തിരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളിലെന്നപോലെ തമിഴ്‌നാട്ടിലും ഭരണകക്ഷിയുടെ ദയനീയ പരാജയം തന്നെയായിരിക്കും ഉണ്ടാവുകയെന്ന് സൂചന. ആകെയുള്ള 234 സീറ്റുകളില്‍ ഡിഎംകെയും സഖ്യകക്ഷിയും 38 മണ്ഡലങ്ങളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. അതേസമയം എഐഡിഎംകെയും സഖ്യകക്ഷികളും 170മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. ബിജെപിയ്ക്കും മറ്റുള്ളവര്‍ക്കും ഒരിടത്തും ആശയ്ക്ക് വകയില്ല.
അസ്സമില്‍ 126 സീറ്റുകളില്‍ കോണ്‍ഗ്രസ് 61 മണ്ഡലങ്ങളിലും അസം മണപരിഷത്ത് 9 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ബിജെപി എട്ട് മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ക്ക് ഒന്നുമില്ല. തരുണ്‍ ഗോഗി വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായി.
പുതുച്ചേരിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡി.എം.കെ കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ ഒന്‍പത് സീറ്റിലും എ.ഐ.എ.ഡി.എം.കെ സഖ്യകക്ഷികള്‍ അഞ്ചിലും ലീഡ് ചെയ്യുന്നു. ഇവിടെ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
ബുദ്ധദേവ് തോറ്റു; ബംഗാളില്‍ ഇടതുപക്ഷം മണ്ണടിഞ്ഞു
മൂന്ന് പതിറ്റാണ്ടുകാലത്തെ ഇടതുപക്ഷത്തെ തകര്‍ത്തെറിഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് സഖ്യം വിജയക്കൊടി പാറിച്ചു. ജാദവ്പൂര്‍ മണ്ഡലത്തില്‍നിന്ന് ബുദ്ധദേവ് ഭട്ടാചാര്യ തോറ്റതോടെ ഇടതുപക്ഷത്തിന്റെ പരാജയം സമ്പൂര്‍ണമാവുകയായിരുന്നു.
ഫലം പ്രഖ്യാപിച്ച സീറ്റുകളിലെല്ലാം മികച്ച മുന്നേറ്റമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്നത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്കാണ് തൃണമൂല്‍ നീങ്ങുന്നത്. 215 സീറ്റുകളില്‍ തൃണമൂല്‍-കോണ്‍ഗ്രസ്-എസ്.യു.സി.ഐ സഖ്യം മുന്നേറുന്നത്. ഇടതുപക്ഷത്തിന് 73 സീറ്റുകളില്‍ മാത്രമാണ് മുന്നേറ്റമുണ്ടാക്കാനായത്.
അതിനിടെ ബുദ്ധദേവ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ജനം ഇടതുപക്ഷത്തെ തകര്‍ത്തെറിഞ്ഞുവെന്ന് മമതാ ബാനര്‍ജി പറഞ്ഞു. എന്നാല്‍ കനത്ത തോല്‍വിയെക്കുറിച്ച് ഇടതു നേതാക്കളാരും തന്നെ പ്രതികരിച്ചിട്ടില്ല.
ഫലപ്രഖ്യാപനം വന്നുതുടങ്ങിയപ്പോള്‍ തന്നെ തൃണമൂല്‍ പ്രവര്‍ത്തകര്‍ മമതയുടെ വീടിനുമുന്നില്‍ ആഘോഷപ്രകടനങ്ങള്‍ ആരംഭിച്ചിരുന്നു. ഇടതുരാഷ്ട്രീയത്തില്‍ ഈ തോല്‍വി വന്‍ ചലനങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഉറപ്പാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല