കരുണാനിധിയുടെ ഡിഎംകെയെ കടത്തിവെട്ടുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി എഐഎഡിഎംകെ പ്രകടന പത്രിക പുറത്തിറങ്ങി. റേഷന്‍ കാര്‍ഡുടമകള്‍ക്ക് 20 കിലോ സൗജന്യ റേഷന്‍ വാഗ്ദാനം ചെയ്ത പാര്‍ട്ടി സെക്രട്ടറി ജയലളിത പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്യാണത്തിന് നാല് ഗ്രാം സ്വര്‍ണത്താലിയും നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ ലാപ്‌ടോപ് നല്‍കുമെന്ന ഡിഎംകെ പ്രകടന പത്രികയിലെ വാഗ്ദാനത്തെയും ജയലളിതയുടെ പാര്‍ട്ടി കടത്തിവെട്ടുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കുമെന്നാണ് ജയയുടെ വാഗ്ദാനം.
വീട്ടമ്മമാര്‍ക്ക് മിക്‌സി, ഗ്രൈന്‍ഡര്‍, ഫാന്‍, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ദിവസവും 20 ലിറ്റര്‍ മിനറല്‍ വാട്ടര്‍, വൃദ്ധര്‍ക്ക് മരുന്ന്. വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം നാലു സെറ്റ് യൂണിഫോമും നാലു ജോഡി ചെരുപ്പും, വീട്ടുകാര്‍ ഉപേക്ഷിച്ച വൃദ്ധര്‍ക്കു മൂന്നുനേരം ഭക്ഷണം. 58 വയസ് പൂര്‍ത്തിയായ പൗരന്‍മാര്‍ക്ക് സൗജന്യ ബസ് യാത്ര എന്നിങ്ങനെ ഡിഎംകെയെ ബഹുദൂരം പിന്നിലാക്കുന്ന വാഗ്ദാനങ്ങളാണ് എഐഎഡിഎംകെയുടെ പ്രകടനപത്രികയിലുള്ളത്.
ഇതിനെല്ലാം പുറമേ പ്രധാന എതിരാളികളായ ഡിഎംകെയ്ക്ക് ഇരുട്ടടിയാകുന്ന ഒരു പ്രഖ്യാപനവും ജയ നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കേബിള്‍ ടിവി ദേശസാത്കരിക്കുമെന്നും, മിതമായ നിരക്കില്‍ എല്ലാ വീടുകളിലും കേബിള്‍ ടിവി സംപ്രേഷണം ഉറപ്പാക്കുമെന്നും പറയുന്നു. കരുണാനിധി-മാരന്‍ കുടുംബത്തിന്റെ ചെല്‍പ്പടിയിലുള്ള സണ്‍ നെറ്റ് വര്‍ക്കും സുമംഗലി കേബിള്‍ വിഷനും ലക്ഷ്യമിട്ടാണ് ജയയുടെ ഈ നീക്കം.
ചുരുക്കത്തില്‍ ജയയുടെ പാര്‍ട്ടി ജയിച്ചാല്‍ തമിഴ്‌നാട്ടിലെ സാധാരണക്കാര്‍ കേബിള്‍ ടിവിയും കണ്ട് വീട്ടില്‍ കുത്തിയിരുന്നാലും പട്ടിണി കിടക്കേണ്ടി വരില്ല!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല