1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2011


കേരള രാഷ്ട്രീയം സങ്കീര്‍ണ്ണമായ സാഹചര്യത്തിലൂടെ കടന്ന് പോകുന്ന സമയത്താണ് നിയമസഭാ തിരഞ്ഞെടുപ്പിനായി കേളികൊട്ടുയര്‍ന്നത്. ആരോപണ-പ്രത്യാരോപണങ്ങളിലൂടെയും വിവാദങ്ങളിലൂടെയും കോടതി നടപടികളിലൂടെയുമുണ്ടായ അനിര്‍വ്വചനീയമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളത്. ഇതിലെല്ലാം കേന്ദ്ര ബിന്ദുവായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും.

പ്രചാരണത്തിന് തന്ത്രങ്ങള്‍ മെനയാനായി അധികം സമയമൊന്നും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മുന്നിലില്ല. കേവലം 40 ദിവസങ്ങള്‍ മാത്രം. ഇതിനിടെ മുന്നണിയിലെ പടലപ്പിണക്കങ്ങള്‍ തീര്‍ത്ത് സീറ്റ് വിഭജനം പൂര്‍ത്തിയാക്കണം. പിന്നെ സ്ഥാനാര്‍ഥിത്വ പ്രശ്‌നങ്ങളുമുണ്ടാകും. സീറ്റ് വിഭജനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി സജീവ പ്രചാരണത്തിനിറങ്ങിയില്ലെങ്കില്‍ ഓരോ നിമിഷത്തിനും ഇരു മുന്നണികളും വന്‍ വില കൊടുക്കേണ്ടി വരും.

വി.എസ് വീണ്ടും കേന്ദ്ര ബിന്ദു

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വന്‍ ഭൂരിപക്ഷത്തിന് ജയിച്ചത് വി.എസ് തരംഗത്തിലൂടെയായിരുന്നു. അന്ന് സി.പി.ഐ.എം വി.എസിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചെങ്കിലും ശക്തമായ ജനകീയ വികാരത്തിന് മേല്‍ പാര്‍ട്ടിക്ക് തീരുമാനം മാറ്റേണ്ടി വരികയായിരുന്നു. പ്രതിപക്ഷ നേതാവായിരിക്കെ വി.എസ് നടത്തിയ പോരാട്ടങ്ങള്‍ക്കുള്ള ക്രഡിറ്റ് ജനം പാര്‍ട്ടിക്ക് മൊത്തം പതിച്ച് നല്‍കാന്‍ തയ്യാറല്ലായിരുന്നു. അവര്‍ വി.എസിനെ നായക സ്ഥാനത്ത് പ്രതിഷ്ഠിച്ചു. അഴിമതിക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കുമെതിരെ അദ്ദേഹം നടത്തിയ പ്രസംഗങ്ങളും ഇടപെടലുകളും കേരളത്തെ മാറ്റിയെഴുതാന്‍ പര്യാപ്തമായിരുന്നു. വി.എസ് ഉയര്‍ത്തിയ പല പ്രശ്‌നങ്ങളും കേരളം ഏറ്റെടുത്തു.

എന്നാല്‍ അധികാരത്തിലേറിയ വി.എസിന് തന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനായി കൂടുതലൊന്നും മുന്നോട്ട് പോവാന്‍ കഴിഞ്ഞില്ല. പാര്‍ട്ടിയുടെ ശക്തനായ നിയന്ത്രണത്തില്‍ ദുര്‍ബലനായ മുഖ്യമന്ത്രിയാണ് വി.എസ് എന്ന് തോന്നിച്ചു. എന്നാല്‍ പാര്‍ട്ടി നിലപാടുകളെ മറികടന്ന് പല വിഷയങ്ങളിലും സ്വതന്ത്ര നിലപാടുമായി മുന്നോട്ട് പോവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇതോടെ വി.എസിനെതിരെ പാര്‍ട്ടി നടപടി തുടങ്ങി. അദ്ദേഹം രണ്ട് തവണ പി.ബിക്ക് പുറത്തായി. ഇപ്പോഴും പുറത്ത് തന്നെ കഴിയുന്നു. അതേസമയം പാര്‍ട്ടികള്‍ക്കപ്പുറമുള്ള രാഷ്ട്രീയത്തെ കേരളത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരാന്‍ വി.എസിന് കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്.

മൂന്നാര്‍, ലോട്ടറി, ലാവലിന്‍ തുടങ്ങി പാര്‍ട്ടിയെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ പോലും അദ്ദേഹത്തിന്റെ നിലപാടുകള്‍ ഉറച്ചതായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോരാട്ടത്തിന്റെ അങ്ങേത്തലവരെ അദ്ദേഹം പോകുന്നതാണ് പിന്നീട് കണ്ടത്. പക്ഷെ പോരാട്ടത്തിന്റെ ആത്യന്തിക ഫലം ജനത്തിന് നേരിട്ട് കാണാന്‍ കഴിഞ്ഞില്ല.

വി.എസ് ഉയര്‍ത്തിയ രാഷ്ട്രീയത്തെ സി.പി.ഐ.എം അംഗീകരിക്കാത്തിടത്തോളം കാലം അദ്ദേഹത്തിന് മുഖ്യമന്ത്രിയെന്ന നിലയില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പൊതുജനം വിലയിരുത്തിക്കഴിഞ്ഞ കാലത്താണ് പഴയ രണ്ട് കേസുകള്‍ കേരള രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയായത്. ഐസ്‌ക്രീം, ഇടമലയാര്‍. ഐസ്‌ക്രീം കേസ് സംബന്ധിച്ച് ഇന്ത്യാവിഷന്‍ ചാനല്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടുകളും കുഞ്ഞാലിക്കുട്ടിയുടെ സന്തത സഹചാരിയായിരുന്ന പി.എ റഊഫ് നടത്തിയ വെളിപ്പെടുത്തലുകളും വിവാദങ്ങളുടെ കൊടുങ്കാറ്റഴിച്ചുവിട്ടു.

എന്നാല്‍ ഈ വിവാദം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ഗുണകരമാകുന്ന രീതിയില്‍ തിരിച്ചുവിട്ടത് മുസ്‌ലിം ലീഗ് തന്നെയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോഴത്തെ വിവാദമെന്ന് ലീഗ് നേതൃത്വം ആലോചിച്ചുറച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വി.എസിനെ അടിക്കാന്‍ ലീഗ് പ്രയോഗിച്ച തന്ത്രം അദ്ദേഹത്തിന് ഗുണമാകുന്നതാണ് പിന്നീട് കണ്ടത്. പെണ്‍വാണിഭക്കാരെ കയ്യാമം വെക്കുമെന്ന വി.എസിന്റെ പ്രസ്താവന ജനം വീണ്ടും ഓര്‍ത്തു. ഐസ്‌ക്രീം കേസ് ശക്തമായി ഉന്നയിക്കാനും വി.എസ് തീരുമാനിച്ചു.

ഇടമലയാര്‍ കേസ്

പ്രതിപക്ഷ നേതാവും പിന്നീട് മുഖ്യമന്ത്രിയായും വി.എസ് നടത്തിയ പോരാട്ടത്തിന്റെ ഫലമായിരുന്നു ഇടമലയാര്‍ കേസിലെ ബാലകൃഷ്ണപ്പിള്ളയുടെ ജയില്‍ വാസം. കേസ് നടത്തുകയും അതില്‍ വിജയിക്കുകയും ചെയ്ത വി.എസിന് വീണ്ടും നായക പരിവേശം ലഭിച്ചു. ബാലകൃഷ്ണപ്പിള്ളിയും വി.എസാണ് തന്നെ വേട്ടയാടിയതെന്ന് വെളിപ്പെടുത്തി. ബാലകൃഷ്ണപ്പിള്ള തുടക്കം മാത്രമാണെന്നും ഇനിയും യു.ഡി.എഫ് നേതാക്കള്‍ ജയിലിലേക്ക് പോകുമെന്നും വി.സും പ്രഖ്യാപിച്ചു. ഇതോടെ ചിത്രം ഏറെക്കുറെ പൂര്‍ത്തിയായി. കേരള രാഷ്ട്രീയത്തില്‍ കള്ള നാണയങ്ങള്‍ക്കെതിരെ ആത്മാര്‍ഥമായി നീക്കം നടത്തുന്ന രാഷ്ട്രീയ നേതാവായി വി.എസിനെ കാണാന്‍ കേരളത്തിലെ പൊതുജനം നിര്‍ബന്ധിതമായി.

വി.എസ് മത്സരിക്കുമോ

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനേറ്റ ശക്തമായ തിരിച്ചടി ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ വി.എസിനെ മത്സരത്തിനിറക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നു തുടങ്ങി. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ പിണറായിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷത്തിന് എന്നും ശല്യക്കാരനായിരുന്നു വി.എസ്. കേരളത്തിലെ ഇടതു സര്‍ക്കാറിന്റെ രാഷ്ട്രീയ നിലപാടുകള്‍ സി.പി.ഐ.എമ്മിന്റെ(ചില നേതാക്കളുടെ)താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിയെഴുതണമെന്ന നിര്‍ബന്ധത്തിന് മുന്നില്‍ വഴങ്ങാന്‍ വി.എസ് തയ്യാറായിരുന്നില്ല. ലോട്ടറി, ലാവലിന്‍ തുടങ്ങിയ വിഷയങ്ങളില്‍ ഒരു നീക്കുപോക്കിനും വി.എസ് തയ്യാറല്ലായിരുന്നു. പാര്‍ട്ടിയുടെ അച്ചടക്കത്തിന്റെ ഉരുക്കുമുഷ്ടിക്ക് മുന്നില്‍ വി.എസിനെ തളക്കാന്‍ കഴിയില്ലെന്ന് സി.പി.ഐ.എം തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. പാര്‍ട്ടിയില്‍ വന്‍ തോതില്‍ പ്രവര്‍ത്തകര്‍ കൊഴിഞ്ഞ പോയ കാലം കൂടിയായിരുന്നു അത്. വി.എസിനെതിരെ പാര്‍ട്ടിയെടുക്കുന്ന ഓരോ നീക്കങ്ങളും നൂറ് കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ പാര്‍ട്ടി വിരുദ്ധരാക്കി മാറ്റി. പക്ഷെ വി.എസ് മാത്രം പുറത്ത് പോയില്ല.

തിരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പിച്ച സി.പി.ഐ.എം ഔദ്യോഗിക പക്ഷം വി.എസിന്റെ യുഗം ഇതോടെ അവസാനിക്കുമെന്നും കണക്കുകൂട്ടിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട് പി.ബിക്ക് പുറത്തിരിക്കുന്ന വി.എസ് ദുര്‍ബലനായിരിക്കുമെന്നും അവര്‍ കണക്കുകൂട്ടി. എന്നാല്‍ സി.പി.ഐ.എം ഔദ്യോഗിക പക്ഷത്തിന്റെ കണക്കുകൂട്ടലുകള്‍ എല്ലാം അട്ടിമറിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തുന്നത്. വി.എസിനെ മത്സരിപ്പിച്ചാല്‍ വീണ്ടും ജയിച്ചുവരാമെന്ന സാഹചര്യമാണുള്ളത്. അത് കണ്ടില്ലെന്ന് വെക്കാന്‍ സി.പി.ഐ.എമ്മിന് അങ്ങിനെയൊന്നും കഴിയില്ല.

എന്നാല്‍ വി.എസ് വീണ്ടും ജയിച്ചുവന്നാല്‍ അദ്ദേഹം ദുര്‍ബലനായിരിക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. തന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമായിരിക്കും അദ്ദേഹത്തിന്റെ തിരിച്ചെത്തല്‍. സി.പി.ഐ.എമ്മിന്റെ ഈ ഭയത്തിനാണോ അതോ ഇടതുപക്ഷം വീണ്ടും വരണമെന്ന ആഗ്രഹത്തിനാണോ മുന്‍തൂക്കമെന്നതിനെ ആശ്രയിച്ചിരിക്കും വി.എസിന്റെ സ്ഥാനാര്‍ഥിത്വം.

യു.ഡി.എഫിന് വന്ന് പെട്ട ദുര്‍ഗതി

പടിക്കല്‍ കലമുടക്കുന്ന സ്ഥിതിയിലാണ് യു.ഡി.എഫ് ഇപ്പോള്‍ വന്ന് പെട്ടിട്ടുള്ളത്. സി.പി.ഐ.എം നേതാക്കളുടെ നിലപാടിനെതിരെ ഉയര്‍ന്ന ശക്തമായ ജനവികാരത്തില്‍ രണ്ട് തിരഞ്ഞെടുപ്പുകള്‍ തൂത്ത് വാരിയ യു.ഡി.എഫിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നു കൊടുത്താല്‍ ജനം വിജയിപ്പിക്കുമായിരുന്നു. മുന്നണിക്കുള്ളില്‍ എന്ത് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതെല്ലാം മറന്ന് ജനം അവര്‍ക്ക് വോട്ട് ചെയ്യുമെന്ന ഉറച്ച നിലപാടിലായിരുന്നു. തിരഞ്ഞെടുപ്പില്‍ സുഗമമായ ഒരു വാക്കോവര്‍ പ്രതീക്ഷിച്ചിരുന്ന യു.ഡി.എഫിന് തലയില്‍ ഇടിത്തീ വീഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ആദ്യം ഐസ്‌ക്രീം, പിന്നെ ഇടമലയാര്‍, പിന്നെ പാമോലിന്‍ അങ്ങിനെ യു.ഡി.എഫ് നേതാക്കളെയെല്ലാം പ്രതിക്കൂട്ടില്‍ കയറ്റുന്ന തരത്തില്‍ വിവാദങ്ങളും കോടതി വിധികളുമുണ്ടായി.

ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിക്കാനോ മറികടക്കാനോ ശക്തമായ ഒരു വിഷയം ഉന്നയിക്കാനോ പോലും കഴിയാത്ത സ്ഥിതിയിലാണ് പ്രതിപക്ഷം. മന്ത്രിമാര്‍ക്കെല്ലാര്‍ക്കുമെതിരെ നേരത്തെയെല്ലാം പറഞ്ഞ് പതഞ്ഞ ആരോപണങ്ങളാണുള്ളത്. വി.എസ് ആണെങ്കില്‍ വലിയ പ്രതിച്ഛായയോടെ നില്‍ക്കുന്നു. വി.എസ് തിളങ്ങിനില്‍ക്കുന്ന സമയത്ത് മറ്റാര്‍ക്കെതിരെയും ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ലെന്ന് യു.ഡി.എഫ് കരുതി. അങ്ങിനെയാണ് വി.എസിന്റെ മകനെതിരെ ശക്തമായ ആക്രമണവുമായി രംഗത്തു വരാന്‍ യു.ഡി.എഫ് തീരുമാനിച്ചത്. അതിനായി ഒരു സബ്കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു യു.ഡി.എഫ്. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ആ കമ്മിറ്റിയിലുണ്ടായിരുന്നു. വി.എസ് അഴിമതിക്കാരനാണെന്ന് കുഞ്ഞാലിക്കുട്ടി ജനങ്ങളോട് പറഞ്ഞാലുള്ള അവസ്ഥയിലായി കാര്യങ്ങള്‍. ഇവിടെയും യു.ഡി.എഫ് തന്ത്രം പാളി. ഇപ്പോഴുണ്ടായ യു.ഡി.എഫ് വിരുദ്ധ വികാരത്തെ മറികടക്കാന്‍ പര്യമാപ്തമായ ഇടപെടലുകള്‍ ഇതുവരെ അവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നതാണ് സത്യം.

ഏതായാലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിലേക്ക് കേരളം നീങ്ങുകയാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും തെരുവില്‍ കൊമ്പുകോര്‍ക്കും. വിവാദങ്ങളും വെളിപ്പെടുത്തലുകളും ഇനിയമുണ്ടാകും. ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും ജനവിധിയുടെ ഗതിയെന്നാണ് ഇപ്പോള്‍ വിലയിരുത്താനാവുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.