പീഡനക്കേസില്‍ നിയമനടപടി നേരിടുന്ന ഐഎംഎഫ് മുന്‍ മേധാവി ഡൊമിനിക് സ്‌ട്രോസ് കാന് കുരുക്കായി ഡിഎന്‍എ പരിശോധനാഫലം. കാന്‍ പീഡിപ്പിച്ചതായി ആരോപണം ഉന്നയിച്ച ഹോട്ടല്‍ ജീവനക്കാരിയുടെ വസ്ത്രത്തില്‍ പുരണ്ട ശരീരസ്രവങ്ങള്‍ കാനിന്റേത് തന്നെയാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. കേസില്‍ ജാമ്യം നേടി ന്യൂയോര്‍ക്കിലെ വീട്ടില്‍ കഴിയുന്ന കനെതിരെ ഇത് സുപ്രധാന തെളിവായി മാറും.
കേസില്‍ ഡിഎന്‍എ പരിശോധനയ്ക്ക് സന്നദ്ധനായ കാനിന്റെ ഡിഎന്‍എ സാമ്പിളും യുവതിയുടെ വസ്ത്രത്തില്‍ പുരണ്ട ശരീരസ്രവവുമാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. കാനും പരാതിക്കാരിയും തമ്മില്‍ ലൈംഗിക ബന്ധത്തിനു ശ്രമിച്ചിരുന്നെന്നതിന് തെളിവാണ് ഈ ഡിഎന്‍എ റിപ്പോര്‍ട്ട്. ഇതോടെ ഇനി യുവതിയുടെ അനുവാദത്തോടെയാണ് താന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് തെളിയിക്കാനാവും കാന്‍ കോടതിയില്‍ ശ്രമിക്കുക.
ഇതിനായി ഹോട്ടല്‍ ജീവനക്കാരിയുടെ പൂര്‍വ്വകാലത്തെക്കുറിച്ച് കാനിന്റെ അഭിഭാഷകര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനായി കാന്‍ അഭിഭാഷകര്‍ വഴി സ്വകാര്യ ഡിറ്റക്ടീവുകളെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്കയില്‍ മാന്‍ഹാട്ടനിലെ ആഡംബര ഹോട്ടലിലെ ജീവനക്കാരിയായ 32കാരിയുടെ പരാതിപ്രകാരമാണ് ഒരാഴ്ചമുമ്പ് കാനിനെ വിമാനത്തില്‍ നിന്നിറക്കി അറസ്റ്റു ചെയ്തത്. ഹോട്ടലിന്റെ ഹാളില്‍ നില്‍ക്കുകയായിരുന്ന തന്നെ കാന്‍ മുറിയിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല