ലണ്ടന്‍: ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മരണത്തിനു തൊട്ടുമുന്‍പ് അദ്ദേഹത്തിന്റെ ദേഹത്തുനിന്നെടുത്ത രക്തം പോളണ്ടിലെ പള്ളിയില്‍ തിരുശേഷിപ്പായി സൂക്ഷിക്കും. പാപ്പയുടെ ജന്മനാടാണ് പോളണ്ട്.
രക്തമടങ്ങിയ പളുങ്കുകുപ്പി മാര്‍പാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ച ശേഷമായിരിക്കും ദക്ഷിണ പോളണ്ടിലെ ക്രോകോ നഗരത്തിലുള്ള പള്ളിയില്‍ സ്ഥാപിക്കുക.
ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മരണശേഷം അദ്ദേഹത്തിന്റെ ഹൃദയം വേര്‍പെടുത്തി ജന്മനാട്ടില്‍ കൊണ്ടുപോയി സംസ്‌കരിക്കണമെന്നു ചിലര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വരുന്ന മേയ് ഒന്നിന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. ഇതിനുള്ള ഔദ്യോഗിക ഉത്തരവില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഒപ്പുവച്ചു.
വിശുദ്ധനായി പ്രഖ്യാപിക്കുന്ന നടപടികള്‍ വളരെ നീണ്ടതാണെങ്കിലും ജോണ്‍ പോള്‍ രണ്ടാമന്റെ കാര്യത്തില്‍ അതൊക്കെ വളരെ വേഗം ആരംഭിക്കുകയായിരുന്നു.
പോളണ്ടിലെ വഡോവിസ് നഗരത്തില്‍ 1920 മേയ് 18ന് ജനിച്ച കരോള്‍ യോസേഫ് വോജില ആണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ആയിത്തീര്‍ന്നത്.
താഴ്ന്ന പദവിയിലുള്ള സൈനിക ഉദ്യോഗസ്ഥനായ വോജിലയുടെ ഇളയ മകനായി ജനിച്ച യോസേഫ് സര്‍വകലാശാലാ വിദ്യാര്‍ത്ഥി ആയിരിക്കെയാണ് പോളണ്ട് നാസികളുടെ പിടിയിലമര്‍ന്നത്. തുടര്‍ന്ന് നാലുവര്‍ഷം ഒരു ക്വാറിയില്‍ ജോലി ചെയ്തു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് 1946 നവംബര്‍ ഒന്നിന് പൗരോഹിത്യപ്പട്ടം ആര്‍ച്ച് ബിഷപ്പില്‍ നിന്ന് സ്വീകരിച്ചു. 1964-ല്‍ ആര്‍ച്ച് ബിഷപ്പ് ആയ യോസേഫ് വോജിലയെ 1978 ഒക്‌ടോബര്‍ 16നാണ് മാര്‍പാപ്പയായി തിരഞ്ഞെടുത്തത്. 2005 ഏപ്രില്‍ 2ന് അദ്ദേഹം കാലംചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല