1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2011


മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മൂന്ന് ബന്ധുക്കള്‍ കള്ളപ്പണം സമ്പാദിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി ആദായനികുതി വകുപ്പ് വെളിപ്പെടുത്തി. ജസ്റ്റിസ് ബാലകൃഷ്ണന്റെ ബന്ധുക്കള്‍ക്കെതിരെ ആദായനികുതി നടത്തിയ അന്വേഷണത്തില്‍ രണ്ട് മരുമക്കള്‍ക്കും ഒരു സഹോദരനും കള്ളപ്പണമുണ്ടെന്നാണ് കണ്ടെത്തിയത്. ഇവര്‍ക്കെതിരെ നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.

അന്വേഷണം അവസാന ഘട്ടത്തിലായതിനാല്‍ ഇവരുടെ അനധികൃത സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും ആദായനികുതി വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഇ.ടി. ലൂക്കോസ് കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.

ജസ്റ്റിസ് ബാലകൃഷ്ണന്റെ ബന്ധുക്കളെ അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ ചോദ്യം ചെയ്തിട്ടുണ്ട്. ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് ഇവര്‍ അനധികൃത സ്വത്തുക്കള്‍ സമ്പാദിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മാര്‍ച്ച് അവസാനത്തോടെ അന്വേഷണം പൂര്‍ത്തിയായാലുടന്‍ റിപ്പോര്‍ട്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിന് കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്നും ഡയറക്ടര്‍ ജനറല്‍ വെളിപ്പെടുത്തി.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആദായനികുതി വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് ഡയറക്ടര്‍ ജനറല്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ജസ്റ്റിസ് ബാലകൃഷ്ണനെതിരെ ആദായനികുതി വകുപ്പ് അന്വേഷണം നടത്തുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിനെപ്പറ്റി ഇപ്പോഴൊന്നും പറയാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കള്ളപ്പണം സമ്പാദിച്ചവരില്‍ പെണ്‍മക്കളും ഉള്‍പ്പെടുമോ എന്നുള്ളചോദ്യത്തിന് അവരും ഉള്‍പ്പെട്ടേക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.

ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മരുമക്കളായ പി.വി. ശ്രീനിജന്‍, എം.ജെ. ബെന്നി, സഹോദരന്‍ അഡ്വക്കേറ്റ് കെ.ജി. ഭാസ്‌കരന്‍ എന്നിവര്‍ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയെതുടര്‍ന്നാണ് ആദായനികുതി വകുപ്പ് ഇതേപ്പറ്റി അന്വേഷണമാരംഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.