1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2011

നയഗ്രാ വെള്ളാച്ചാട്ടത്തില്‍നിന്ന് താഴേക്ക് വീണ് രക്ഷപ്പെട്ട ഒരു കുഞ്ഞിനെക്കുറിച്ച് യക്ഷിക്കഥപോലെ പരക്കുന്ന കഥകള്‍ കേട്ടിട്ടുണ്ട്. ആ കൂട്ടത്തിലേക്കിത ചൈനയില്‍ നിന്നൊരു കഥകൂടി. ചൈനയുടെ തെക്കന്‍ പ്രവിശ്യയില്‍ പത്താംനിലയില്‍നിന്ന് ഒരു കുഞ്ഞ് താഴേക്ക്. വീണത് ഒരു യുവതിയുടെ കൈയ്യിലേക്കും. രക്ഷകയുടെ ഒരു കൈ ഒടിഞ്ഞെങ്കിലും കുഞ്ഞ്‌ പോറല്‍പോലുമേല്‍ക്കാതെ രക്ഷപ്പെട്ടു.

ഹാങ്‌ഷുവിലാണ്‌ ഏവരെയും അത്ഭുതപ്പെടുത്തിയ സംഭവം നടന്നത്. മുപ്പത്തൊന്നുകാരിയായ വൂ ജൂപിങ്‌ തെരുവിലൂടെ നടന്നുപോകുമ്പോള്‍ പാതയോരത്തെ പത്തുനില കെട്ടിടത്തിന്റെ ഏറ്റവുമുകള്‍ നിലയുടെ ജനാലയ്‌ക്കല്‍ ഒരു കുഞ്ഞിനെ കണ്ടിരുന്നു‌. കുഞ്ഞിനെ നോക്കി നടക്കവേ പെട്ടെന്ന് ജനാലയില്‍നിന്ന് കുഞ്ഞ് താഴേക്ക് വീഴുന്നതും വൂ ജൂപിങ്ങ് കണ്ടു. ഇത് കണ്ട വൂ ജൂപിങ്‌ ധരിച്ചിരുന്ന ഹൈഹീല്‍ഡ്‌ ഷൂസ്‌ കുടഞ്ഞുകളഞ്ഞ്‌ കെട്ടിടച്ചുവട്ടിലേക്ക്‌ ഓടി. ടൈമിംഗ്‌ കിറുകൃത്യമായിരുന്നു. കുഞ്ഞ്‌ നേരെവന്നുവീണത്‌ വൂവിന്റെ നീട്ടിപ്പിടിച്ച കൈകളിലേക്ക്‌. കുഞ്ഞിന്റെ വീഴ്‌ചയുടെ ശക്‌തിയില്‍ നിലതെറ്റി വൂ ജൂപിങ്‌ നിലത്തേക്ക്‌ വീഴുകയും ആ വീഴ്‌ചയില്‍ ഇടതുകൈ ഒടിയുകയും ചെയ്‌തു. എന്നാലെന്താ, കുഞ്ഞുരക്ഷപ്പെടില്ലേ എന്ന്‌ വൂവിന്‌ ആശ്വാസം.

കുഞ്ഞിനെ പത്താംനിലയിലെ ഫ്ലാറ്റില്‍ അടച്ചിട്ട്‌ പുറത്തുപോയതായിരുന്നു മാതാപിതാക്കള്‍. പത്താംനിലയില്‍നിന്ന് വീണെങ്കിലും കുഞ്ഞിന് കാര്യമായ കുഴപ്പമൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചെറിയ തോതില്‍ ആന്തരിക രക്‌തസ്രാവമുണ്ടായതൊഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളൊന്നുമില്ല. പത്താംമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയ വൂ ജൂപിങ്ങ് ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ്. വൂ ജൂപിങ്ങിന് ചികിത്‌സ സൗജന്യമായി നല്‍കുമെന്ന്‌ ഫുയാങ്‌ സിറ്റിയിലെ ആശുപത്രി ഡയറക്‌ടര്‍ ജിന്‍ ഡെങ്‌ഫെങ്‌ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.