ബെയ്ജിങ്ങ്: എന്തിനും ഏതിനും ലോകാത്ഭുതങ്ങള്‍ നിര്‍മ്മിക്കുകയും നാട്ടുകാരെയും ലോകത്തെയും ഞെട്ടിപ്പിക്കുന്ന ചൈന ഇതാ പുതിയ ഞെട്ടിപ്പിക്കല്‍ സംഭവുമായി രംഗത്തെത്തിയിരിക്കുന്നു. വന്‍മതില്‍ കാലം മുതല്‍തന്നെ നാട്ടുകാരെ ഞെട്ടിപ്പിക്കുന്ന പരിപാടി തുടങ്ങിയ ചൈന പുറത്തിറക്കിയ ഞെട്ടിപ്പിക്കല്‍ പടക്കം കടല്‍പ്പാലമാണ്. ചുമ്മാതെ കടലിന്റെ കുറുകെ ഒരു പാലമൊന്നും ഉണ്ടാക്കി നാട്ടുകാരെ പറ്റിക്കാമെന്നൊന്നും ചൈന കരുതിയിട്ടില്ല.
ലോകത്തിലെ ഏറ്റവും വലിയ പാലംതന്നെയാണ് അവര്‍ കടലിന് കുറുകെ നിര്‍മ്മിച്ചിരിക്കുന്നത്. ജയാഹോ ഉള്‍ക്കടല്‍ പാലത്തിന് ഒന്നും രണ്ടുമല്ല ഇരുപത്തിയാറ് മൈല്‍ നീളമാണ് ഉള്ളത്. ചൈനയുടെ കിഴക്കന്‍ തുറമുഖനഗരമായ ക്വിന്‍ഡാവുമായി മറ്റൊരു ദ്വീപായ ഹ്യൂഡോ എന്ന നഗരവുമായി ബന്ധിപ്പിക്കുന്നതിനുവേണ്ടിയാണ് ഇരുപത്തിയാറ് മൈല്‍ നീളമുള്ള പാലം നിര്‍മ്മിച്ചത്. ഏതാണ്ട് 960 മില്യണ്‍ പൗണ്ടാണ് ഈ പാലത്തിന് നിര്‍മ്മാണ ചിലവ് വന്നിരിക്കുന്നത്.
5,000ത്തോളം തൂണുകളുടെ പിന്‍ബലത്തോടെ നില്‍ക്കുന്ന കടല്‍പ്പാലം നാലുവര്‍ഷത്തെ അശ്രാന്ത പരിശ്രമംകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്തിനും ഏതിനും അമേരിക്കയെ വെല്ലുവിളിക്കുന്ന ചൈന ഈ പാലം നിര്‍മ്മിച്ചതിലൂടെ അമേരിക്കയെ വെല്ലുവിളിച്ചിരിക്കുകയാണ്. അമേരിക്കയിലെ ലൂസിയാനയിലെ പാലത്തെക്കാള്‍ ഏതാണ്ട് 2.5 മൈല്‍ നീളമുണ്ട് ഈ പാലത്തിന്. നേരത്തെ ലൂസിയാനയിലെ ഈ പാലമായിരുന്നു ലോകത്തിലെ ഏറ്റവും വലിയ പാലമെന്ന ഖ്യാതി പരത്തി ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിരുന്നത്. എന്നാല്‍ അമേരിക്കയുടെ ആ ഖ്യാതി ചൈന മാറ്റികൊടുത്തുവെന്ന് പറയാം, ഈ പാലത്തിന്റെ വരവോടെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല