സ്വന്തം ലേഖകന്‍: തകര്‍പ്പന്‍ ഫിനിഷിംഗുമായി കേരള ബ്ലാസ്റ്റേര്‍സ്, ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ കെട്ടുകെട്ടിച്ചു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മഞ്ഞക്കടലായപ്പോള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവരെ സാക്ഷി നിര്‍ത്തിയായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം. കൊച്ചിയില്‍ ഒന്‍പതാം മല്‍സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ആറാം വിജയമാണ് സ്വന്തമാക്കിയത്. രണ്ടെണ്ണം സമനിലയിലായി. ഒരെണ്ണത്തില്‍ മാത്രമാണു പരാജയം.
ഗോളൊഴിഞ്ഞ ആദ്യപകുതിക്ക്‌ശേഷം രണ്ടാം പകുതിയിലായിരുന്നു മല്‍സരത്തിലെ നാലു ഗോളുകളും. ജോസു പ്രീറ്റോ (49), മുഹമ്മദ് റാഫി (68), സാഞ്ചസ് വാട്ട് (71) എന്നിവരായിരുന്നു കേരളത്തിന്റെ സ്‌കോറര്‍മാര്‍. നിക്കോളാസ് വെലെസിന്റെ (82) വകയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസഗോള്‍. ഗോളൊന്നും നേടാനായില്ലെങ്കിലും ഇടതുവിങ്ങില്‍ മിന്നല്‍നീക്കങ്ങളുമായി കളംനിറഞ്ഞ മലയാളി താരം സി.കെ. വിനീതും കാണികളുടെ കൈയ്യടി നേടി. സ്‌റ്റേഡിയത്തിലേക്കൊഴുകിയെത്തിയ അറുപതിനായിരത്തിലധികം വരുന്ന കാണികളുടെ പിന്തുണയും ബ്ലാസ്റ്റേഴ്‌സിനെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചു.
കഴിഞ്ഞ സീസണില്‍ രണ്ടു തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും കേരളത്തിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിക്കാനായിരുന്നില്ല. ഗുവാഹത്തിയിലെ സ്വന്തം മൈതാനത്തു വച്ചു നടന്ന ആദ്യ പോരാട്ടത്തില്‍ ആരാധക പിന്തുണയോടെ കളിച്ച നോര്‍ത്ത് ഈസ്റ്റ് ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ മുട്ടുകുത്തിച്ചപ്പോള്‍ കൊച്ചിയില്‍ നടന്ന രണ്ടാം മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
അവസാന നിമിഷങ്ങളില്‍ ഗോളിനായി നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും കേരള പ്രതിരോധം പിടിച്ചുനിന്നു. മികച്ച ചില നീക്കങ്ങളുമായി അവസാന നിമിഷങ്ങളിലും കേരളം കാണികളുടെ കൈയടി നേടി. കളിയുടെ അന്ത്യ നിമിഷങ്ങളില്‍ ജോസു പ്രീറ്റോയെ പിന്‍വലിച്ച് കോയിമ്പ്രയ്ക്കും പരുക്കേറ്റ പീറ്റര്‍ കാര്‍വാലോയ്ക്ക് പകരം ഗുര്‍വിന്ദര്‍ സിങ്ങിനും ബ്ലാസ്‌റ്റേഴ്‌സ് കോച്ച് അവസരം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല