ടോക്കിയോ: ഭൂകമ്പത്തെയും സുനാമിയെയും തുടര്‍ന്ന് തകര്‍ന്ന ഫുകുഷിമയിലെ റിയാക്ടറിന് സമീപം കടലില്‍ റേഡിയോ ആക്ടീവ് അയഡിന്റെ അളവ് കൂടുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ചമുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ എട്ട് മടങ്ങ് കൂടുതല്‍ റേഡിയോ ആക്ടീവ് അയഡിന്‍ കടല്‍ ജലത്തില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.
ആണവനിലയത്തിലെ നാല് റിയാക്ടറുകളുടെ സമീപത്ത് റേഡിയോ ആക്ടീവ് ജലാംശം കണ്ടെത്തിയിട്ടുണ്ട്. റിയാക്ടറുകളിലൊന്നിന്റെ കേന്ദ്രഭാഗത്തിന് വിള്ളല്‍ വീണിട്ടുണ്ടാകാമെന്ന് ജപ്പാന് ആണവസുരക്ഷാ അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചു. മൂന്നാം റിയാക്ടറിലെ വെള്ളത്തില്‍ സുരക്ഷിതമായതിന്റെ ആയിരം ഇരട്ടി വികിരണബാധ കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് വിള്ളലുണ്ടായിരിക്കാമെന്ന സംശയമുയര്‍ന്നത്.
നിലയത്തില്‍ ജോലിചെയ്തിരുന്ന മൂന്ന് പേര്‍ക്ക് വ്യാഴാഴ്ച വികിരണമേറ്റിരുന്നു. ഇവരില്‍ രണ്ടുപേര്‍ ആശുപത്രിയിലാണ്. ഇവരുടെ കാലുകള്‍ വികിരണമേറ്റ് പൊള്ളിയ നിലയിലാണ്. വികിരണമേറ്റ് ആശുപത്രിയില്‍ കഴിയുന്ന തൊഴിലാളികള്‍ ശരിയായ വിധത്തിലുള്ള സുരക്ഷാപാദരക്ഷകളല്ല ധരിച്ചിരുന്നതെന്നും നിലയത്തിലെ വികിരണ മുന്നറിയിപ്പ് അവഗണിച്ചെന്നുമാണ് അധികൃതര്‍ പറയുന്നത്. നിലയത്തിലെ സുരക്ഷ പുനഃപരിശോധിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇന്ധനദണ്ഡുകളോ ഉപയോഗം കഴിഞ്ഞ് സൂക്ഷിച്ചിരുന്ന ദണ്ഡുകളോ ഭാഗികമായി ഉരുകിയാകും വികിരണച്ചോര്ച്ചയുണ്ടായതെന്ന് ജപ്പാന് ആണവ സുരക്ഷാ ഏജന്‍സി വക്താവ് ഹിഡെഹികോ നിഷിയാമ പറഞ്ഞു.
റിയാക്ടര്‍ കോറിന് തകരാറു പറ്റിയിട്ടുണ്ടാവാമെന്ന സംശയത്തിലാണ് തൊഴിലാളികള്‍. റിയാക്ടര്‍ തണുപ്പിക്കാന്‍ കടല്‍വെള്ളത്തെക്കാള്‍ കൂടുതല്‍ ശുദ്ധജലമാണ് ഉപയോഗിക്കുന്നത്. അതാണ് കൂടുതല്‍ പ്രയോജനകരമെന്ന് നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണിത്. സ്ഥിതി വളരെ ഗുരുതരമാണെന്നാണ് പ്രധാനമന്ത്രി നവാതോ കാന്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല