ബീജിംഗ്: അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ന്നതിന്റെ പശ്ചാത്തലത്തില്‍ ഡോളറിനു പകരം പുതിയ കരുതല്‍ കറന്‍സി വേണമെന്ന് ചൈന ആവശ്യപ്പെട്ടു. കഴിഞ്ഞ 70 വര്‍ഷമായി സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ ഏജന്‍സിയുടെ മികച്ച റേറ്റിംഗ് കരസ്ഥമാക്കിയിരുന്ന യു. എസിന്റെ ക്രഡിറ്റ് റേറ്റിങ് ‘AAA’ യില്‍ നിന്നും ‘AA+’ ലേക്ക് കഴിഞ്ഞ ദിവസം താഴ്ന്നതിന്റെ പശ്ചാത്തലത്തിലാണ് ചൈന ഈ പ്രസ്താവന നടത്തിയത്.
ഏതെങ്കിലും രാജ്യംമൂലം സംഭവിക്കാന്‍ ഇടയുള്ള വന്‍ ദുരന്തം ഒഴിവാക്കാനാണ് സ്ഥിരതയുള്ള പുതിയ കറന്‍സി നിശ്ചയിക്കണമെന്ന് ചൈന ആവശ്യപ്പെടുന്നത്. അമേരിക്കന്‍ ഗവണ്‍മെന്റ് യാഥാര്‍ത്ഥ്യത്തിലേക്ക് ഉണരേണ്ടിയിരിക്കുന്നു എന്ന് പരുക്കന്‍ മട്ടിലുള്ള പ്രസ്താവനയില്‍ ചൈനയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ സിന്‍ഹുവ പറയുന്നു.
അമേരിക്കയ്ക്ക് ഏറ്റവുമധികം കടം നല്‍കിയിട്ടുള്ള രാജ്യം ചൈനയാണ്. അതുകൊണ്ടുതന്നെ കടഭാരം മൂലമുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ ആ രാജ്യം തയ്യാറാകണമെന്ന് ആവശ്യപ്പെടാനുള്ള അവകാശം ചൈനക്കുണ്ടെന്നും സിന്‍ഹുവ വ്യക്തമാക്കുന്നു.
സൈനിക ആവശ്യങ്ങള്‍ക്കായുള്ള ഭാരിച്ച ചെലവ് കുറക്കുകയും സാമൂഹിക ക്ഷേമത്തിന് വന്‍ തുക നീക്കിവെക്കുന്നത് വെട്ടിക്കുറക്കുകയും ചെയ്തില്ലെങ്കില്‍ അമേരിക്കയുടെ സാമ്പത്തിക നിലനില്‍പ് കൂടുതല്‍ പരുങ്ങലിലാകും. നിലവില്‍ കരുതല്‍ കറന്‍സി അമേരിക്കന്‍ ഡോളറാണ്. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗില്‍ ഇനിയും ഇടിവുണ്ടായാല്‍ ആഗോള സാമ്പത്തിക മേഖലയുടെ തിരിച്ചു വരവിനെ പ്രതികൂലമായി ബാധിക്കും. ഇത് പുതിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും എന്നതില്‍ സംശയമില്ല. ആഗോള രാജ്യങ്ങള്‍ ആശങ്കയോടെയാണ് ഈ മാറ്റങ്ങളെ വീക്ഷിച്ചു കൊണ്ടിരിക്കുന്നത്-ഏജന്‍സി വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല