ബ്രിസ്‌റ്റോള്‍: ലാന്‍ഡ് സ്‌കേപ്പ് ആര്‍ക്കിടെക്ട് ജൊവന്ന യേറ്റ്‌സിനെ കഴുത്തുഞെരിച്ചു കൊന്ന കേസില്‍ അയല്‍ക്കാരനും ഡച്ച് പൗരനുമായ വിന്‍സെന്റ് തബക് അറസ്റ്റിലായി.
മൂന്നു ദിവസത്തെ ചോദ്യംചെയ്യലിനു ശേഷമാണ് 32കാരനായ തബക് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ബ്രിസ്‌റ്റോള്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ തബക്കിനെ ഒരാഴ്ചത്തെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷയുടെ വാദത്തിനായി അദ്ദേഹത്തെ നാളെ ബ്രിസ്‌റ്റോള്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കും.
ജൊവന്ന താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ തൊട്ടടുത്ത് കാമുകിയുമൊത്ത് താമസിക്കുകയായിരുന്നു തബക്. കൊലപാതകം എങ്ങനെയായിരുന്നു എന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
ക്രിസ്മസ് ദിനത്തില്‍ നോര്‍ത്ത് സോമര്‍സെറ്റിലെ ഫൈലാന്‍ഡിലാണ് ജൊവന്നയുടെ മൃതദേഹം കണ്ടെത്തിയത്. ജൊവന്നയുടെ മൃതദേഹം കുടുംബാംഗങ്ങള്‍ തിരിച്ചറിയുകയും ചെയ്തു. ഇതുവഴി വളര്‍ത്തുനായയുമായി സവാരിക്കു പോയ ദമ്പതികളാണ് ജൊവന്ന (25) യുടെ മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ 17നാണ് ജൊവന്നയെ കാണാതായത്. മൃതദേഹം കണ്ടെത്തുന്നതിനു ദിവസങ്ങള്‍ മുന്‍പു തന്നെ ജൊവന്ന കൊല്ലപ്പെട്ടിരുന്നു.
മരിക്കുന്നതിനു മുന്‍പ്, ഒടുവില്‍ ജൊവന്നയെ കണ്ടത് ക്‌ളിഫ്ടണിലെ ടെസ്‌കോ എക്‌സ്പ്രസ് സ്‌റ്റോറിലാണ്, രാത്രി 8.30ന്. ടെസ്‌കോ എക്‌സ്പ്രസ് സ്‌റ്റോറിലെ സിസി ടിവിയില്‍ ജൊവന്നയുടെ ചിത്രങ്ങള്‍ പതിഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല