സ്വന്തം ലേഖകൻ: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസാന്ത ആര്‍ഡേന്‍ പങ്കെടുത്ത തത്സമയ ടെലിവിഷന്‍ അഭിമുഖത്തിനിടെ പാര്‍ലമെന്റ് കെട്ടിടത്തെ കുലുക്കി ഭൂചലനം. എന്നാല്‍ പരിഭ്രമമോ ആശങ്കയോ പ്രകടിപ്പിക്കാതെ സ്വാഭാവികമെന്നോണം ജസീന്ത അഭിമുഖം തുടര്‍ന്നു, ഭൂചലനത്തിന്റെ അനുഭവം അവതാരകനുമായി പങ്കുവെച്ചു.
തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് ന്യൂസിലാന്‍ഡില്‍ ലെവിന്‍ മേഖലയ്ക്ക് സമീപം റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂമികുലുക്കമുണ്ടായത്. പാര്‍ലമെന്റ് കെട്ടിടത്തേയും ഭൂകമ്പം കുലുക്കി. ന്യൂസ് ചാനലിന് വേണ്ടി തത്സമയ അഭിമുഖത്തില്‍ പങ്കെടുക്കുകയായിരുന്ന പ്രധാനമന്ത്രിക്കും ഭൂമികുലുക്കം അനുഭവപ്പെട്ടു.
എന്നാല്‍ അതിന്റെ പരിഭ്രമമോ ഭീതിയോ ഒന്നും പ്രധാനമന്ത്രിയുടെ പെരുമാറ്റത്തില്‍ ഉണ്ടായില്ല. ഇവിടെ നല്ലൊരു ഭൂമികുലുക്കമുണ്ടായെന്ന് ജസീന്ത പറഞ്ഞു, എനിക്ക് പിന്നില്‍ സാധനങ്ങള്‍ ചലിക്കുന്നത് കണ്ടോ എന്നും ജസീന്ത ടിവി അവതാരകനോട് ചോദിച്ചു. അപകടകരമായ അവസ്ഥയില്‍ അല്ല താനെന്നും ജസീന്ത അറിയിച്ചു.
ന്യൂസിലാന്‍ഡിന്റെ പ്രധാനമേഖലകളിലെല്ലാം ഭൂമികുലുക്കം അനുഭവപ്പെട്ടിരുന്നു. ശക്തമായ കുലുക്കമാണെങ്കിലും അപകടങ്ങളും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂപ്രദേശത്തിന്റെ പ്രത്യേകത മൂലം വര്‍ഷത്തില്‍ 15,000 ഭൂമികുലുക്കങ്ങള്‍ വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. എന്നാല്‍ 150 എണ്ണം വരെ മാത്രമേ ഇതുവരെ ശക്തമായ തോതില്‍ അനുഭവപ്പെട്ടിട്ടുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല