സ്വന്തം ലേഖകന്‍: ചൈനയ്‌ക്കെതിരെ കൊലവിളിയുമായി ഇസ്ലാമിക് സ്റ്റേറ്റ്, ചാവേറാകാന്‍ ചൈനീസ് കുട്ടികളെ പരിശീലിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ടു. അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചാവേറായി ചൈനയില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ കുട്ടികള്‍ക്ക് തീവ്രപരിശീലനം നല്‍കുന്നതിനോടൊപ്പം രാജ്യത്ത് ചോരപ്പുഴയൊരുക്കുമെന്ന് ചൈനീസ് കുട്ടികളെക്കൊണ്ട് കൊലവിളി നടത്തിക്കുകയും ചെയ്യുന്നു. ഒരു കുട്ടിയുടെ മുന്നില്‍വെച്ച് അജ്ഞാതനെ വധിക്കുന്ന രംഗവും കുട്ടികള്‍ക്ക് ആയുധ പരിശീലനങ്ങള്‍ നല്‍കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
ജനസംഖ്യാ വളര്‍ച്ചയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചൈനയില്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍ നടത്തി ചോരപ്പുഴയൊരുക്കുമെന്ന പ്രഖ്യാപനം ചൈനയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആശങ്കയിലാഴ്ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഐഎസ് സംഘമാണ് വീഡിയോ പുറത്ത് വിട്ടതെന്ന് യുഎസ് ഇന്റലിജന്‍സ് സംഘം വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോ സംഘം പരിശോധനയ്ക്ക് വിധേയമാക്കി. ഉയിഗൂര്‍ തീവ്രവാദ സംഘവും രാജ്യത്തിനെതിരെ ഭീക്ഷണി മുഴക്കിയതിനു പിന്നില്‍ ഉണ്ടെന്നാണ് സൂചനകള്‍. ആദ്യമായാണ് ഉയിഗൂര്‍ സംഘം നേരിട്ട് ഭീക്ഷണിയുമായി രംഗത്തെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പടിഞ്ഞാറന്‍ ഇറാഖിലെ ഐ.എസ് കേന്ദ്രത്തില്‍നിന്ന് തിങ്കളാഴ്ചയാണ് വിഡിയോ പുറത്തുവിട്ടതെന്ന് യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ സംഘം പറഞ്ഞു. വിഡിയോയില്‍ ചൈനയിലെ ഉയിഗൂര്‍ ന്യൂനപക്ഷ സമുദായത്തില്‍നിന്ന് ഐ.എസില്‍ ചേര്‍ന്നവരാണ് ഭീഷണി മുഴക്കിയിരിക്കുന്നത് എന്നാണ് ചൈനയിലേയും അമേരിക്കയിലേയും ഇന്റലിജന്‍സ് വിദഗ്ദരുടെ നിഗമനം. ഉയിഗൂര്‍ വിഭാഗക്കാരുടെ പ്രദേശമായ സിന്‍ജ്യാങ്ങില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയതിന് നാടുകടത്തപ്പെട്ട വിമതര്‍ക്കെതിരെ വര്‍ഷങ്ങളായി ചൈന കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
പരമ്പരാഗത മുസ്ലിം സമുദായമാണ് ഉയിഗൂര്‍. ചൈന തങ്ങളോട് വിവേചനവും സാംസ്‌കാരികവും മതപരവുമായ അടിച്ചമര്‍ത്തലും നടത്തിയതായി ഇവര്‍ ആരോപിച്ചിരുന്നു. ആദ്യമായാണ് ചൈനക്കെതിരെ ഐ.എസ് നേരിട്ട് ഭീഷണി മുഴക്കുന്നത്. ഐ.എസുമായി തങ്ങള്‍ക്ക് ബന്ധമുള്ളതായി ആദ്യമായാണ് ഉയിഗൂര്‍ വിമതര്‍ സമ്മതിക്കുന്നതെന്ന് നാഷനല്‍ സെക്യൂരിറ്റി കോളജ് ഓഫ് ആസ്‌ട്രേലിയന്‍ നാഷനല്‍ യൂനിവേഴ്‌സിറ്റിയിലെ വിദഗ്ധന്‍ ഡോ. മൈക്കല്‍ ക്‌ളാര്‍ക്ക് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല