1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2011


ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ചെറുബാങ്കുകളെ ഏറ്റെടുത്ത് സാന്നിധ്യം വിപുലമാക്കുന്നതിന് ഒരുങ്ങുന്നു.  ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ചന്ദ കൊച്ചാര്‍ ഇതുസംബന്ധിച്ച സൂചന നല്‍കി.

കേരളത്തിലെ ബാങ്കുകളിലേക്കാണ് ഐസിഐസിഐ പ്രധാനമായും ശ്രദ്ധിക്കുന്നത്. ഫെഡറല്‍ ബാങ്കില്‍ ഓഹരി പങ്കാളികളായിരുന്ന ഐസിഐസിഐയ്ക്ക് ഒരു ദശാബ്ദത്തിലേറെയായി ഈ ബാങ്കില്‍ കണ്ണുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക് എന്നിവയും ഐസിഐസിഐ ഉള്‍പ്പെടെയുള്ള പുതുതലമുറ സ്വകാര്യ ബാങ്കുകളുടെ ഏറ്റെടുക്കല്‍ സാധ്യതാ പട്ടികയിലുള്ളവയാണ്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏതാനും ചെറുബാങ്കുകളെ ഏറ്റെടുത്ത് ചില പ്രദേശങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിച്ച ഐസിഐസിഐ ബാങ്കിന് വളര്‍ച്ചാ സാധ്യതയുള്ള മറ്റിടങ്ങളിലേക്കും പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഉദ്ദേശ്യമുണ്ട്. പുതുതലമുറ സ്വകാര്യ ബാങ്കുകളുടെയിടയില്‍ ഐസിഐസിഐ ബാങ്കിന്റെ മുഖ്യ എതിരാളിയായ എച്ച്.ഡി.എഫ്.സി ബാങ്ക് കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ കേരളത്തിലെ സാന്നിധ്യം ശക്തിപ്പെടുത്തിയിരുന്നു. ലോര്‍ഡ് കൃഷ്ണ ബാങ്കിനെ ഏറ്റെടുത്ത സെഞ്ചൂറിയന്‍ ബാങ്ക് ഓഫ് പഞ്ചാബിനെ സ്വന്തമാക്കി കൊണ്ടാണ് എച്ച്.ഡി.എഫ്.സി ബാങ്ക് ഈ നേട്ടം കൈവരിച്ചത്.

കേരളം ആസ്ഥാനമായുള്ള ഒരു ബാങ്കിനെ ഏറ്റെടുത്താന്‍ ദക്ഷിണേന്ത്യയിലെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്താമെന്നാണ് ഐസിഐസിഐയുടെ കണക്കുകൂട്ടല്‍. 2001ല്‍ ബാങ്ക് ഓഫ് മധുരയെ ഏറ്റെടുത്ത ശേഷം ദക്ഷിണേന്ത്യയില്‍ ഇതുവരെ ഒരു ബാങ്കിനെയും ഏറ്റെടുക്കാന്‍ ഐസിഐസിഐയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതിനിടെ, മഹാരാഷ്ട്ര ആസ്ഥാനമായുള്ള സാംഗ്ലി ബാങ്കിനെയും രാജസ്ഥാനിലെ ബാങ്ക് ഓഫ് രാജസ്ഥാനെയും ഐസിഐസിഐ ബാങ്ക് ഏറ്റെടുത്തിരുന്നു.

ഐസിഐസിഐ ബാങ്കിന് നിലവില്‍ 2,500ലേറെ ശാഖകളാണ് ഉള്ളത്. കേരള ബാങ്കുകളില്‍ ഏതിനെയെങ്കിലും ഏറ്റെടുത്താല്‍ 3,000 ശാഖകള്‍ എന്ന ലക്ഷ്യം എളുപ്പത്തില്‍ കൈവരിക്കാം. ഫെഡറല്‍ ബാങ്കിന് 700ലേറെയും സൗത്ത് ഇന്ത്യന്‍ ബാങ്കിന് 600ലേറെയും ശാഖകളുണ്ട്. ധനലക്ഷ്മി ബാങ്കിന് 274 ശാഖകളും കാത്തലിക് സിറിയന്‍ ബാങ്കിന് 360ലേറെ ശാഖകളുമാണ് ഉള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.