ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1000 കടന്നതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച വടക്കുകിഴക്കന്‍ തീരത്തുണ്ടായ ഭൂകമ്പത്തുടര്‍ന്ന് പസഫിക് സമുദ്രത്തില്‍ രൂപം കൊണ്ട് പത്തു മീറ്ററോളം ഉയരമുള്ള ഭീമന്‍തിരകളില്‍പ്പെട്ടാണ് കൂടുതല്‍ പേരും മരിച്ചിരിയ്ക്കുന്നത്.
ആയിരത്തിലധികം പേര്‍ മരിച്ചതായാണ് പ്രാഥമിക കണക്കുകള്‍. ഭൂകമ്പവും സൂനാമിയും കനത്ത പ്രഹരമേല്‍പിച്ച സെന്‍ദായ് തുറമുഖത്തിന് സമീപത്തുനിന്നുതന്നെ മുന്നൂറോളം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് 2.45നാണ് (ഇന്ത്യന്‍ സമയം രാവിലെ 11.15) മാപിനിയില്‍ 8.9 രേഖപ്പെടുത്തിയ ഭൂകമ്പവും സുനാമിയും ജപ്പാനെ പിടിച്ചുലച്ചത്.
കപ്പലും തീവണ്ടിയും വീടുകളും കാറുകളും നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങളും അടക്കം മുന്നിലുള്ളതെല്ലാം തുടച്ചുനീക്കിയാണ് പ്രളയജലം ഒഴുകിയത്. തീരത്തുനിന്ന് 400 കിലോമീറ്ററാണ് കരയിലേക്ക് കടല്‍ കടന്നുവന്നത്. ഒട്ടനവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും വീടുകള്‍ അഗ്‌നിയില്‍ മുങ്ങാനും കാരണമായി.
ആദ്യത്തേതിന് ശേഷം എട്ട് തുടര്‍ചലനങ്ങളുമുണ്ടായി. ഇതില്‍ ഏറ്റവും ശക്തം 40 മിനിറ്റിന് ശേഷമായിരുന്നു. 7.1 ആണ് ഇത് മാപിനിയില്‍ രേഖപ്പെടുത്തിയത്. ഫുകുഷിമയിലെ ആണവ പ്ലാന്റില്‍ ഭൂകമ്പത്തെത്തുടര്‍ന്ന് ശീതീകരണ സംവിധാനം തകരാറിലായത് പരിഭ്രാന്തി പരത്തിയിരുന്നു. പ്ലാന്റിന് സമീപത്തുനിന്ന് ഉടനടി മൂവായിത്തിലേറെപ്പേരെ ഒഴിപ്പിച്ചു. രാജ്യത്ത് ആണവ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
നൂറ് പേരെയുമായി യാത്രയിലായിരുന്ന ഒരു കപ്പല്‍ സൂനാമിത്തിരകളില്‍ കാണാതായി. മിയാഗിയില്‍ ഒരു യാത്രാ ട്രെയിന്‍ കാണാതായി. പുറങ്കടലില്‍ നങ്കൂരമിട്ടിരുന്ന കപ്പലുകളെ സൂനാമിത്തിരകള്‍ പൊക്കിയെടുത്ത് തീരത്തടിച്ചിട്ടുണ്ട്.
നാശം വിതച്ചൊഴുകി വന്ന രാക്ഷസത്തിര
ജപ്പാന്‍ തീരങ്ങളെ നക്കിത്തുടച്ച സുനാമി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ അവ്യക്തത തുടരുന്നു. ഭൂകമ്പത്തിന് പിന്നാലെസുനാമി മുന്നറിയിപ്പ് നല്‍ികിയിരുന്നതിനാല്‍ മുന്‍കരുതലെടുക്കാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിനപ്പുറം സുനാമിത്തിരകള്‍ ആഞ്ഞടിച്ചു കയറിയത് അവരുടെ കണക്കുക്കൂട്ടല്‍ തെറ്റിച്ചു.
ജപ്പാന്റെ കിഴക്കന്‍ തീരത്തിന് 80 മൈല്‍ അകലെയാണ് പ്രാദേശിക സമയം ഉച്ചയ്ക്ക് 2.45ന് (ഇന്ത്യന്‍ സമയം 11.55ന്) ശക്തമായ ഭൂകമ്പം ഉണ്ടായത്. ഇതേതുടര്‍ന്നുണ്ടായ സുനാമി തിരമാലകള്‍ വന്‍നാശമാണ് വിതച്ചത്. തീരദേശങ്ങളില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. വാഹനങ്ങള്‍ കൂട്ടത്തോടെ ഒഴുക്കിലാണ്ടു പോയി.
മിയാഗിയില്‍ ഭീമന്‍ കപ്പല്‍ സുനാമിത്തിരയില്‍പ്പെട്ട് ഒഴുകി അവിടെ കെസെന്നുമ നഗരാതിര്‍ത്തിയിലെ ബണ്ടില്‍ ഇടിച്ചാണ് നിന്നത്. എല്ലാംനക്കിത്തുടച്ച് പ്രളയജലം നാശം വിതച്ച് ഒഴുകുന്ന ദൃശ്യങ്ങള്‍ ടിവി ചാനലുകള്‍ സംപ്രേക്ഷണം ചെയ്തത് ലോകം ഭീതിയോടെയാണ് കണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല