തിയേറ്ററുകളില്‍ തരംഗം സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന ട്രാഫിക് എന്ന ചിത്രം താനുള്‍പ്പെടെയുള്ള സിനിമക്കാര്‍ക്കുള്ള പാഠമാണെന്ന് നടന്‍ ശ്രീനിവാസന്‍. പരമ്പരാഗത വിശ്വാസങ്ങളുമായി കഴിഞ്ഞുകൂടുന്ന സിനിമാക്കാരെ ചിന്തിപ്പിക്കാന്‍ ഈ ചിത്രം പ്രേരിപ്പിക്കും. എന്നാല്‍ പ്രതിഭയില്ലാത്തവര്‍ക്ക് ഈ സിനിമയെന്നല്ല, ഒരു സിനിമയും പാഠമാകാന്‍ പോകുന്നില്ലന്നും ശ്രീനിവാസന്‍ പറഞ്ഞു.
ഇത്രയും മികച്ച സിനിമ മലയാളത്തില്‍ മുമ്പുണ്ടായിട്ടില്ലെന്ന രീതിയിലാണ് ട്രാഫിക് കണ്ട ഭൂരിപക്ഷം പ്രേക്ഷകരും പറഞ്ഞത്. ഇതൊരു പുതിയ അനുഭവമാണ്. ഇങ്ങനെയും സിനിമയുണ്ടാക്കാമെന്ന തിരിച്ചറിവ് മറ്റ് സിനിമക്കാര്‍ക്ക് നല്‍കും. പ്രതിഭയുള്ള സിനിമക്കാര്‍ക്ക് ഇതൊരു പാഠമാണ്- ശ്രീനിവാസന്‍ പറഞ്ഞു.
തിരക്കഥാ രചന മനുഷ്യ മനഃശാസ്ത്രം പഠിച്ചുകൊണ്ടുള്ള പ്രക്രിയയാണ്. ചില തന്ത്രങ്ങള്‍ വിജയകരമായി പരീക്ഷിക്കുമ്പോഴാണ് ഒരു നല്ല തിരക്കഥ രൂപം കൊള്ളുന്നതും അതൊരു നല്ല സിനിമയായി മാറുന്നതും. തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയും സംവിധായകന്‍ രാജേഷ് പിള്ളയും ഏറെ പരിശ്രമിച്ച്, ചിന്തിച്ചാണ് ട്രാഫിക്ക് സൃഷ്ടിച്ചത്. ലോകസിനിമയില്‍ തന്നെ ഇങ്ങനെ ഒരു ചിത്രം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി പറയാന്‍ കഴിയും.’ ശ്രീനിവാസന്‍ പറഞ്ഞു. ഞാന്‍ എത്രയോ വര്‍ഷമായി സിനിമയുടെ പരിസരത്തുള്ള ആളാണ്.
വ്യത്യസ്തമായ കഥകള്‍ക്ക് വേണ്ടി ശ്രമിക്കാറുണ്ട്. ട്രാഫിക് എന്ന സിനിമയുടെ കഥയോ ആഖ്യാനമോ എനിക്കിതുവരെ ചിന്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ രീതിയില്‍ ഈ സിനിമ എനിക്കും പാഠമാണ്.- ശ്രീനിവാസന്‍ പറഞ്ഞു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല