ലണ്ടന്‍: അമേരിക്കയുടെ പടിഞ്ഞാറന്‍ ഭാഗത്ത് ദുരിതം വിതച്ച് വീശുന്ന ടൊര്ണാഡോയില്പെട്ട് 18 കാരനെ കാണാതായി. ഹൈസ്ക്കൂളിലെ ബിരുദാഘോഷത്തില് പങ്കെടുത്ത് അച്ഛനോടൊപ്പം കാറില്‍ മടങ്ങുകയായിരുന്ന വില്‍ നോര്ടണിനെയാണ് കൊടുങ്കാറ്റ് വലിച്ചുകൊണ്ടുപോയത്. അച്ഛന് മാര്‍ക്ക് തന്റെ മകനെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നതും കൊടുങ്കാറ്റിന്റെ ഭീകരതയും കുടുംബാംഗങ്ങള്‍ മൊബൈല്‍ ഫോണിലൂടെ കേള്‍ക്കുന്നുണ്ടായിരുന്നു.
‘ബലംപ്രയോഗിച്ച് നില്ക്കൂ’ എന്ന് അച്ഛന് സഹോദരനോട് പറയുന്നത് താന്‍ ഫോണിലൂടെ കേള്‍ക്കുന്നുണ്ടായിരുന്നെന്ന് വില്ലിന്റെ സഹോദരി സാറ പറഞ്ഞു. അവര്‍ക്കും ചുറ്റും കൂടിയിരിക്കുന്ന ടൊര്‍ണാഡോയുടെ ശബ്ദവും തനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു. അവരെ വായുചുഴറ്റിയെറിയുന്നതുപോലെയാണ് തനിക്ക് തോന്നിയതെന്നും സാറ വ്യക്തമാക്കി.
മകനെ കാറ്റ് കൊണ്ടുപോകുന്നത് കണ്ട് അച്ഛന് ബോധക്ഷയം സംഭവിച്ചു. തന്റെ കൈകള്‍ വില്ലിന് ചുറ്റുമുണ്ടായിരുന്നെന്നും, അവന്റെ സീറ്റ് ബെല്‍റ്റ് പൊട്ടി സണ്‍റൂഫിലൂടെ അവന് പറന്നകലുന്നത് താന്‍ നോക്കിനില്‍ക്കേണ്ടി വന്നെന്നും മാര്‍ക്ക് പറഞ്ഞു.
അതേസമയം ജോഫ്ലിനിലെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും കഴിഞ്ഞദിവസം ഒരാളെ ജീവനോടെ കണ്ടെത്തിയിട്ടുണ്ട്. താന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് ടൈപ്പ് ചെയ്ത് സുഹൃത്തുക്കള്‍ക്ക് ഇയാള്‍ സന്ദേശമയക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്.
ഈ സ്ഥലത്ത് വീണ്ടും കൊടുങ്കാറ്റുണ്ടായതോടെ മറ്റൊരു ടൊര്‍ണാഡോ കൂടിയുണ്ടാകുമെന്ന ഭീതിയിലാണ് ഇവിടുത്തെ ജനങ്ങള്‍. അതേസമയം, ടൊര്‍ണാഡോ ബാധിത മേഖലയില്‍ ഏതാണ്ട് 117 ആളുകള്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടന് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയാല്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ദുരന്തബാധിത പ്രദേശം സന്ദര്ശിക്കുമെന്നറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല