കിസാന്‍ തോമസ്: അദ്ധ്യാത്മിക നിറവില്‍ കലയും,നൃത്തവും സുവിശേഷ പൊന്‍മഴയായി പെയ്തിറങ്ങിയ വര്‍ണ്ണാഭമായ സായാഹ്നത്തില്‍ ഡബ്ലിനിലെ സീറോ മലബാര്‍ സമൂഹത്തിന്റെ മൂന്നാമത് ബൈബിള്‍ കലോത്സവത്തിന് സമാപനം.
ലോകത്തിലെങ്ങും നാഥന് സാക്ഷ്യമേകാനുള്ള സന്തോഷത്തിന്റെ സദ്വാര്‍ത്ത വിളംബരം ചെയ്യാനുതകുന്ന സംഗീതവും, നൃത്ത നൃത്യങ്ങളും, നര്‍മ്മവും, നാടകാവിഷ്‌കരണവുമൊക്കെയായി ഡബ്ലിനിലെ ,ലൂക്കന്‍,താല,ബ്ലാക്ക്‌റോക്ക് സെന്റ് വിന്‍സന്റ്‌സ്, ബ്ലാഞ്ചസ്‌ടൌണ്‍, സ്വോര്‍ഡ്‌സ്, ഫിസ്ബറോ, ബൂമൌണ്ട്,ഇഞ്ചിക്കോര്‍,ബ്രേ എന്നി ഒന്‍പത് കേന്ദ്രങ്ങളില്‍ നിന്നായെത്തിയ നൂറുകണക്കിന് അത്മായ പ്രവര്‍ത്തകര്‍ ബൂ മൌണ്ടിലെ ആര്‍ട്ടൈന്‍ ഹാളിനെ അക്ഷരാര്‍ഥത്തില്‍ കലയുടെ കനക ചിലങ്കയണിയിച്ചു.
കൊച്ചു കുട്ടികള്‍ മുതല്‍ പ്രായ ഭേദമന്യേ എല്ലാ ടീമുകളും അവതരിപ്പിച്ച കലാ പരിപാടികള്‍ വിശ്വാസദീപ്തമായിരുന്നു.തങ്ങള്‍ ലോകത്തെവിടെയായിരുന്നാലും കേരള സഭ പകര്‍ന്നു തന്ന വിശ്വാസ പാരമ്പര്യം കാത്തു സൂക്ഷിക്കുമെന്ന തീഷ്ണമായ പ്രതിജ്ഞയുടെ പ്രഖ്യാപനം കൂടിയായി കലാ പ്രകടനങ്ങള്‍.
സീറോ മലബാര്‍ സഭയുടെ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍.ഫാ.ആന്റണി പെരുമായന്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷ് ഭദ്രദീപം തെളിയിച്ച് ബൈബിള്‍ കലോത്സവത്തിന്റെ ഔപചാരികമായ ഉത്ഘാടനം നിര്‍വഹിച്ചു.സീറോ മലബാര്‍ സഭാ ചാപ്ലൈന്‍സ് ഫാ.ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍,ഫാ,ജരാര്‍ദ് ഡീഗന്‍,),ടോണി തോമസ് (ബൂമോണ്ട് )ജോണ്‍ സൈജോ(ഫിബ്‌സ്ബറോ)ആതിര ടോമി( ബൂമോണ്ട് ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സഭാ ട്രസ്റ്റി സെക്രട്ടറി മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ചാപ്ലൈന്‍ ഫാ.ജോസ് ഭരണികുളങ്ങര സ്വാഗതവും പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അഗസ്റ്റ്യന്‍ കുരുവിള നന്ദിയും പറഞ്ഞു.
ബൈബിള്‍ കലോത്സവവേദിയില്‍ ബൈബിള്‍ ക്വിസ് 2014 ല്‍ മൂന്ന് വിഭാഗങ്ങളിലായി വിജയികളായവര്‍ക്കുള്ള സമ്മാനദാനവും നടത്തപ്പെട്ടു.ജൂനിയര്‍ സെര്‍ട്ട്, ലീവിംഗ് സെര്‍ട്ട് എന്നിവയില്‍ ഹയ്യര്‍ ലെവലില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരെ കലോത്സവ വേദിയില്‍ ആദരിച്ചു.
വിവാഹ ജീവിതത്തിന്റെ രജത ജൂബിലി ആഘോഷിച്ച ദമ്പതിമാരെയും ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല