സുജു ജോസഫ്: അവധിയാഘോഷത്തിന് കലാശക്കൊട്ടാവാന്‍ മഴവില്‍ സംഗീതം ജൂണ്‍ നാല് ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നര മണിക്ക് ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി സെന്ററിലാണ് അരങ്ങേറുക . എണ്‍പതുകളില്‍ മലയാള സിനിമയിലെ പ്രണയ നായകനായി നിറഞ്ഞു നിന്ന ശ്രീ ശങ്കര്‍ മുഖ്യാതിഥിയായിയെത്തുന്നതോടെ ബോണ്‍മൗത്ത് സാക്ഷ്യം വഹിക്കുന്നത് വലിയൊരു സംഗീത മാമാങ്കത്തിന്. പ്രണയനായകനൊപ്പം അതിഥികളായെത്തുന്നത് യുകെ മലയാളികള്‍ക്ക് അഭിമാനമായ മുന്‍ ക്രോയിഡോണ്‍ മേയറും കൗണ്‍സിലറുമായ ശ്രീമതി മഞ്ജു ഷാഹുല്‍, യുകെ മലയാളി സംഘടനകളുടെ ദേശീയ പ്രസ്ഥാനമായ യുക്മയുടെ ദേശീയ ഉപാധ്യക്ഷന്‍ ശ്രീ മാമന്‍ ഫിലിപ്പ്, ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മുന്‍ പ്രൈവറ്റ് സെക്രെട്ടറി ശ്രീ രാജഗോപാല്‍ കോങ്ങാട് തുടങ്ങിയ പ്രമുഖരാണ്.
മഴവില്‍ സംഗീതത്തിന്റെ തുടര്‍ന്നുമുള്ള പ്രചാരണാര്‍ത്ഥം യുകെയിലെ പ്രശസ്ത കീബോര്‍ഡ് കലാകാരനായ ശ്രീ സന്തോഷ് നമ്പ്യാര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച മനോഹരമായ തീം സോംഗ് മുഖ്യാതിഥി ശ്രീ ശങ്കര്‍ യുകെ മലയാളികള്‍ക്കായി സമര്‍പ്പിക്കും. മഴവില്‍ സംഗീതത്തിന്റെ നാലാം എഡിഷനാണ് ഇക്കുറി ബോണ്‍മൗത്തില്‍ അരങ്ങേറുക. യുകെയിലെ നാല്പതോളം വരുന്ന പ്രമുഖ ഗായകര്‍ അണിനിരക്കുന്ന സംഗീത സായാഹ്നത്തില്‍ വളര്‍ന്നു വരുന്ന പുതുമുഖ ഗായകര്‍ക്കും അവസരമൊരുക്കുന്നു. ഗാനങ്ങള്‍ക്ക് പുറമേ ചടുല നൃത്ത രംഗങ്ങളുമായി നിരവധി കലാകാരന്മാര്‍ മഴവില്‍ സംഗീത വേദിയെ പ്രകമ്പനം കൊള്ളിക്കാനെത്തും.
ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി ഹാളില്‍ മൂന്നര മണിക്ക് മഴവില്‍ സംഗീതത്തിന്റെ സാരഥി ശ്രീ അനീഷ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ആരംഭിക്കുന്ന സംഗീത പരിപാടിയുടെ ഉത്ഘാടനം ശ്രീ ശങ്കര്‍ നിര്‍വ്വഹിക്കും. ക്രോയിഡോണ്‍ മുന്‍ മേയറും കൗണ്‍സിലറുമായ ശ്രീമതി മഞ്ജു ഷാഹുല്‍, യുക്മ ദേശീയ ഉപാദ്ധ്യക്ഷന്‍ ശ്രീ മാമന്‍ ഫിലിപ്പ്, ശ്രീ രാജഗോപാല്‍ കോങ്ങാട് തുടങ്ങിയവര്‍ മഴവില്‍ സംഗീതത്തിന് ആശംസകള്‍ അര്‍പ്പിക്കും. സൗജന്യ കാര്‍ പാര്‍ക്കിങ്ങും വിശാലമായ സൗകര്യങ്ങളുമുള്ള കിന്‍സണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ മിതമായ നിരക്കില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഭക്ഷണ ശാലയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ യുകെ മലയാളികളെയും മഴവില്‍ സംഗീത സായാഹ്നത്തിലെക്ക് സവിനയം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല