നിയമസഭയില്‍ ഹാജര്‍ കുറഞ്ഞതിനെത്തുടര്‍ന്ന് എംഎല്‍എ സ്ഥാനം നഷ്ടമാകുന്ന അവസ്ഥയില്‍ നിന്നും പ്രതിപക്ഷ നേതാവ് ജയലളിതയെ രക്ഷിക്കാന്‍ ഡിഎംകെ ഉള്‍പ്പെടെയുള്ളകക്ഷികള്‍ കൈകോര്‍ത്തു. പ്രത്യേക പ്രമേയത്തിലൂടെയാണ് സ്ഥാനം നഷ്ടപ്പെടാതെ തമിഴ്‌നാട് നിയമസഭ ജയലളിതയെ രക്ഷപ്പെടുത്തിയത്.
അണ്ണാ ഡിഎംകെയ്ക്കു വേണ്ടി പ്രതിപക്ഷ ഉപനേതാവ് ഒ.പനീര്‍ശെല്‍വം കൊണ്ടുവന്ന പ്രമേയം ഭരണകക്ഷികളായ ഡിഎംകെ, കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണു സഭ അംഗീകരിച്ചത്.
തുടര്‍ച്ചയായി 60 ദിവസം ഹാജരായില്ലെങ്കില്‍ അംഗത്വം സ്വാഭാവികമായി റദ്ദാകുമെന്നിരിക്കെ ഇതിനെ മറികടക്കാനാണ് നിയമസഭാ ചട്ടം 20(1) പ്രകാരം പ്രത്യേക പ്രമേയം കൊണ്ടുവരാന്‍ അണ്ണാ ഡിഎംകെ നേതൃത്വം തീരുമാനിച്ചത്.
അസാന്നിധ്യം കാരണം എംഎല്‍എയുടെ സഭാംഗത്വം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ പ്രത്യേക പ്രമേയം കൊണ്ടുവരുന്ന നടപടി നിയമസഭയുടെ ചരിത്രത്തില്‍ ആദ്യം.
ശാരീരികാസ്വാസ്ഥ്യം മൂലം ജയലളിതയ്ക്കു ഡോക്ടര്‍മാര്‍ പരിപൂര്‍ണ വിശ്രമം നിര്‍ദേശിച്ചതിനാലാണു നിയമസഭയില്‍ അവര്‍ ഹാജരാകാത്തതെന്നും ഇതേ കാരണത്താല്‍ നടപ്പു സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അവരെ ഒഴിവാക്കണമെന്നുമായിരുന്നു പ്രമേയത്തിലെ ആവശ്യം. ശബ്ദ വോട്ടിനിട്ട പ്രമേയം ഡിഎംകെ, കോണ്‍ഗ്രസ് എംഎല്‍എമാരുടെ നിശ്ശബ്ദ പിന്തുണയോടെ സഭ അംഗീകരിച്ചു.
ജയലളിത ഈ നിയമസഭയില്‍ ഏറെ അപൂര്‍വമായാണു ഹാജരായിട്ടുള്ളത്. രാഷ്ട്രീയ എതിരാളിയെ നിയസഭാ ചട്ടത്തിലെ സാങ്കേതിക കുരുക്കില്‍ പെടുത്തി പുറത്താക്കാനുള്ള നീക്കത്തിനു മുതിരാതിരുന്ന ഡിഎംകെയും മുഖ്യമന്ത്രി കരുണാനിധിയും അസാധാരണമായ രാഷ്ട്രീയ മാന്യതയാണ് കാണിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല