എല്ലാ വര്‍ഷവും മിനിസ്ട്രി ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ടെസ്റ്റ് (MOT) നടത്തണമെന്ന നിയമം പരിഷ്‌കരിക്കാന്‍ മന്ത്രിമാര്‍ ആലോചിക്കുന്നു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ വാഹനങ്ങള്‍ പരിശോധന നടത്തണമെന്ന നിര്‍ബന്ധന കൊണ്ടുവരാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ധന വില വര്‍ധിക്കുന്ന ഈ സാഹചര്യത്തില്‍ ഇടയ്ക്കിടെയുള്ള വാഹനപരിശോധന ഉപഭോക്താക്കളുടെ ചിലവ് വര്‍ധിപ്പിക്കുമെന്നതിനാലാണ് പുതിയ തീരുമാനമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഫിലിപ്പ് ഹാമ്മൊണ്ട് പറഞ്ഞു.
എന്നാല്‍ ഈ നിയമത്തില്‍ മാറ്റം വരുത്തുക വഴി വര്‍ഷത്തില്‍ 30 അപകടമരണങ്ങള്‍ കൂടിയുണ്ടാവാനിടയുണ്ടെന്ന് സര്‍ക്കാര്‍ തന്നെ വിലയിരുത്തുന്നുണ്ട്. ഇത് ഗാരേജുകളുടെ ലാഭം കുറയ്ക്കുമെന്നതിനാല്‍ ഗാരേജ് ഉടമകള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. 1960 ല്‍ മോട്ടോര്‍ നിയമങ്ങള്‍ ഉണ്ടാക്കിയതിനുശേഷം കാര്‍ ടെക്‌നോളജി രംഗത്ത് വന്‍ മാറ്റങ്ങളാണുണ്ടായിട്ടുള്ളത്.
അതിനാലാണ് പഴയ നിയമം പരിഷ്‌കരിക്കാന്‍ തങ്ങള്‍ തയ്യാറാവുന്നതെന്ന് ഹാമ്മൊണ്ട് പറഞ്ഞു. ഒരു MOT ടെസ്റ്റിന് 55പൗണ്ട് ചിലവ് വരും. എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ടും ഇത് വര്‍ധിക്കാനിടയുണ്ടെന്നാണ് പല വാഹന ഉപഭോക്താക്കള്‍ പറയുന്നത്. പുതിയ വാഹനം വാങ്ങി മൂന്ന് വര്‍ഷത്തിനു ശേഷം എല്ലാ വര്‍ഷവും MOT ടെസ്റ്റിന് വിധേയമാക്കണം. അല്ലെങ്കില്‍ ഡ്രൈവര്‍ക്ക് നിയമപരമായി ആ വാഹനം ഉപയോഗിക്കാനുള്ള അവകാശമില്ല. ഇതിനുപകരമായി മൂന്ന് നിര്‍ദേശങ്ങളാണ് ഹാമ്മൊണ്ട് മുന്നോട്ടുവച്ചിട്ടുള്ളത്.
ഒരു പുതിയ കാര്‍ നാല് വര്‍ഷത്തിനുശേഷം ആദ്യ ടെസ്റ്റിന് വിധേയമാക്കുകയും പിന്നീട് ഓരോ വര്‍ഷം കൂടുമ്പോഴും ടെസ്റ്റ് നടത്തുകയും ചെയ്യുക എന്നതാണ് ഒന്നാമത്തെ നിര്‍ദേശം. ഇത് വര്‍ഷത്തില്‍ രണ്ട് അപകടമരണങ്ങള്‍ കൂടിയുണ്ടാവാന്‍ കാരണമാകുമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് റിസേര്‍ച്ച് ലബോറട്ടറി നടത്തിയ പഠനത്തില്‍ വ്യക്തമായത്. നാല് വര്‍ഷത്തിനുശേഷം MOT ടെസ്റ്റിന് വിധേയമാക്കുകയും പിന്നീട് രണ്ടു വര്‍ഷത്തിനുശേഷം രണ്ടാമത്തെ ടെസ്റ്റും തുടര്‍ന്നുള്ള കാലങ്ങളില്‍ ഓരോവര്‍ഷവും ടെസ്റ്റും നടത്തുക എന്നതാണ് രണ്ടാമതായി മുന്നോട്ട് വച്ച നിര്‍ദേശം. ഇത് വര്‍ഷത്തില്‍ അഞ്ച് അപകടമരണമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. നാല് വര്‍ഷത്തിനുശേഷം MOT ടെസ്റ്റ് നടത്തുകയും പിന്നീട് രണ്ട് വര്‍ഷം കൂടുമ്പോള്‍ ടെസ്റ്റ് നടത്തുകയും എന്നതാണ് മൂന്നാമത്തെ നിര്‍ദേശം. ഇത് 16 മുതല്‍ 30 വരെ അപകടമരണങ്ങള്‍ക്ക് കാരണമാകുമെന്നാണ് കണ്ടെത്തല്‍. ഇതാണ് കൂടുതല്‍ സ്വീകാര്യമായതെന്നാണ് ഹാമ്മൊണ്ട് ചൂണ്ടിക്കാട്ടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല