1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2017

സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): പുകള്‍പെറ്റ മലയാളനാടിന്റെ യശസ്സ് മറുനാട്ടില്‍ കെങ്കേമമാക്കിയ ‘യുക്മ കേരളാ കാര്‍ണിവല്‍ ബോട്ട് റേസി’ന്റെ ആരവം കെട്ടടങ്ങുംമുന്‍പേ കലയുടെ മാമാങ്കത്തിന് കേളികൊട്ട് ഉയരുകയായി. എട്ടാമത് യുക്മ ദേശീയ കലാമേളയുടെ മുന്നൊരുക്കങ്ങളുമായി യുക്മ ദേശീയ റീജിയണല്‍ നേതൃത്വങ്ങള്‍ വീണ്ടും സജീവമാകുകയാണ്.

ഒക്‌റ്റോബര്‍ 28 ശനിയാഴ്ച സൗത്ത് ഈസ്റ്റ് റീജിയന്റെ ആതിഥേയത്തില്‍ നടക്കുന്ന ദേശീയ കലാമേളയുടെ പരിഷ്‌ക്കരിച്ച മാനുവല്‍ പ്രസിദ്ധീകരിച്ചു. പുതുതായി കൂട്ടിച്ചേര്‍ത്തിരിക്കുന്ന സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങള്‍ക്കുള്ള ഇംഗ്ലീഷ് പ്രസംഗ മത്സരങ്ങള്‍ എട്ടാമത് കലാമേളയുടെ സവിശേഷത ആയിരിക്കും. മേളയുടെ ഇമാനുവലും പി ഡി എഫ് പതിപ്പും എല്ലാ യുക്മ ദേശീയ ഭാരവാഹികള്‍ക്കും, റീജിയണല്‍ പ്രസിഡന്റ് സെക്രട്ടറിമാര്‍ക്കും അയച്ചുകഴിഞ്ഞതായി യുക്മ ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് അറിയിച്ചു.

പുനഃസംഘടിപ്പിക്കപ്പെട്ട നോര്‍ത്ത് ഈസ്റ്റ് റീജിയണില്‍ ഉള്‍പ്പെടെ ഒന്‍പത് യുക്മ റീജിയനുകളിലും നടക്കുന്ന റീജിയണല്‍ കലാമേളകളിലെ വിജയികളായിരിക്കും ദേശീയ കലാമേളയില്‍ മാറ്റുരക്കുന്നത്. ലോക പ്രവാസി സംഘടനകളില്‍ വച്ചേറ്റവും ജനകീയമായ യുക്മയുടെ ദേശീയ കലാമേളകള്‍ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ മലയാളികള്‍ ഒത്തുചേരുന്ന കലാമത്സര വേദിയാകുന്നു. കാണികളും മത്സരാര്‍ത്ഥികളും വിപുലമായ സംഘാടക നിരയും ചേര്‍ന്ന് അയ്യായിരത്തോളം മലയാളികള്‍ ഒത്തുചേരുന്ന യുക്മ ദേശീയ കലാമേളകള്‍ പ്രവാസി സമൂഹത്തിലെ മലയാണ്മയുടെ മഹാ ഉത്സവമാണെന്ന് യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അഭിപ്രായപ്പെട്ടു.

കലാമേള ലോഗോ മത്സരം

മുന്‍ വര്ഷങ്ങളിലേതിന് സമാനമായി ഇത്തവണയും യുക്മ കലാമേളയ്ക്ക് അനുയോജ്യമായ ലോഗോകള്‍ ക്ഷണിക്കുന്നു. യു കെ മലയാളികള്‍ക്ക് മാത്രമായിരിക്കും മത്സരത്തില്‍ പങ്കെടുക്കുവാന്‍ യോഗ്യത ഉണ്ടായിരിക്കുന്നത്. ഓഗസ്‌റ് 31 ന് മുന്‍പായി secretary.ukma@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് എന്‍ട്രികള്‍ അയക്കേണ്ടതാണെന്ന് ദേശീയ കലാമേള കോ ഓര്‍ഡിനേറ്ററും യുക്മ ദേശീയ ജോയിന്റ് സെക്രട്ടറിയുമായ ഓസ്റ്റിന്‍ അഗസ്റ്റിന്‍ അറിയിച്ചു. ലോഗോകളോടൊപ്പം മത്സരാര്‍ത്ഥികളുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തേണ്ടതാണ്. ഒരാള്‍ക്ക് രണ്ട് എന്‍ട്രികള്‍വരെയാണ് അയക്കാവുന്നത്. വിജയിയെ യുക്മ ദേശീയ കലാമേള വേദിയില്‍വച്ചു പുരസ്‌ക്കാരം നല്‍കി ആദരിക്കുന്നതാണ്.

ഈ വാര്‍ത്തയോടൊപ്പം കൊടുത്തിരിക്കുന്ന കലാമേള ഇ മാനുവല്‍, പി ഡി എഫ് പതിപ്പുകള്‍ കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്കായി യുക്മയുടെ ഔദ്യോഗീക വെബ്‌സൈറ്റായ www.uukma.org സന്ദര്‍ശിക്കാവുന്നതാണ്.

https://issuu.com/uukmakalamela2015/docs/uukma_kalamela_emanual_2017_2cc4da929975be

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.