഞ ബി.സി.സി.ഐ. ഭാരവാഹികള്‍ക്ക്, പക്ഷേ, ചിയര്‍ഗേള്‍സിന്റെ പങ്ക് തൃപ്തികരമായി വിശദീകരിക്കാനായില്ല. പുറത്താക്കിയ ഐ.പി.എല്‍ . മേധാവി ലളിത് മോഡിയുടെ തലയില്‍ ചിയര്‍ഗേള്‍സിന്റെ പഴി കെട്ടിവയ്ക്കുകയാണ് ബി.സി.സി.ഐ. ഭാരവാഹികള്‍ ചെയ്തതെന്നാണ് അറിയുന്നത്. പണ്ടു കാലത്ത് റോമില്‍ നിലനിന്നിരുന്ന അടിമച്ചന്തയോടാണ് ഐ.പി.എല്ലിലെ താരലേലത്തെ ബി.ജെ.പി. നേതാവ് യശ്വന്ത് സിന്‍ഹ അധ്യക്ഷനായ സമിതിയിലെ ചില അംഗങ്ങള്‍ ഉപമിച്ചത്.
വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ രണ്ടര മണിക്കൂറാണ് സമിതി ബി.സി.സി.ഐ. ഭാരവാഹികളെ ചോദ്യം ചെയ്തത്. ഐ.പി. എല്ലിന്റെ ഫണ്ടിങ് രീതിയെയും കളിക്കാര്‍ക്ക് വേതനം നല്‍കുന്ന രീതിയെയും കുറിച്ചും ദക്ഷിണാഫ്രിക്കയില്‍ നടന്ന രണ്ടാം ഐ.പി. എല്ലിന്റെ നടത്തിപ്പിനുവേണ്ടിവന്ന ചിലവുകളെ കുറിച്ചും സമിതി ചോദ്യങ്ങള്‍ ഉന്നയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല