1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2016

അപ്പച്ചന്‍ കണ്ണഞ്ചിറ (പൊന്തഫ്രാക്റ്റ്):അര്‍ബുദ രോഗത്തിന് കീഴടങ്ങി പൊന്തഫ്രാക്റ്റില്‍ നിര്യാതനായ ജോസ് വിന്‌സന്റിനു(48) പൊന്തഫ്രാക്ടില്‍ വെച്ച് മലയാളി സമൂഹം ഫെബ്രുവരി 27 നു ശനിയാഴ്ച വിടയേകും.ഉച്ച കഴിഞ്ഞു 2:00 മണി മുതല്‍ 4:00 മണി വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.ലീഡ്‌സ് രൂപതയിലെ സീറോ മലബാര്‍ ചാപ്‌ളിനായ ഫാ.ജോസഫ് പൊന്നെത്ത് ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും.പൊന്തഫ്രാക്റ്റ് സെന്റ് ജോസഫ്‌സ് ഇടവക വികാരിയും മലയാളികള്‍ക്ക് എപ്പോഴും പ്രോത്സാഹനവും ആത്മീയ മേഖലകളില്‍ സഹായിയും ജോസിനെ രോഗശയ്യയില്‍ ശക്തി പകര്‍ന്നും കുടുംബാംഗങ്ങള്‍ക്ക് സാന്ത്വനവുമായും മിക്കവാറും സന്ദര്‍ശിക്കാറുമുള്ള ഫാ.സൈമണ്‍ ലോഡ്ജ് ശുശ്രുഷകളില്‍ സഹ കാര്‍മ്മീകനാവും.

വെസ്റ്റ് യോര്‍ക്ക്ഷയര്‍ മലയാളി ആസോസ്സിയെഷന്റെ (വൈമ) മുന്‍ സെക്രട്ടറിയും, ആദ്ധ്യാത്മികസാമൂഹ്യജീവകാരുണ്യഇടവക മേഖലകളില്‍ നിറസാന്നിദ്ധ്യമായിരുന്ന ജോസിന്റെ വേര്‍പ്പാട് ഏറെ വേദനയോടെയാണ് മലയാളി സമൂഹം സ്വീകരിച്ചത്. കാഞ്ഞിരപ്പള്ളി രൂപതാംഗമായ ജോസ് നാട്ടില്‍ യുത്ത് മുവ്‌മെന്റിലും ആദ്ധ്യാത്മിക മേഖലകളിലും സജീവമായിരുന്നു.

ലീഡ്‌സില്‍ മലയാളികള്‍ക്കായി ശുശ്രുഷക്ക് ദേവാലയം അനുവദിച്ചു കിട്ടിയിട്ടുള്ളതിനാല്‍അവിടെ വെച്ച് അന്ത്യോപചാര ശുശ്രുഷകള്‍ നടത്തണം എന്ന് സഭാധികാരിക താല്‍പ്പര്യംപ്രകടിപ്പിച്ചെങ്കിലും പൊന്തഫ്രാക്റ്റ് സെന്റ് ജോസഫ് ഇടവകയില്‍ സജീവമായിരുന്ന ജോസ്,പൊന്തഫ്രാക്റ്റ്‌വെയ്ക്ക്ഫീല്‍ഡ് മലയാളികള്‍ക്കിടയില്‍ ആയിരുന്നു കൂടുതലായി ബന്ധപ്പെട്ടു നടന്നിരുന്നത്.സൌഹ്രുദക്കാരുടെയിടയിലും,തന്റെ പള്ളിയിലും വെച്ച് തന്നെയാവണം അന്ത്യോപചാര ശുശ്രുഷകള്‍ എന്ന അഭിലാഷം നിറവേറ്റുവാനുള്ള ആശ്രിതരുടെയും,ബന്ധുക്കളുടെയും താല്‍പ്പര്യപ്രകാരമാണ് പൊന്തഫ്രാക്റ്റില്‍ വെച്ചു തന്നെ അന്ത്യോപചാര ശുശ്രുഷ നടത്തുവാന്‍ തീരുമാനിച്ചത്.

കാഞ്ഞിരപ്പള്ളി രൂപതയില്‍ മുണ്ടക്കയം ഇടവകാംഗവും കാഞ്ഞിരപ്പള്ളിക്കാരുടെ സ്വന്തം അച്ചായനും ആയ ‘ജോസച്ചായന്‍’വിട പറയുമ്പോള്‍ വന്‍ ജനാവലി അന്ത്യോപചാര ശുശ്രുഷകളില്‍ പങ്കു ചേര്‍ന്ന് ആത്മശാന്തിക്കായി പ്രാര്‍ത്തിക്കുവാനും,കുടുംബാംഗങ്ങള്‍ക്ക് സാന്ത്വനം പകരുവാനും ആയി എത്തി ചേരും.ജോസ് വിന്‌സന്റിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വരെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു സദാ സഹായവുമായി ‘വൈമ’ എപ്പോഴും കുടുംബത്തോടൊപ്പം മുന്‍ നിരയില്‍ നിന്ന് നേതൃത്വം നല്‍കുന്നു. കൂടാതെ ഉറ്റ സുഹൃത്തിന്റെ വേര്‍പ്പാടില്‍ ദുംഖിതരായി കഴിയുന്ന പൊന്തഫ്രാക്റ്റ്‌വെയിക്ക്ഫീല്‍ഡ് മലയാളി സമൂഹങ്ങളും സജീവമായി സന്തപ്ത കുടുംബത്തോടൊപ്പം രാപകല്‍എല്ലാ കാര്യങ്ങള്‍ക്കും കൂടെയുണ്ട്.
ജോസ് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്നു.ഭാര്യ ടെസ്സി ജോസ് പിന്റര്‍ഫീല്‍ഡ് ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി സേവനം ചെയ്തു വരുന്നു.ഏക മകന്‍ അശ്വിന്‍ (14)സെന്റ് വില്‍ഫ്രെഡ് കാത്തലിക്ക് സ്‌കൂളില്‍ വിദ്യാര്‍ത്തിയാണ്.

സംസ്‌കാരം പിന്നീട് മുണ്ടക്കയം ഇടവക കുടുംബ കല്ലറയില്‍ നടത്തപ്പെടും.ഞായറാഴ്ചമൃതദേഹം നാട്ടിലേക്ക് അയക്കുവാന്‍ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ‘വൈമ’ ഭാരവാഹികള്‍ അറിയിച്ചു.

പള്ളിയുടെ വിലാസം: സെന്റ് ജോസഫ്‌സ് ആര്‍ സീ ചര്‍ച്ച്, പൊന്തഫ്രാക്റ്റ്, ഡബ്ല്യു.എഫ് 8 1 എന്‍ എല്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.