ലിബിയന്‍ നേതാവ് മുഅമര്‍ ഗദ്ദാഫിയും റോമാ നഗരം കത്തിയമര്‍ന്നപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയും തമ്മിലെന്ത്? ഇവര്‍ തമ്മില്‍ രക്തബന്ധമൊന്നും ഇല്ല എങ്കിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സമാനമാണെന്നാണ് ഇപ്പോള്‍ പുറത്തിറങ്ങുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഗദ്ദാഫി പ്രസിഡന്റ് പദവി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി എത്തിയ അന്താരാഷ്ട്ര സമൂഹത്തിന്റെ ദൂതനുമായി ഗദ്ദാഫി ചെസ്സ് കളിച്ചു. പുറത്ത്, ട്രിപ്പോളി നഗരത്തില്‍ നാറ്റൊ സൈന്യവും ഗദ്ദാഫിയുടെ സൈന്യവും കനത്ത ഏറ്റുമുട്ടല്‍ നടക്കുന്ന സമയത്തായിരുന്നു ഈ ചെസ്സ് കളി!
ലോക ചെസ് ഫെഡറേഷന്റെ തലവന്‍ കിര്‍സാന്‍ ഇല്യുമിനോവായിരുന്നു ഗദ്ദാഫിയെ അനുനയിപ്പിക്കാന്‍ ലിബിയയില്‍ എത്തിയത്. ഗദ്ദാഫി അധികാരം ഒഴിയാന്‍ സമ്മതമില്ല എന്ന് വ്യക്തമാക്കി എന്ന് മാത്രമല്ല കിര്സാനോട് ഒരു ഗെയിം കളിക്കാമെന്ന് പറയുകയും ചെയ്തു. രണ്ട് മണിക്കൂറോളം നീണ്ട ഗെയിമില്‍ ആരാണ് ജയിച്ചത് എന്ന് വ്യക്തമല്ല എങ്കിലും ടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിസ്സംഗനായി ഇരുന്ന് ചെസ് ബോര്‍ഡില്‍ മാത്രം ശ്രദ്ധിച്ച് കളിക്കുന്ന ഗദ്ദാഫിയെ ആണ് കാണാന്‍ സാധിക്കുക.
നാറ്റോ സൈന്യം ആക്രമണം ശക്തമാക്കിയതോടെ ഗദ്ദാഫിക്ക് സ്ഥിരമായി താവളങ്ങളില്ല. നാറ്റോ സൈന്യം ആക്രമിക്കില്ല എന്ന് ഉറപ്പുള്ള ആരാധാനാലയങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ലിബിയന്‍ പ്രസിഡന്റ് ഉറങ്ങുന്നത്.
ഇനി “നീറോയുടെ വീണവായന” എന്ന പ്രയോഗം “ഗദ്ദാഫിയുടെ ചെസ്സുകളി” എന്നായി മാറുമോ എന്ന് കാത്തിരുന്നു കാണേണ്ടി വരും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല