1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2011

തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിട. ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസിന് നല്‍കാനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കാനും യു.ഡി.എഫ് യോഗത്തില്‍ ധാരണയായി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുസ്‌ലീം ലീഗുമായും കേരളകോണ്‍ഗ്രസുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് ധാരണയായത്. ചീഫ് വിപ്പ് പദവി കേരള കോണ്‍ഗ്രസിലെ പി.സി ജോര്‍ജ് ഏറ്റെടുക്കും.. കോണ്‍ഗ്രസ്സിലെ എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവിലെത്തുകയും ചെയ്യും.

ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് പിന്നീട് ഹൈക്കമാന്‍ഡുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഒരു മന്ത്രികൂടി വേണമെന്ന ലീഗിന്റെ ആവശ്യം ന്യായമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ബുധനാഴ്ച നടന്ന യു.ഡി.എഫ് യോഗത്തിലും സമവായമുണ്ടാകാതെ വന്നതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും പലതവണ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഒടുവില്‍ ഒമ്പത് മണിയോടെ മുഖ്യമന്ത്രി തന്നെ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

ചീഫ് വിപ്പ് സ്ഥാനം ലീഗിനും ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കേരളാ കോണ്‍ഗ്രസിനും നല്‍കാനായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആലോചന. എന്നാല്‍ മന്ത്രിസ്ഥാനത്തില്‍ കുറഞ്ഞതൊന്നും സ്വീകരിക്കുന്നതില്‍ ലീഗിന് താല്‍പര്യമുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് ചീഫ് വിപ്പ് സ്ഥാനം മാണി വിഭാഗത്തിന് നല്‍കാനും സഖ്യകക്ഷികള്‍ക്ക് മുന്‍പ് നല്‍കിയിരുന്ന ഡപ്യൂട്ടി സ്പീക്കര്‍ പദവി കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കാനും ധാരണയാകുകയായിരുന്നു.

മുന്‍ മന്ത്രി കൂടിയായ എന്‍. ശക്തനെയായിരിക്കും ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിക്കുക. മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതില്‍ ശക്തന്‍ പ്രതിഷേധമറിയിച്ചിരുന്നു. ശക്തനെ ഡപ്യൂട്ടി സ്പീക്കറാക്കുന്നതോടെ നാടാര്‍ വിഭാഗത്തിനുള്ള പരിഗണനയുമാകും എന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.