ഗദ്ദാഫി സൈന്യവും വിമതരും തമ്മില്‍ രൂക്ഷ പോരാട്ടം നടന്ന ട്രിപ്പോളിയിലെ ഒരു ആശുപത്രിയില്‍ നിന്ന് ഇരുനൂറിലധികം മൃതദേഹങ്ങള്‍ കണ്ടെടുത്തു. ആശുപത്രിക്കിടക്കയിലും പാര്‍ക്കിംഗ് ലോട്ടിലുമടക്കം ചിതറിക്കിടക്കുന്ന മൃതശരീരങ്ങളില്‍ ഏറിയ പങ്കും ചീഞ്ഞളിഞ്ഞ നിലയിലാണ്.
സ്ത്രീകളും കുട്ടികളുമടക്കമുള്ള രോഗികളുടെ മൃതദേഹങ്ങള്‍ ആശുപത്രിക്കിടക്കയിലും തറയിലും ചിതറിക്കിടക്കുന്ന നിലയിലാണ്. പാര്‍ക്കിംഗ് ലോട്ടിലും വഴിയിലുമായി ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ ആഫ്രിക്കന്‍ വംശജരായ ഗദ്ദാഫി സൈനികരുടേതാണെന്ന് കരുതുന്നു. പോരാട്ടം കടുത്തതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും ഇവിടം വിട്ട് ഓടിപ്പോയിരിക്കാമെന്നാണ് കരുതുന്നത്.
അബു സലിം പ്രാന്തപ്രദേശത്തുള്ള നാല് നില ആശുപത്രിയാണ് ദുരന്തത്തിന്റെ വേദിയായത്. കുന്നുകൂടിക്കിടക്കുന്ന മൃതദേഹങ്ങള്‍ മറവുചെയ്യാന്‍ അടിയന്തിര സഹായം വേണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ഗദ്ദാഫി എവിടെയെന്ന് കണ്ടുപിടിക്കാന്‍ വിമതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഭൂഗര്‍ഭ തുരങ്കങ്ങള്‍ വഴി ഗദ്ദാഫി രക്ഷപെട്ടിരിക്കാമെന്നാണ് കരുതുന്നത്. ഗദ്ദാഫിയുടെ ബാബ് അല്‍ അസീസിയ കമാന്‍ഡിന് അടിയില്‍ കിലോമീറ്ററുകള്‍ നീളുന്ന ഭൂഗര്‍ഭ പാതകള്‍ വിമതര്‍ കണ്ടെത്തി. ബോംബ് ആക്രമണത്തെ പോലും അതിജീവിക്കാന്‍ കഴിയുന്ന തുരങ്കങ്ങളിലൂടെ ചെറുവാഹനങ്ങള്‍ക്ക് അനായാസം കടന്നു പോകാന്‍ സാധിക്കും. ഇവിടെ നിന്ന് ഗദ്ദാഫിയും കുടുംബവും ഉപേക്ഷിച്ചു പോയതെന്ന് കരുതുന്ന വാഹനങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല