ലാപ്‌ളാറ്റ: കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ റൗണ്ടിലെ അവസാമത്സരത്തില്‍ എതിരാളികളെ തോല്‍പ്പിച്ച് ഉറുഗ്വെയും ചിലിയും ക്വാര്‍ട്ടറില്‍ കടന്നു. മെക്‌സിക്കോയെ എതിരില്ലാത്ത ഒരു ഗോളിനു ഉറുഗ്വെ പരാജയപ്പെടുത്തിയപ്പോള്‍ ചിലി രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിന് പെറുവിനെ തോല്‍പ്പിച്ചു.
രണ്ടാം നിര ടീമുമായി ടൂര്‍ണ്ണമെന്റിനെത്തിയ മെക്‌സിക്കോയെ അല്‍വരോ പെരേര 14-ാം മിനിറ്റില്‍ നേടിയ ഗോളിനാണ് ഉറുഗ്വോ തോല്‍പ്പിച്ചത്. പിന്നീട് ഇരുടീമുകളും നല്ല മുന്നേറ്റങ്ങള്‍ കാഴ്ചവച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ജയത്തോടെ രണ്ടു സമനിലയും ഒരു വിജയവുമായി അഞ്ചു പോയിന്റ് നേടിയ ഉറുഗ്വെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ക്വാര്‍ട്ടറില്‍ ആതിഥേയരായ അര്‍ജന്റീനയാണ് ഉറുഗ്വെയുടെ എതിരാളികള്‍.
നേരത്തെ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ നേടിയ ഒരു ഗോളിന് പെറുവിനെ തോല്‍പ്പിച്ച് ചിലി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇതോടെ ചിലി ഗ്രൂപ്പ് സിയില്‍ ഒന്നാമതെത്തി. രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിലായിരുന്നു ഗോള്‍ പിറന്നത്. പെറുവിന്റെ ആന്ദ്രേ കരിലോയുടെ സെല്‍ഫ് ഗോളിലൂടെയാണു ചിലി വിജയം നേടിയത്. മല്‍സരത്തില്‍ ചിലിയുടെയും പെറുവിന്റെയും ഒരോ താരങ്ങള്‍ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായി. ചിലി ഗ്രൂപ്പ് സിയില്‍ നിന്ന് നേരത്തേ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ചിലിയും പെറുവും പ്രമുഖതാരങ്ങളില്ലാതെയാണ് കളിക്കാനിറങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല