ഓൺലൈൻ വ്യാപാരം ശക്തമായതോടെ വ്യാപകമായ പേ ഓൺ ഡെലിവറി സംവിധാനം ഇനിമുതൽ തീവണ്ടി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ഉപയോഗിക്കാം. ഇന്ത്യൻ റയിൽവേ കാറ്റെറിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് പേ ഓൺ സംവിധാനം അവതരിപ്പിച്ചു.
ക്രെഡിറ്റ് കാർഡുകൾ ഓൺലൈൻ ഇടപാടുകൾക്ക് ഉപയോഗിക്കാൻ താത്പര്യം ഇല്ലാത്തവർക്കും നെറ്റ്ബാങ്കിംഗ് സൗകര്യം ഇല്ലാത്തവർക്കും വേണ്ടിയാണ് പുതിയ സംവിധാനം എന്ന് റയിൽവേ അറിയിച്ചു.
സാധാരണ മട്ടിൽ ഇന്ത്യൻ റയിൽവേ കാറ്റെറിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ ബെബ്സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയും ടിക്കറ്റ് കയ്യിൽ കിട്ടുമ്പോൾ പണം നൽകുകയുമാണ് ചെയ്യേണ്ടത്.
പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതി ഇപ്പോൾ 200 നഗരങ്ങളിൽ ലഭ്യമാണ്. റിസർവേഷൻ കൗണ്ടറുകളിലെ തിക്കും തിരക്കും കുറക്കാൻ പുതിയ സൗകര്യം സഹായകരമാകും എന്ന് ഇന്ത്യൻ റയിൽവേ കാറ്റെറിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ അറിയിപ്പിൽ പറയുന്നു.
സ്ലീപ്പർ ക്ലാസ് ടിക്കറ്റിന് 40 രൂപയും എസി ടിക്കറ്റുകൾക്ക് 60 രൂപയും സർവീസ് ചാർജ് ഈടാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല