ടോക്കിയോ: ഭൂകമ്പവും സുനാമിയും നാശം വിതച്ച ജപ്പാനിലെ ഫുകുഷിമയില്‍ വീണ്ടും ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്കി. ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്തേയ്ക്കു സുനാമിത്തിരകള്‍ അടുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
മിനുറ്റുകള്‍ക്കുള്ളില്‍ ജപ്പാന് തീരത്ത് സുനാമിയെത്തുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് മീറ്ററിലധികം ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തീരപ്രദേശത്തു നിന്നു ജനങ്ങള്‍ ഉയര്‍ന്ന പ്രദേശത്തേക്ക് മാറണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
അതിനിടെ, ശനിയാഴ്ച സ്ഫോടനമുണ്ടായ ഫുകഷിമയിലെ ആണവനിലയത്തിലെ മൂന്നാമത്തെ റിയാക്ടറിലും സ്ഫോടനമുണ്ടായി. വെള്ളിയാഴ്ച ഭൂചലമുണ്ടായതുമുതല് റിയാക്ടറിലെ കേടുപാടുകള്‍ പരിഹരിക്കാന്‍ അധികൃതര്‍ കിണഞ്ഞുശ്രമിക്കുകയായിരുന്നു. ഇതിനിടെയിലാണ് ശനിയാഴ്ച ഡെയ്ച്ചി-1 റിയാക്ടറില്‍ സ്ഫോടനമുണ്ടായത്. തുടര്‍ന്ന് രണ്ടാമത്തെയും മൂന്നാമത്തെ റിയാക്ടറിലെ ആണവ റിയാക്ടറിലെ ഇന്ധനം ഉരുകാതിരിക്കാന്‍ അധികൃതര്‍ പരിശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് മൂന്നാമത്തെ നിലയത്തില്‍ സ്ഫോടമുണ്ടായത്. ജപ്പാന് സമയം രാവിലെ 11മണിക്കാണ് സ്ഫോടനമുണ്ടായത്. നിലയത്തില്‍ നിന്നും പുക ഉയരുകയാണ്. ശക്തമായ അണുവികിരണത്തിന് സാധ്യതയുള്ളതായി സുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ശനിയാഴ്ച റിയാക്ടറിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് നിലയത്തിന്റെ 10കിലോമീറ്റര്‍ ചുറ്റളവിലുള്ള 192 പേര്‍ക്ക് അണുവികിരണമേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ 22 പേരുടെ കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചവര്‍ക്ക് അണുവികിരണമേറ്റിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ആണവ വികിരണ ബാധയേല്ക്കാതിരിക്കാന് ജനങ്ങള്‍ക്ക് അയഡിന്‍ വിതരണം ചെയ്യുന്നുണ്ട്. ഭൂകമ്പത്തെത്തുടര്‍ന്ന് വൈദ്യുതി തകരാറിലായതും ജനറേറ്ററുകളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതുമാണ് ആണവ നിലയങ്ങളിലെ ശീതീകരണ സംവിധാനത്തെ തകരാറിലാക്കിയത്.
തെക്കുപടിഞ്ഞാറന്‍ ജപ്പാനില്‍ ഷിന്‍മോദാക്കെ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ചാരവും പാറകളും നാലുകിലോമീറ്റര്‍ അകലേക്ക് തെറിച്ചു. ഭൂകമ്പത്തിന്റെ ഫലമാണിതെന്ന് വ്യക്തമായിട്ടില്ല. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ജപ്പാന് അഭിമുഖീരിക്കുന്നതെന്ന് പ്രധാനമന്ത്രി നവാതോ കാന്‍ പറഞ്ഞു.
വെള്ളിയാഴ്ചയുണ്ടായ സൂനാമിയില്‍ മരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു. മിയിഗില് നിന്ന് 2,000 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിട്ടുണ്ട്. പതിനായിരങ്ങളെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല