1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2011

ലണ്ടന്‍: ജപ്പാനിലെ ഫുകുഷിമ ആണവ നിലയത്തില്‍ നിന്നുള്ള വികിരണങ്ങള്‍ ബ്രിട്ടനില്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ദുരന്തമുണ്ടായ ആണവ വ നിലയത്തില്‍ നിന്നും 5,500 മൈല്‍ അകലെയുള്ള ഗ്ലാസ്‌ഗോ, ഓക്‌സ്‌ഫോര്‍ഡ്‌ഷെയര്‍ എന്നിവിടങ്ങളില്‍ റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി ദ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സി വെളിപ്പെടുത്തി.

വളരെ ചെറിയ അളവിലുള്ള പദാര്‍ത്ഥങ്ങളാണ് കണ്ടെത്തിയിട്ടുള്ളതെന്നും അതിനാല്‍ ആരോഗ്യത്തിന് ഭീഷണിയില്ലെന്നും വിദഗ്ധര്‍ അറിയിച്ചു.എന്നാല്‍ ഇവിടെ നിന്നും പുറന്തള്ളപ്പെടുന്ന റേഡിയേഷന്റെ അളവ് ഇനിയും വര്‍ധിക്കുകയാണെങ്കില്‍ അത് ബ്രിട്ടന് ഭീഷണിയാകുമെന്നാണ് നീരീക്ഷണം.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇതെന്ന് ജപ്പാനീസ് പ്രധാനമന്ത്രി നവാതോ കാന്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ജപ്പാനില്‍ ഇപ്പോഴുണ്ടായ ഭൂകമ്പം, സുനാമി, ആണവദുരന്തം എന്നിവ ദശാബ്ദത്തിലെ ഏറ്റവും വലിയ ദുരന്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ ജാഗ്രതയോടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും കാന്‍ പറഞ്ഞു.

തകരാറിലായ റിയാക്്ടറിന്റെ കോര്‍ ഒരു ഭാഗം ഉരുകി വെസിലിന്റെ അടിഭാഗത്തുകൂടെ കോണ്‍ക്രീറ്റ് തറയിലേക്ക് ഒലിച്ചെത്തിയത് തൊഴിലാളികള്‍ക്കിടയില്‍ ഭീതി ഉയര്‍ത്തിയിട്ടുണ്ട്. കോര്‍ പൂര്‍ണമായും ഉരുകുമോ എന്ന ഭയവും ഉയരുന്നുണ്ട്.

അതേ സമയം ജപ്പാനിലെ കടല്‍ ജലത്തില്‍ നേരത്തെ കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ അളവില്‍ റേഡിയോ ആക്ടീവ് അയഡിന്റെ അംശം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഡെയ്ച്ചിയിലെ റിയാക്ടര്‍ 1 നിലയത്തിനരികില്‍ സാധാരണയുള്ളതിനേക്കാള്‍ 3,355 മടങ്ങ് അധിക റേഡിയോ ആക്ടീവ് അയഡിന്‍ കണ്ടെത്തിയതായി ജപ്പാന്‍ ന്യൂക്ലിയര്‍ സേഫ്റ്റി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭൂകമ്പത്തെയും സുനാമിയെയും തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 18,000കവിഞ്ഞതായാണ് സൂചന. മരിച്ചവരില്‍ 3000ത്തോളം പേരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇവരുടെ പേര് വിവരങ്ങള്‍ ജപ്പാന്‍ അധികൃതര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പതിനായിരക്കണക്കിനാളുകള്‍ക്ക് വീട് നഷ്ടപ്പെട്ടിട്ടുണ്ട്. വീടു നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക താമസസൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.