ബ്രിസ്റ്റോള്‍: ലാന്‍ഡ് സ്കേപ്പ് ആര്‍ക്കിടെക്റ്റ് ജൊവന്ന യേറ്റ്സിന്റെ ഘാതകനെ കണ്ടെത്താനായി അവരുടെ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ ഡിഎന്‍എ സാമ്പിള്‍ എടുക്കാന്‍ പൊലീസ് തീരുമാനിച്ചു.
ജൊവന്നയുടെ ഘാതകരെ കണ്ടെത്താന്‍ ബ്രിസ്റ്റോളിലെ എല്ലാ പുരുഷന്മാരുടെയും ഡിഎന്‍എ സാമ്പിള്‍ എടുക്കണമെന്ന് ലേബര്‍ എംപി കെറി മക്കാര്‍ത്തി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് ഫേസ്ബുക്ക് സുഹൃത്തുക്കളെ തിരയുന്നത്.
ജൊവന്നയെ കഴുത്തുഞെരിച്ചു കൊന്നത് അവരെ നേരത്തേ അറിയാമായിരുന്ന ആരോ ആണെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന്റെ തുടര്‍ച്ചയാണ് ഫേസ്ബുക്ക് സുഹൃത്തുക്കളുടെയെല്ലാം ഡിഎന്‍എ സാമ്പിള്‍ എടുക്കാനുള്ള തീരുമാനം.
ദിവസങ്ങളോളം കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ജൊവന്ന യേറ്റ്സിനെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
ക്രിസ്മസ് ദിനത്തില്‍ നോര്‍ത്ത് സോമര്‍സെറ്റിലെ ഫൈലാന്‍ഡിലാണ് ജൊവന്നയുടെ മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ 17നാണ് ജൊവന്നയെ കാണാതായത്.
കഴുത്തുഞെരിച്ചാണ് കൊന്നത് എന്നതില്‍ കൂടുതല്‍ ഒരു വിവരവും പൊലീസിനില്ല. മൃതദേഹം കണ്ടെത്തുന്നതിനു ദിവസങ്ങള്‍ മുന്‍പു തന്നെ ജൊവന്ന കൊല്ലപ്പെട്ടിരുന്നു.
കാമുകന് ഗ്രെഗ് റിയര്ഡണുമൊത്ത് സമയം ചെലവിട്ട ശേഷം വീട്ടിലേക്ക് പോരുംവഴിയാണ് ജൊവന്നയെ കാണാതായത്. ഒടുവില്‍ അവരെ കണ്ടത് ക്ളിഫ്ടണിലെ ടെസ്കോ എക്സ്പ്രസ് സ്റ്റോറിലാണ്, രാത്രി 8.30ന്. ടെസ്കോ എക്സ്പ്രസ് സ്റ്റോറിലെ സിസി ടിവിയില്‍ ജൊവന്നയുടെ ചിത്രങ്ങള്‍ പതിഞ്ഞിരുന്നു.
കാമുകിയെ വീട്ടിലേക്ക് യാത്രയാക്കിയിട്ട് റിയര്‍ഡണ്‍ ഷെഫീല്‍ഡിലെ കുടുംബവീട്ടിലേക്ക് പോയി. രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കാമുകിയെ കാണാതായ വിവരം അറിയുന്നതും പൊലീസിനെ വിവിരമറിയിച്ചതും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല