അറബിക്കഥയ്ക്കു ശേഷം ഇക്ബാല്‍ കുറ്റിപ്പുറവും ലാല്‍ജോസും ഒന്നിക്കുന്ന ചിത്രത്തിന്റെ മുക്കാല്‍ പങ്കും ചിത്രീകരിച്ചിരിക്കുന്നത് ദുബയിലാണ്. അറബിനാട്ടിലെ ദുരിതപൂര്‍ണ്ണമായ മലയാളി പ്രവാസജീവിതവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയവുമായിരുന്നു അറബിക്കഥയിലെങ്കില്‍ ഡയമണ്ട് നെക്ലേസില്‍ തികച്ചും വ്യത്യസ്തമായ അനുഭവമാണ് തുറന്നുവെക്കുന്നത്.
സമ്പന്നതയുടെ വര്‍ണ്ണക്കാഴ്ച്കളാണ് ചിത്രം പറയുന്നത്. ഈ രണ്ടു സിനിമകളും തമ്മില്‍ പ്രവാസ ജീവിതത്തിന്റെ രണ്ട് എക്‌സ്ട്രീമുകള്‍ക്കപ്പുറം ഒരു താരതമ്യത്തിന്റെ പ്രസക്തിയര്‍ഹിക്കുന്നില്ല. ഡോ അരുണ്‍ കുമാറിന്റെ കുത്തഴിഞ്ഞ ജീവിതം തീര്‍ത്ത ആഘോഷങ്ങളില്‍ മായ, ലക്ഷ്മി, രാജശ്രീ എന്നീ കഥാപാത്രങ്ങള്‍ കടന്നുവരികയും കടന്നുപോവുകയുമാണ്.
കഥയുടെ മുഖ്യ ബിംബമായ് ഡയമണ്ട് നേക്ലേസ് എന്ന ആശയം മുഴുനീളെ നിലനില്‍ക്കുന്നു. ആര്‍ഭാടവും
ആഘോഷവും കൊണ്ട് തിമര്‍ത്തുജീവിച്ച അരുണ്‍ കുമാര്‍ കടക്കാരനായി മാറുന്ന ദുരവസ്ഥയും ചിത്രം പറഞ്ഞുവെക്കുന്നു. ന്യൂ ജനറേഷന്‍ വിഭാഗത്തില്‍ വിലയിരുത്താനാവുന്ന ഈ ചിത്രം പ്രമേയപരമായി വികസിക്കാവുന്നതിന്റെ പൂര്‍ണ്ണത കൈവരിക്കാനാവാതെ വീര്‍പ്പുമുട്ടുന്നുണ്ട്.
ഫഹദിന്റെ ടിപ്പിക്കല്‍ കഥാപാത്രസൃഷ്ടികള്‍ അടിക്കടിവരുന്നത് അഭിനേതാവ് എന്ന നിലയില്‍ ഫഹദിനേയും പ്രമേയ തലത്തില്‍ സിനിമയില്‍ വന്നു പെടാവുന്ന വിരസതയും പ്രദാനം ചെയ്യുന്നുണ്ട്. പുതിയ തലമുറയുടെ ഇഷ്ടസിനിമകളുടെ ലക്ഷണങ്ങളും സ്വഭാവങ്ങളും സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതിലപ്പുറം ഘടനാപരമായ ശൈശവാവസ്ഥ തന്നെയാണ് സിനിമ പ്രധാനം ചെയ്യുന്നത്. മൂന്നു നായികമാരും ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്തിരിക്കുന്നു.
ദുബായ് നഗരത്തിന്റെ സമ്പന്നതയും സൌന്ദര്യവുമൊക്കെ ചിത്രം നന്നായി അനുഭവിപ്പിക്കുമ്പോള്‍ വിദ്യാസാഗറിന്റെ ഗാനങ്ങളൊന്നും വേണ്ടവിധം പ്രേക്ഷകരെ സ്വാധീനിക്കുന്നില്ല.അനിത പ്രൊഡക്ഷന്‍സും എല്‍ജെ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ മുഖ്യ നിര്‍മ്മാണ പങ്കാളി സംവിധായകനായ ലാല്‍ ജോസ് തന്നെയാണ്.
ഒരു സംവിധായകനേക്കാള്‍ ഒരു നിര്‍മ്മാതാവിന്റെ ചില തന്ത്രങ്ങള്‍ കൂടി സിനിമയില്‍ വിളക്കി ചേര്‍ത്ത ഈ ലാല്‍ ജോസ് ചിത്രം ബോറടിപ്പിക്കുന്നില്ല. ചിത്രം തിയറ്ററുകളില്‍ നിലനില്‍ക്കാനുള്ള പ്രവണത കാണിക്കും. കണ്ടിരിക്കാവുന്ന ചിത്രവുമാണ്. ലാല്‍ ജോസ് സിനിമകളുടെ മിനിമം ഗ്യാരണ്ടി ഡയമണ്ട് നെക്ലേസ് അര്‍ഹിക്കുന്നുണ്ട്. അതിലപ്പുറം സിനിമയില്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ തിരിച്ചറിയാതെ ചക്കിനുചുറ്റും കറങ്ങുന്ന കാളകളെപോലെ തങ്ങളുടെ വട്ടത്തില്‍ മാത്രം കറങ്ങിക്കൊണ്ടിരിക്കുന്ന സംവിധായകരില്‍ നിന്ന് ലാല്‍ജോസ് വഴി മാറി നടക്കുന്നുണ്ട്. അത് നല്ല ലക്ഷണമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല