ചെലവുകൾ കുറയുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് ശമ്പളം കൂട്ടി കൊടുക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ കമ്പനികളോട് ആവശ്യപ്പെടും. സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുന്നതിന്റെ ഭാഗമായി നടത്തിപ്പ് ചെലവുകൾ കുറഞ്ഞതിനാൽ കൂടുതൽ തുക ജീവനക്കാർക്കായി മാറ്റി വക്കാൻ കമ്പനികൾക്ക് കഴിയും എന്നതിനാലാണിത്.
ബ്രിട്ടീഷ് ചേംബർ ഓഫ് കൊമ്മേർസ് വാർഷിക സമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടാവുക എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സാമ്പത്തിക രംഗത്തുണ്ടായ ഉണർവ് പൊതുജനങ്ങൾക്കു കൂടി പ്രയോജനകരമാക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമാണിത്.
കഴിഞ്ഞ വർഷത്തേക്കാൾ മെച്ചമാണ് ബ്രിട്ടനിലെ തൊഴിലാളികളുടേ വേതന വർധനവ്. സെപ്റ്റംബറിനും നവംബറിനും ഇടക്ക് സമ്പാദ്യം 1.8% ആയി ഉയർന്നിട്ടുണ്ട്. സ്വകാര്യ മേഖലയിലാകട്ടെ ഇത് 2.2% ആണ്. ജീവനക്കാരുടെ ശരാശരി വേതനം കഴിഞ്ഞ വർഷത്തേക്കാൾ 0.8% വർധനയാണ് കാണിക്കുന്നത്.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ലേബർ പാർട്ടിക്കുള്ള ഒരു വെല്ലുവിളിയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന എന്ന് കരുതപ്പെടുന്നു. നേരത്തെ ബ്രിട്ടീഷ് ചേംബർ ഓഫ് കൊമ്മേർസ് ലേബർ പാർട്ടി നയങ്ങളെ ബിസിനസ് വിരുദ്ധം എന്ന് വിശേഷിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല