മഹദ്‌വ്യക്തികളുടെ ആത്മകഥകള്‍ വായിച്ച് അവരുടെ ആത്മാവിനെ തൊട്ടറിഞ്ഞ നിങ്ങളുടെ മുമ്പില്‍ വേദനയില്‍ ചാലിച്ച് ഹൃദയത്തില്‍ രേഖപ്പെടുത്തിയ എന്റെ ആത്മകഥ സമര്‍പ്പിക്കുന്നു.
ഞാനൊരു തള്ളക്കോഴിയാണ്. ഇപ്പോള്‍ തലകീഴായി അടുക്കളവശത്തെ ഉത്തരത്തില്‍ കെട്ടിത്തൂക്കപ്പെട്ട നിലയിലാണ്. നിങ്ങള്‍ ദേവപ്രീതിക്കായി ശൂലം തറയ്‌ക്കുന്നതുപോലെ എന്റെ ചുണ്ടിലൂടെ സ്വന്തം തൂവല്‍ തുളച്ചുകയറ്റിയിരിക്കുന്നു. ദൈവം ഞങ്ങള്‍ക്കായി കുറിച്ചു വച്ച ശാരീരിക പ്രതിഭാസം. ‘പൊരുന്ന’ എന്നു നിങ്ങള്‍ വിളിക്കുന്ന അവസ്ഥ ഇല്ലായ്‌മ ചെയ്യാനാണ് എന്റെ ഉടമയെന്ന് അവകാശപ്പെടുന്നയാള്‍ ഈ കടുംകൈ ചെയ്യുന്നത്.
അക്ഷരാഭ്യാസമില്ലാത്തുകൊണ്ട് എന്റെ അനുഭവങ്ങളൊന്നും കുറിച്ചുവയ്‌ക്കാന്‍ കഴിഞ്ഞിട്ടില്ല. ഓര്‍മയുടെ ചെപ്പില്‍ നിന്നും നെയ്‌തെടുക്കുന്ന ഈ അനുഭവക്കുറിപ്പുകള്‍ ആരേയെങ്കിലും വേദനിപ്പിക്കുന്നുവെങ്കില്‍ മാപ്പ്.
എന്റെ അമ്മയ്‌ക്ക് ഞങ്ങള്‍ പതിനൊന്നു മക്കളായിരുന്നു. എല്ലാ കോഴികളേയും പോലെ ഞങ്ങള്‍ക്കും പിതൃത്വം ഒരു ചോദ്യചിഹ്നമായിരുന്നു. ഡി.എന്‍.എ ടെസ്‌റ്റ് നടത്തി അപ്പനാരാണെന്നറിയേണ്ട ആവശ്യം ഒരിക്കലും വന്നിട്ടില്ല.
അമ്മയുടെ ചിറകിനടിയിലെ ചൂടേറ്റു ഞങ്ങള്‍ വളര്‍ന്നു. ആറു സഹോദരങ്ങളെ ശൈശവാവസ്ഥയില്‍തന്നെ പരുന്തും കാക്കയും റാഞ്ചി. ബാക്കിയുള്ള ഞങ്ങളെ ശത്രുക്കളില്‍ നിന്നും രക്ഷിക്കാന്‍ അമ്മ വളരെയേറെ കഷ്ടപ്പെട്ടു. അബലയായ ഒരു തള്ളക്കോഴിക്ക് ദുഷ്ടരുടെ ഇടയില്‍ പിടിച്ചുനില്‍ക്കാന്‍ പരിമിതികള്‍ ഉണ്ടല്ലോ. അമ്മയുടെ പിന്നാലെ നിരനിരയായി നടന്ന് പലതും ഞങ്ങള്‍ കണ്ടുപിടിച്ചു. ചികയുവാനും ഇരതേടാനും പഠിപ്പിച്ചു. തന്റെ മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കുവാന്‍ പ്രാപ്‌തരായിയെന്ന് അമ്മയ്‌ക്കു തോന്നിത്തുടങ്ങി. ഒടുവില്‍ ആ ദിവസം വന്നു. വിടപറച്ചിലിന്റെ നിമിഷം. നാട്യത്തിന്റെ മേമ്പൊടി ചാര്‍ത്തുന്ന റിയാലിറ്റിഷോയിലെ എലിമിനേഷന്‍ റൗണ്ടു പോലല്ല. മറിച്ച് ഇത്രയും നാള്‍ നിധിപോലെ കാത്ത മക്കളെ കൊത്തിപ്പിരിച്ച് ലോകത്തിനു വിട്ടുകൊടുക്കുന്ന നിര്‍ഭാഗ്യവതിയായ അമ്മയുടെ സങ്കടത്തിന്റെ നിമിഷം. എന്നോടല്‍പം വാല്‍സല്യം കൂടുതലായിരുന്നതുകൊണ്ടാവാം എന്നെ അകറ്റുവാന്‍ ഒത്തിരി കഷ്ടപ്പെടേണ്ടതായി വന്നു.
അധികം താമസിയാതെ തന്നെ ഞങ്ങള്‍ സാഹചര്യങ്ങളോടു പൊരുത്തപ്പെട്ടു. ഭക്ഷണത്തിനായി തമ്മില്‍തല്ലി. അമ്മയുമായി പോലും കലഹിച്ചു. സ്വന്തം സഹോദരങ്ങള്‍പോലും ലൈംഗികമായി പീഢിപ്പിച്ചു. നിലനില്‍പായിരുന്നു പ്രധാന പ്രശ്‌നം. ആദ്യമൊക്കെ മനുഷ്യരുടെ സ്‌നേഹവും ബന്ധങ്ങളും കാണുമ്പോള്‍ അസൂയ തോന്നുമായിരുന്നു. എന്നാല്‍ അവരും ഞങ്ങളെ കണ്ട് പഠിക്കാന്‍ തുടങ്ങിയെന്നത് സഹതാപത്തോടെ മാത്രമേ ഞാന്‍ നോക്കിക്കണ്ടിട്ടുള്ളൂ.
ഉടമയുടെ വീട്ടില്‍ അതിഥികളെത്തിയാല്‍ ഞങ്ങളുടെ ചങ്കില്‍ തീയാണ്. പരസ്‌പരം കണ്ണുകള്‍കൊണ്ട് പറയും ഇന്നത്തെ ഊഴം ആരുടേതെന്ന്. ഞങ്ങളിട്ട മുട്ട തിന്നു ചീര്‍ത്ത ഉടമയുടെ പുത്രന്‍ ഓടിച്ചിട്ടു പിടിക്കാന്‍ ശ്രമിച്ചാല്‍ പിന്നെ രക്ഷയില്ല. കപ്പത്തോട്ടത്തിലൂടെയും വാഴത്തോപ്പിലൂടെയും അവന്‍ ഞങ്ങളിലൊരാളെ ഓടിച്ചു പിടിച്ചുകൊണ്ടുപോകും. വൈകിട്ടാകുമ്പോള്‍ അവരുടെ ഊണു മേശയിലെ രുചിയുള്ള വിഭവമായി മാറും. പിറ്റേന്നു രാവിലെ അവര്‍ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടത്തിനായി പരസ്‌പരം പോരടിക്കും.
കാലചക്രത്തിന്റെ വേഗതയില്‍ ഞാനും ഒരു തള്ളക്കോഴിയായി. എന്റെ അമ്മ അനുഭവിച്ച യാതനകളും പിരിമുറുക്കങ്ങളും മാനസ്സികസംഘര്‍ഷങ്ങളും എന്നെയും പിടികൂടി. ഇനിയൊരു ജന്മമുണ്ടെങ്കില്‍ മനുഷ്യവര്‍ഗത്തില്‍ ജനിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ എന്റെ കാഴ്‌ചപ്പാടുകള്‍ മാറിത്തുടങ്ങിയിരിക്കുന്നു.
ഒരുതരത്തില്‍ ചിന്തിച്ചാല്‍ ഞങ്ങളും മനുഷ്യരും തമ്മില്‍ എന്താണു വ്യത്യാസം. അവരും ഞങ്ങളെപ്പോലെ കലഹിക്കുന്നു. മാതാപിതാക്കള്‍ മക്കളെ ഉപേക്ഷിച്ച് കടന്നുകളയുന്നു. മക്കള്‍ മാതാപിതാക്കളേയും തള്ളിക്കളയുന്നു. അപ്പനാരാണെന്നറിയാത്ത മക്കള്‍ പെരുകി വരുന്നു. ലൈംഗിക അരാജകത്വം നടമാടുന്നു. വിവാഹം കഴിക്കാതെ തന്നെ ഇഷ്ടപ്പെടുന്നവന്റെ കൂടെ ജീവിതം ആരംഭിക്കുന്നു.
സ്വയം സംസ്‌കാരമുണ്ടെന്നവകാശപ്പെടുന്ന മനുഷ്യരേ, നിങ്ങളുടെ സംസ്‌കാരത്തിന്റെ കെട്ട് പൊട്ടിച്ചു സ്വയം മൃഗീയവല്‍ക്കരിക്കപ്പെടുകയാണോ?
സങ്കീര്‍ണമായ ഈ ലോകത്തില്‍ അല്‍പായുസ്സുള്ള ഒരു കോഴിക്കുഞ്ഞായി ജനിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇനിയും ഇങ്ങനെതന്നെയാകാന്‍ ഞാനാഗ്രഹിക്കുന്നു.
എന്ന്
സ്വന്തം
കോഴിയമ്മ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല