അലക്‌സ് വര്‍ഗീസ്: ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധച്ച് നജീം അര്‍ഷാദിന്റെ നേതൃത്വത്തിലുള്ള ഗാനമേളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന് ഇന്ന് മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തെ അവിഭാജ്യ ഘടകമായി മാറിയ നജീമിന്റെ ഗാനങ്ങള്‍ ആസ്വദിക്കാന്‍ മാഞ്ചസ്റ്റര്‍ കാതോര്‍ത്തിരിക്കുകയാണ്. നജീം, അരുണ്‍ ഗോപന്‍ (ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം), കൈരളി ടിവിയില്‍ റയിന്‍ ഡ്രോപ്‌സ് എന്ന പരിപാടി അവതരിപ്പിക്കുന്ന വൃന്ദ എന്നിവര്‍ക്കൊപ്പം 8 കലാകാരന്മാരുടെ ലൈവ് ഓര്‍ക്കസ്ട്രയും യുകെയിലെ സംഗീത പ്രേമികള്‍ക്ക് ഹരം പകരും.
നജീമിന്റെ മലയാള സിനിമയിലെ എല്ലാ ഹിറ്റുകളും അതോടൊപ്പം ഗസല്‍, ക്ലാസിക്കല്‍, മെലഡി തുടങ്ങിയവക്കൊപ്പം ഫ്യൂഷന്‍ സംഗീതത്തിന്റെ മാസ്മരികതയും മാഞ്ചസ്റ്റര്‍ മലയാളികള്‍ ആസ്വദിക്കുമെന്ന് കാര്യത്തില്‍ സംശയമില്ല. നജീമിന്റേയും സംഘത്തിന്റേയും വിസ അനുവദിച്ചതോടെ ടിക്കറ്റ് സെയില്‍ ദ്രുതഗതിയിലായതായി സംഘാടകര്‍ അറിയിച്ചു. ഈ മാസം വിവാഹം കഴിഞ്ഞ നജീമിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ തസ്‌നിയും യുകെയില്‍ എത്തും.
ദശസന്ധ്യ എന്ന് നാമകരണം ചെയ്തിരിക്കുന്ന ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ വാര്‍ഷിക സമാപന സമ്മേളനം വിജയകരമാക്കുവാന്‍ പ്രസിഡന്റ് ഡോ. സിബി വേകത്താനത്തിന്റെ നേതൃത്വത്തിലുള്ള ആഘോഷ കമ്മിറ്റി വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ബോള്‍ട്ടണ്‍, മാഞ്ചസ്റ്റര്‍, വിഥിന്‍ഷാ, സാല്‍ഫോര്‍ഡ് തുടങ്ങിയ അസോസിയേഷനുകളിലെ ഭാരവാഹികളും ടിക്കറ്റ് വില്‍പ്പനക്ക് നേതൃത്വം നല്‍കുന്നത് മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയുടെ നവചരിത്രം തന്നെ കുറിക്കപ്പെടുകയാണ്.
ദശസന്ധ്യയുടെ ടിക്കറ്റ് വില്‍പ്പന വളരെ വേഗത്തില്‍ മുന്നേറുകയാണ്. നവംബര്‍ ഏഴിന് വൈകുന്നേരം മൂന്നു മണിക്ക് മാഞ്ചസ്റ്ററിലെ വിഥിന്‍ഷാ ഫോറം സെന്ററില്‍ വച്ചാണ് സമാപന സമ്മേളനവും സംഗീതത്തിന്റെ മാസ്മരിക മേളവും അരങ്ങേറുന്നത്. യേശുദാസിന്റെ ഗാനമേളക്കുശേഷം യുകെയില്‍ പ്രശസ്തനായ ഒരു പിന്നണി ഗായകന്റെ ഗാനമേള അരങ്ങേറുന്നത് ആദ്യമായാണ്. 1000 ത്തോളം കാണികള്‍ക്ക് ഫോറം സെന്ററില്‍ ഇരിക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. സമാപന സമ്മേളനത്തോട് അനുബന്ധിച്ച് മറ്റനവധി കലാപരിപാടികളുമുണ്ട്.
ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സില്‍, സെന്റ് മേരിസ് ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് എന്നിവരാണ് ദശസന്ധ്യയുടെ ഔദ്യോഗിക സ്‌പോണ്‍സര്‍മാര്‍. നവംബര്‍ 8 ന് ഷെഫീല്‍ഡിലും നജീം അര്‍ഷാദ് ഷോ അരങ്ങേറും. പരിപാടിയുടെ വിജയത്തിനായി സാബു കുര്യന്‍ രക്ഷാധികാരിയും ഡോ സിബി വേകത്താനം ചെയര്‍മാനുമായുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്വരം എന്ന സുവനീര്‍ മാഗസിന്റെ പ്രകാശനവും പ്രസ്തുത സമ്മേളനത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അഡ്വ. റെന്‍സണ്‍ തുണ്ടിയാപ്ലാക്കല്‍ (ജെ സെക്രട്ടറി) മായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 07970470891
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല