1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2011

എയര്‍പോര്‍ട്ടുകളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇനി കൂടുതല്‍ ജാഗരൂകരാവേണ്ടിവരും. യാത്രക്കാരുടെ ബാഗുകളും ശരീരവും മാത്രമല്ല ഇനി ആന്തരാവയവങ്ങള്‍ കൂടി പരിശോധിക്കേണ്ടതായിവരും. കാരണം തീവ്രവാദികള്‍ ശരീരത്തിനുള്ളില്‍ ഉറപ്പിച്ച നിലിയില്‍ ബോംബുമായെത്തി വിമാനം തകര്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ബാഗിലോ, ഷൂവിനുള്ളിലോ, അടിവസ്ത്രത്തിലോ എളുപ്പം പിടിക്കപ്പെടാത്ത മറ്റ് സ്ഥലത്തോ ബോംബുകള്‍ സൂക്ഷിച്ചാണ് ഇതുവരെ തീവ്രവാദികള്‍ വിമാനങ്ങളും, ട്രെയിനുകളും ബസും ബോംബിട്ട് തകര്‍ത്തത്.

എന്നാല്‍ ഇനി തീവ്രവാദികള്‍ സ്വന്തം ശരീരം കീറിമുറിച്ച് അതിനുള്ളില്‍ ബോംബുവച്ച് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് യു.എസ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മെയില്‍ പാക്കിസ്ഥാനില്‍വച്ച് ലാദന്‍ കൊല്ലപ്പെട്ടതിനുശേഷം അധികൃതര്‍ സദാ ജാഗ്രതയിലാണ്. എയര്‍പോര്‍ട്ടിലെയും, സര്‍ക്കാര്‍ കെട്ടിടങ്ങളിലെയും മറ്റ് പൊതുസ്ഥലങ്ങളിലെയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ശരീരത്തിനുള്ളില്‍ ബോംബ് സൂക്ഷിച്ചും തീവ്രവാദികള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് സുരക്ഷ ഇനിയും ശക്തമാക്കണമെന്നാണ് സൂചിപ്പിക്കുന്നത്.

എയര്‍പോര്‍ട്ടുകളില്‍ ബോഡി സ്‌കാനേഴ്‌സ് സ്ഥാപിച്ചതാണ് ശരീരത്തിനുള്ളില്‍ ബോംബ് വച്ച്പിടിപ്പിച്ച് ആക്രമണം നടത്താന്‍ തീവ്രവാദികളെ പ്രേരിപ്പിച്ചതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. പുരുഷ തീവ്രവാദികള്‍ അപ്പെന്റിക്‌സിനടുത്തോ, നിതംബത്തിലോ ബോംബുകള്‍ സൂക്ഷിക്കാനാണ് സാധ്യത. സ്ത്രീകള്‍ ബ്രസ്റ്റിലും ബോംബ് വച്ചുപിടിപ്പിക്കാനിടയുള്ളതായാണ് കരുതുന്നത്.

ബോംബുകള്‍ ശരീരത്തിനുള്ളിലേക്ക് വയ്ക്കാനായി തീവ്രവാദികള്‍ ഒരു ഓപ്പറേഷന്‍ നടത്തും. ബോംബ് വയ്ക്കാനുദ്ദേശിക്കുന്ന ഭാഗത്ത് ഒരു ചെറിയ കവറിലാക്കി PETN വച്ചതിനുശേഷം തുന്നിച്ചേര്‍ക്കുകയാണ് ചെയ്യുക. പിന്നീട് സാധാരണ ഓപ്പറേഷനുള്ള ട്രീറ്റ്‌മെന്റിനും വിധേയരാകും. ബോംബ് പൊട്ടിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് വച്ച് ഈ ഉറകളിലേക്ക് TAPT ഇഞ്ചക്ട് ചെയ്യും. ഇങ്ങനെ ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്ക് സംശയമുണ്ടാകാനുള്ള സാധ്യതയും കുറവാണ്. ഇയാള്‍ പ്രമേഹരോഗിയോ മറ്റോ ആണെന്നേ ആളുകള്‍ കരുതൂ.

2001ല്‍ അമേരിക്കന്‍ എയര്‍ലൈനില്‍ ബോംബിടാന്‍ അല്‍ക്വയ്ദ ഷൂ ബോംബര്‍ റിച്ചാര്‍ഡ് റെയ്ഡ് ശ്രമിച്ചപ്പോള്‍ അതിന് ഉപയോഗിച്ചത് PETN ആയിരുന്നു. ഇന്റലിജന്‍സ് മുന്നറിയിപ്പ് ലഭിച്ചശേഷം യു.എസിലും, അന്തര്‍ദേശീയ തലത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിദേശരാജ്യത്തുനിന്നുവരുന്നവരെയാണ് കൂടുതല്‍ പരിശോധനയ്ക്ക് വിധേയരാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.