ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ ആദ്യത്തെ വനിതാ ബിഷപ്പ് സ്ഥാനമേറ്റു. 48 കാരിയായ ലിബ്ബി ലൈനാണ് വടക്കൻ ഇംഗ്ലണ്ടിലെ യോർക് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ടത്.
പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സ്റ്റോക്പോർട്ട് പട്ടണത്തിലെ ബിഷപ്പായാണ് ലിബ്ബി ലൈൻ സേവനം അനുഷ്ഠിക്കുക. ആയിരക്കണക്കിന് ആളുകളാണ് ചരിത്ര മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ യോർക് കത്തീഡ്രലിൽ എത്തിയത്.
ഈ നിമിഷം അവിസ്മരണീയമാണെന്നും ഇത് ചർച്ചിന്റെ ചരിത്രത്തിൽ ഏറെ പ്രധാനപ്പെട്ടതാണെന്നും ലിബ്ബി ലൈൻ പറഞ്ഞു. ദൈവ വഴിയിൽ തനിക്ക് തുണയായി നിന്ന എല്ലാ നല്ല വ്യക്തികൾക്കും പുതിയ ബിഷപ്പ് നന്ദി പറഞ്ഞു. 1994 മുതൽ വികാരിയായി സേവനം അനുഷ്ഠിക്കുന്നയാളാണ് ലിബ്ബി ലൈൻ.
2014 ജൂലൈയിൽ ചർച്ച് ഓഫ് ഇംഗ്ലണ്ട് വനിതകളെ ബിഷപ്പുമാരായി വാഴിക്കാനുള്ള തീരുമാനം വോട്ടെടുപ്പിലൂടെ പാസാക്കിയിരുന്നു. തുടർന്ന് നവംബറിൽ ബ്രിട്ടീഷ് പാർലിമെന്റ് അത് നിയമമായി അംഗീകരിക്കുകയും ചെയ്തു.
ലോകത്തിലാകെ 29 വനിതകൾ ഇതുവരെ ബിഷപ്പുമാരായി വാഴിക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടനു പുറമേ അയർലന്റ്, ഓസ്ട്രേലിയ, ന്യൂസിലാന്റ്, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളിലും വനിതാ ബിഷപ്പുമാരുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല