1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2011

ലണ്ടന്‍: ചില തിരുത്തലുകളോട് സര്‍ക്കാര്‍ പ്രഖ്യാപിച്ച എന്‍.എച്ച്.എസ് പരിഷ്‌കാരങ്ങള്‍ ഉടന്‍ നടപ്പാക്കും. സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങള്‍ പരിശോധിച്ച പുനഃപരിശോധനാ കമ്മിറ്റി നല്‍കിയ നിര്‍ദേശങ്ങള്‍ പരിഗണിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തും.

ജിപിമാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുക എന്ന നിര്‍ദേശം സാവധാനമേ നടപ്പിലാക്കുകയുള്ളൂ. ജിപിമാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിനെ ടോറീസും ലിബറല്‍ ഡെമോക്രാറ്റുകളും ശക്തമായി എതിര്‍ത്തതാണ് ഇതിന് കാരണം. വേനലവധിക്ക് പാര്‍ലമെന്റ് പിരിയുന്നതിന് മുമ്പ് തന്നെ പ്രഖ്യാപിത പരിഷ്‌കാരങ്ങള്‍ നിയമമാക്കാനാണ് തീരുമാനം.

കണ്‍സര്‍വേറ്റീവുകളും ലിബറലുകളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് പ്രധാന കാരണങ്ങളിലൊന്ന് എന്‍.എച്ച്.എസ് പരിഷ്‌കാരങ്ങളിലുള്ള വിയോജിപ്പായിരുന്നു. ജിപിമാര്‍ക്ക് എന്‍.എച്ച്.എസ് ബജറ്റ് കൈകാര്യം ചെയ്യാനുള്ള അധികാരം പൂര്‍ണമായി നല്‍കുന്നതുപോലുള്ള പരിഷ്‌കാരങ്ങള്‍ എന്‍.എച്ച്.എസിന്റെ സ്വകാര്യവത്കരണത്തിലേക്കാവും നയിക്കുകയെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ സമ്മേളനങ്ങളില്‍ എന്‍.എച്ച്.എസ് പരിഷ്‌കാരങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പരിഷ്‌കാരങ്ങള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കിയത്.

പരിഷ്‌കാരങ്ങള്‍ പണത്തിന് കൂടുതല്‍ മൂല്യം നല്‍കുന്നതും, സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതുമായിരിക്കണമെന്നാണ് ടോറികള്‍ പറയുന്നത്.

ഈ പരിഷ്‌കാരങ്ങള്‍ പരിശോധിക്കാനായി സര്‍ക്കാര്‍ എന്‍.എച്ച്.എസ് ഫ്യൂച്ചര്‍ ഫോറം എന്ന പാനലിനെ ചുമതലപ്പെടുത്തുകയായിരുന്നു. കമ്മിറ്റി നിര്‍ദേശിച്ച പ്രധാന മാറ്റങ്ങള്‍ താഴെപറയുന്നവയാണ്.

എന്‍.എച്ച്.എസില്‍ ഹെല്‍ത്ത് സെക്രട്ടറിക്കുണ്ടാവേണ്ട നിയമപരമായ ഉത്തരവാദിത്തം പുനഃസ്ഥാപിക്കും.

പുതിയ പരിഷ്‌കാരങ്ങള്‍ 2013ല്‍ കൊണ്ടുവരാനുള്ള തീരുമാനം മാറ്റി. പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനായി കമ്മീഷനിംങ് ഗ്രൂപ്പുകളെ നിയമിക്കും. ബജറ്റ് കൈകാര്യം ചെയ്യാന്‍ താല്‍പര്യം ഇല്ലാത്ത ജിപിമാരെ നിര്‍ബന്ധിച്ച് ഉത്തരവാദിത്തം എല്‍പ്പിക്കില്ല.

കൗണ്‍സിലുകള്‍ രൂപം കൊടുക്കുന്ന ഹെല്‍ത്ത് ആന്റ് വെല്‍ബിയിംങ് ബോര്‍ഡിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്തും. രോഗികളുടെ അഭിപ്രായങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കും.

കമ്മീഷനിംങ് ഗ്രൂപ്പിന്റെ തീരുമാനപ്രകാരമായിരിക്കും ജിപിമാര്‍ക്ക് അധികാരം നല്‍കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.